അങ്ങേയറ്റം വരേണ്യബോധത്തിൽ നിന്നാണ് സിഐ സാജൻ സേവ്യർ ദളിതുകളോട് ഇടപെടുന്നത്; വിസി ജെന്നി

പെട്ടി അവർക്കും താക്കോൽ നമുക്കും എന്നൊക്കെ പറയുമ്പോലെ, ഫലത്തിൽ സി.പി.ഐ.എം ബ്രാഹ്മണ്യത്തെ സംരക്ഷിക്കുന്ന നിലപാടാണ് അന്നും എടുത്തത്.

അങ്ങേയറ്റം വരേണ്യബോധത്തിൽ നിന്നാണ് സിഐ സാജൻ സേവ്യർ ദളിതുകളോട് ഇടപെടുന്നത്; വിസി ജെന്നി


ടയമ്പാടി ആത്മാഭിമാന കൺവെൻഷനിൽ പോലീസ് അതിക്രമങ്ങൾക്ക് ഇരയായ ദളിത് ഭൂ അവകാശ സമര മുന്നണി പ്രവർത്തക തനിക്കു നേരിട്ട പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

ജാതി എത്ര മാത്രം തീവ്രമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വടയമ്പാടിയിലെ ദളിത് ദരിദ്ര ജനവിഭാഗങ്ങൾ നടത്തുന്ന ജാതി മതിൽ വിരുദ്ധ സമരം. കാലങ്ങളായി തങ്ങൾ ഉപയോഗിച്ചു പോന്നിരുന്ന പൊതു ഭൂമി എൻഎസ്എസ് വ്യാജ പട്ടയം സമ്പാദിച്ചു കൈക്കലാക്കിയതിനെതിരെയാണ് ദളിത് ജനത ദളിത് ഭൂ അവകാശ സമര മുന്നണി രൂപികരിച്ചു സമരം നടത്തുന്നത്. അവരുടെ ആരാധനാ സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ഒക്കെ നിഷേധിച്ചു കൊണ്ടാണ് എൻ.എസ്.എസ് അവിടെ പ്രവർത്തിക്കുന്നത്. അതിനെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. ആ സമരത്തെയാണ് പിണറായി വിജയൻറെ പൊലീസ് അടിച്ചമർത്താൻ ശ്രമിക്കുന്നത്.

ജാതി ജന്മിത്തം അവസാനിപ്പിച്ചുവെന്നും ദളിതുകൾക്കും ഭൂരഹിതരായ ആളുകൾക്കും ഇവിടെ ഭൂമിയിലുള്ള അവകാശം സ്ഥാപിച്ചുവെന്നും പറയുന്നൊരു സമൂഹത്തിലാണ് ദളിതുകൾ ജാതിപരമായ ഈ അടിച്ചമർത്തലും സാമൂഹികപരമായ വിവേചനവും അനുഭവിക്കുന്ന കാഴ്ച നമ്മൾ കാണുന്നത്. ഈ വിഷയങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനും എല്ലാവരും ഈ സമരത്തോട് ഐക്യപ്പെടുന്നതിനും വേണ്ടിയാണ് ഒരു ദളിത് ആത്മാഭിമാന കൺവെൻഷൻ ഇവിടെ നടത്താൻ തീരുമാനിച്ചത്. ഈ കൺവെൻഷനെയാണ് ഇവിടത്തെ സവർണ്ണ സംഘടനകളും പിണറായിയുടെ പൊലീസും ചേർന്ന് അടിച്ചമർത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് സിപിഐഎം അങ്ങോട്ടേക്ക് വരുന്നതും മാർച്ച് നടത്തുന്നതും. ഒരു വർഷമായി നടന്നു വരുന്ന ഒരു സമരമാണിത്. ഇത് വരെ ഇവരാരും അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അന്നവർ പറഞ്ഞ വാചകം ഭജനമഠം മൈതാനം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുക എന്നാണ്. അത് ഭജനമഠം മൈതാനമല്ല, വടയമ്പാടി പൊതു മൈതാനമാണ്. അതവർ പറയുന്നതേയില്ല. അപ്പോൾ അത് പോലും എൻഎസ്എസ്സിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ചാണ് അവർ പറയുന്നത്. പി രാജീവ് അടക്കമുള്ള നേതാക്കൾ വന്നു സംസാരിച്ചത് പട്ടയത്തിന്റെ വിഷയമവിടെ നിൽക്കട്ടെ, അത് കോടതി പരിഹരിക്കും, അതൊഴിച്ചുള്ള ബാക്കി കാര്യങ്ങൾക്ക് തീരുമാനമാക്കാം എന്നാണ്. ദളിതുകൾക്ക് കയറാനുള്ള അനുവാദം വാങ്ങാം എന്നൊക്കെയാണ്. അതായത് പെട്ടി അവർക്കും താക്കോൽ നമുക്കും എന്നൊക്കെ പറയുമ്പോലെ. ഫലത്തിൽ സി.പി.ഐ.എം ബ്രാഹ്മണ്യത്തെ സംരക്ഷിക്കുന്ന നിലപാടാണ് അന്നും എടുത്തത്.

ഇതിനു ശേഷമാണ് ഒരു ദളിത് ആത്മാഭിമാന കൺവെൻഷൻ നടത്താൻ നമ്മൾ തീരുമാനിക്കുന്നതും ഇതേ സർക്കാർ അതിനെ ക്രൂരമായി അടിച്ചമർത്തുന്നതും. നമുക്ക് വടയമ്പാടിയിലേക്ക് കടക്കാനോ, അവിടെ സമരം ചെയ്തു കൊണ്ടിരുന്ന അവിടുത്തെ ആൾക്കാരെ പോലും അവിടെ നിൽക്കാനോ അവർ അനുവദിച്ചില്ല. മുഴുവൻ പേരെയും അറസ്റ്റ് ചെയ്തു. ശാരീരികമായി എല്ലാവരെയും ഉപദ്രവിച്ചു. അതിൽ തന്നെ സി.ഐ സാജൻ സേവ്യർ ഞങ്ങളോട് കാണിച്ചത് അങ്ങേയറ്റം ക്രൂരമായ പ്രവർത്തികളാണ്. അയാൾ ആർ.എസ്.എസ്സുകാരോട് അച്ചാരംവാങ്ങിയിട്ട് തന്നെയാണ് ദളിതുകളോടിത് ചെയ്യുന്നത്. സ്ത്രീകളോടൊക്കെ അങ്ങേയറ്റം മോശമായാണ് അയാൾ പ്രതികരിച്ചത്. എന്നെ ശാരീരികമായി ഉപദ്രവിച്ചു. ഉടുപ്പൊക്കെ വലിച്ചു കീറി. അയാൾക്ക് ഞങ്ങൾ ദളിത് സ്ത്രീകൾ നാറുന്നു എന്നാണ് അയാൾ പറഞ്ഞത്. എന്തുമാത്രം അസഭ്യം ഞങ്ങളെ പോലീസുകാർ പറഞ്ഞെന്നോ? അതിൽ തന്നെ സി.ഐ സാജൻ സേവ്യറാണ് ഏറ്റവും കൂടുതൽ ഞങ്ങളെ ഉപദ്രവിച്ചത്. വനിതാ പോലീസുകാരൊന്നുമല്ല, ആണുങ്ങളാണ് ഞങ്ങളെ അടിച്ചത് മുഴുവൻ. രോഗിയായ ഡോക്റ്റർ ഹരിയെയൊക്കെ വലിച്ചിഴച്ചു മർദ്ദിക്കുകയാണ് ചെയ്തത്. വഴിയിൽ കൂടി പിടിച്ചു വലിച്ചൊക്കെയാണ് അവർ ആ മനുഷ്യനെ ഇടി വണ്ടിയിൽ കയറ്റിയത്.

ഇതേ സാജൻ സേവ്യറാണ് സമര സമിതി നേതാവായ ജോയിയേയും അന്ന് അറസ്റ്റ് ചെയ്തു കൊണ്ട് പോയത്. അയാളാണ് അത്രേം മോശമായി ദളിതുകളോട് ഇടപെടുന്നത്. അദ്ദേഹം എന്നൊന്നും അയാളെ വിളിക്കാൻ പോലും പറ്റില്ല. അയാളെ സസ്‍പെൻഡ് ചെയ്യണം എന്നാണ് ഞങ്ങളുടെ ആവശ്യം. അങ്ങേയറ്റം വരേണ്യബോധത്തിൽ നിന്നാണ് അയാൾ ദളിതുകളോട് ഇടപെടുന്നത്. അന്ന് സി.പി.എം നടത്തിയ മാർച്ച് പോലും ഇതേ ബ്രഹ്മണ്യ ബോധത്തിൽ നിന്നുള്ളതാണ്. ഇവിടെ ജാതിയോ ജാതി മതിലോ ഒന്നുമില്ല എന്നാണ് അന്നവർ പറഞ്ഞത്. ഇതിനെയൊരു ദളിത് പ്രശ്നമായി പോലും കണ്ടില്ല അന്നവർ. ശരിക്കും എൻ.എസ്.എസ്സിന് വേണ്ടിയാണ് അന്നവർ അവിടെ വന്നു സംസാരിച്ചതെന്നും ജെന്നി നാരദ ന്യൂസിനോട് പറഞ്ഞു.

Read More >>