3000ൽ അധികം യാക്കോബായ വിശ്വാസികൾ ഉള്ള വരിക്കോലി പള്ളി 35 കുടുംബങ്ങൾ ഉള്ള ഓർത്തഡോക്സ് സഭയ്ക്ക്!

സ്വയം പ്രഖ്യാപിത സവർണ്ണരെന്ന് അവകാശപ്പെടുന്ന ഇരുകൂട്ടരും നടത്തുന്ന 'വിശ്വാസ സംരക്ഷണം' ക്രമസമാധാന പ്രശ്നങ്ങൾ ആയി പലപ്പോഴും മാറാറുണ്ട്. എറണാകുളം വരിക്കോലി പള്ളിയിലെ സഭാ തർക്കമാണ് ഏറ്റവും പുതിയ വിഷയം.

3000ൽ അധികം യാക്കോബായ വിശ്വാസികൾ ഉള്ള വരിക്കോലി പള്ളി 35 കുടുംബങ്ങൾ ഉള്ള ഓർത്തഡോക്സ് സഭയ്ക്ക്!

സഭാ പാരമ്പര്യത്തിന്റെ പൗരാണികതയിൽ ഊറ്റം കൊള്ളുന്ന യാക്കോബായ ഓർത്തഡോക്സ് സഭകൾ പരസ്പരം കലഹിച്ച് സ്വത്ത്, അധികാരം എന്നിവയ്ക്ക് വേണ്ടി നടത്തുന്ന തർക്കങ്ങൾക്ക് വർഷങ്ങളുടെ പാരമ്പര്യമാണുള്ളത്. സ്വയം പ്രഖ്യാപിത സവർണ്ണരെന്ന് അവകാശപ്പെടുന്ന ഇരുകൂട്ടരും നടത്തുന്ന 'വിശ്വാസ സംരക്ഷണം' ക്രമസമാധാന പ്രശ്നങ്ങൾ ആയി പലപ്പോഴും മാറാറുണ്ട്. എറണാകുളം വരിക്കോലി പള്ളിയിലെ സഭാ തർക്കമാണ് ഏറ്റവും പുതിയ വിഷയം. ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി മലങ്കര സഭയിലെ പള്ളികൾ 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു. ഇത് പ്രകാരം പാത്രിയർക്കീസ് കക്ഷി അഥവാ യാക്കോബായ കക്ഷികളുടെ പള്ളികളിന്മേലുള്ള അവകാശങ്ങൾ, ഭരണം എന്നിവ പ്രത്യക്ഷത്തിൽ നഷ്ട്ടപെട്ടു. തുടർന്ന് വരിക്കോലി പള്ളി ഓർത്തഡോക്സ് വിഭാഗം കൈവശപ്പെടുത്തുകയും യാക്കോബായ വിഭാഗം നിലവിൽ ഭരിക്കുന്ന പള്ളികളിൽ സ്ഥാപിച്ചിരിക്കുന്ന അധികാര ചിഹ്നങ്ങൾ ഓർത്തഡോക്സ് സഭ നശിപ്പിക്കുകയും ചെയ്യുകയുമുണ്ടായി.

എന്നാൽ യാക്കോബായ സഭയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾ പറയുന്നത്. കോടതി വിധി വന്നതിനു ശേഷം രാത്രിയുടെ മറവിൽ വരിക്കോലി പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ഓമല്ലൂരിൽ കബറടങ്ങിയിരിക്കുന്ന ബാവായുടെ തിരുശേഷിപ്പ് യാക്കോബായ സഭ മോഷ്ടിച്ചു കൊണ്ട് പോയെന്നും തുടർന്ന് നിരന്തരം പള്ളിയെ ദ്രോഹിക്കുന്ന നടപടികളാണ് യാക്കോബായ സഭാ വിശ്വാസികളിൽ നിന്നും ഉണ്ടാകുന്നതെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ ദിവസം പള്ളിയുടെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന നെയിം ബോർഡിൽ കരി ഓയിൽ ഒഴിച്ചതിനു പിന്നിലും സിസി ടിവി ക്യാമറ നശിപ്പിച്ചതിന് പിന്നിലും യാക്കോബായ സഭയാണെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം.വരിക്കോലി പള്ളിയിയുടെ മുന്നിലെ ബോർഡിൽ കരി ഓയിൽ ഒഴിച്ച നിലയിൽ

അതേസമയം 700ൽ അധികം ഇടവക കുടുംബങ്ങൾ ഉള്ള 3000ൽ അധികം യാക്കോബായ വിശ്വാസികൾ ഉള്ള വരിക്കോലി പള്ളിയിൽ കേവലം 35 കുടുംബങ്ങൾ മാത്രമാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾ ആയിട്ടുള്ളത്. കോടതി വിധി വന്നപ്പോൾ തന്നെ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ പള്ളിയിൽ നിന്ന് മാറി നിൽക്കുകയാണ് യാക്കോബായ സഭാ വിശ്വാസികൾ. ശവമടക്കുവാൻ പോലും നിവൃത്തി ഇല്ലാത്ത അവസ്ഥയിലാണ് നിലവിൽ യാക്കോബായ വിശ്വാസികൾ. മരിക്കുന്ന ആളുകൾക്ക് ക്രിസ്ത്രീയ വിശ്വാസ പ്രകാരം ചെയ്യേണ്ട അടിസ്ഥാന കർമ്മങ്ങൾ പോലും പള്ളിയിൽ വെച്ച് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും യാക്കോബായ വിഭാഗം വിശ്വാസികൾ പറഞ്ഞു.ഓമല്ലൂർ ബാവായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം

നിലവിൽ പള്ളിയോടു ചേർന്ന് ഉള്ള ഒരു ഷെഡ് പോലുള്ള ഹാളിൽ ആണ് യാക്കോബായ വിഭാഗം കുർബാന അർപ്പിക്കുന്നത്. പള്ളിയിൽ കരി ഓയിൽ ഒഴിച്ചതും സിസിടിവി ക്യാമറ തകർത്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ പള്ളിയിൽ ആര് എന്ത് കാണിച്ചാലും അത് യാക്കോബായക്കാരുടെ തലയിൽ ആണ് വരിക, അങ്ങനെ വരുത്താൻ വേണ്ടി ഓർത്തഡോക്സ് വിഭാഗം ബോധപൂർവ്വം ചെയ്തതാണ് ഇതെന്നാണ് യാക്കോബായ വിഭാഗം നൽകുന്ന വിശദീകരണം. യാതൊരു വിധ തർക്കങ്ങൾക്കോ പ്രശ്നങ്ങൾക്കോ തങ്ങൾ നിൽക്കുന്നില്ലെന്നും ദൈവം എല്ലാം കാണുന്നുണ്ടെന്നും അന്തിമ വിജയം സത്യത്തിന്റെ ഭാഗത്ത് ആയിരിക്കുമെന്നും അത് തങ്ങൾക്കായിരിക്കുമെന്നും യാക്കോബായ വിഭാഗം വൈദീകൻ ഫാദർ ബൈജു നാരദന്യൂസിനോട് പ്രതികരിച്ചു.

അന്ത്യോഖ്യ പാത്രിയർക്കീസിനെ അംഗീകരിക്കാത്ത ഓർത്തഡോക്സ് വിഭാഗവും ബാവ കക്ഷിയും തമ്മിലുള്ള തർക്കങ്ങളിൽ മരണം പോലുള്ള വൈകാരിക കാര്യങ്ങളിൽ പോലും തർക്കങ്ങൾ നിലനിൽക്കുകയാണ്. മരിച്ചാൽ അന്തിമ കർമ്മം പോലും അർപ്പിക്കാൻ സഭാ വിശ്വാസികൾക്ക് കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. അധികാരങ്ങൾക്കും സ്വത്തിനും അപ്പുറം വിശ്വാസങ്ങളുടെ കാര്യങ്ങളിലെങ്കിലും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം എന്നാണ് നിഷ്പക്ഷ വിശ്വാസികളുടെ ആവശ്യം.

Read More >>