ജീവനക്കാരികള്‍ ആസിഡ് കഴിച്ച സംഭവം; വാണിയംകുളം പികെ ദാസ് മെഡി.കോളേജ് ചികിത്സാ ചെലവായി ആവശ്യപ്പെട്ടതു ലക്ഷങ്ങള്‍

'പോയതു പോയി, ഇനി പരാതിപ്പെട്ടിട്ട് എന്ത് കാര്യം... രോഗം ഭേദമായെന്ന് പറഞ്ഞാണ് പി കെ ദാസില്‍ നിന്ന് അവര്‍ ഡിസ്ചാര്‍ജാക്കിയത്. രണ്ടര ലക്ഷത്തോളം രൂപ അടയ്ക്കാനും പറഞ്ഞു. വീണ്ടും രോഗം കൂടി അവിടെ എത്തിച്ചപ്പോള്‍ ചികിത്സ നല്‍കാനും തയ്യാറായില്ല. അവര്‍ വലിയ ആളുകളാണ്. അവര്‍ക്കെതിരേയൊന്നും പരാതിപ്പെടാന്‍ എന്നെ പോലുള്ളവര്‍ക്ക് കഴിയില്ല.' സൗമ്യയുടെ അച്ഛന്‍ നാരായണന്‍ പറഞ്ഞു.

ജീവനക്കാരികള്‍ ആസിഡ് കഴിച്ച സംഭവം; വാണിയംകുളം പികെ ദാസ് മെഡി.കോളേജ് ചികിത്സാ ചെലവായി ആവശ്യപ്പെട്ടതു ലക്ഷങ്ങള്‍

നെഹ്റു ഗ്രൂപ്പിനു കീഴിലുള്ള വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ വച്ച് ആസിഡ് കഴിച്ച് ചികിത്സയിലായിരുന്ന രണ്ടു റേഡിയോളജിസ്റ്റുകളോടും മെഡിക്കല്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടത് ലക്ഷങ്ങളുടെ ചികിത്സാ ചെലവ്. ഇതില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരു റേഡിയോളജിസ്റ്റ് കഴിഞ്ഞദിവസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍വച്ച് മരിച്ചിരുന്നു. മയിലുംപുറം ആംഗളൂര്‍ നാരായണന്റേയും പാറുക്കുട്ടിയുടേയും മകളായ സൗമ്യ (21)യാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ മയിലുംപുറത്തെ വീട്ടിലെത്തിച്ച സൗമ്യയുടെ മൃതദേഹം ഇന്ന് രാവിലെ സംസ്‌കരിച്ചു.

കഴിഞ്ഞ ഫിബ്രുവരി നാലിനാണ് പി കെ ദാസ് മെഡിക്കല്‍ കോളേജിലെ റേഡിയോളജിസ്റ്റുകളായ സൗമ്യയേയും മായന്നൂര്‍ പാറമേല്‍പ്പടി രജീഷിന്റെ ഭാര്യ ഐശ്വര്യയേയും (21) ജോലി സ്ഥലത്തുവച്ച് ആസിഡ് അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരും ഇതെ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു.

എന്നാല്‍ കുറച്ചുനാള്‍ മുമ്പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും വീട്ടില്‍ചെന്നു മരുന്നു കഴിച്ചാല്‍ മതിയെന്നും പറഞ്ഞ് സൗമ്യയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അത്രയും ദിവസം ചികിത്സിച്ചതിന്റെ ചെലവായി രണ്ടര ലക്ഷത്തോളം രൂപ ബില്‍ അടക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ബില്‍ അടക്കാന്‍ നിര്‍വ്വാഹമില്ലെന്നു വീട്ടുകാര്‍ പറഞ്ഞപ്പോള്‍ നിരവധി പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങിയാണ് ഡിസ്ചാര്‍ജ് നല്‍കി പറഞ്ഞയച്ചത്.

വീട്ടിലെത്തിയ സൗമ്യ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇതേ ആശുപത്രിയില്‍ തന്നെ എത്തിച്ചെങ്കിലും അവിടെ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. നില ഗുരുതരമാണെന്നും ത്യശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുമായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് തൃശ്ശൂരിലെ മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ സൗമ്യ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയ സൗമ്യയെ ചൊവ്വാഴ്ച്ച ഉച്ചയോടെ പരിശോധനക്കായി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് നില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിച്ചത്.

'പോയതു പോയി, ഇനി പരാതിപ്പെട്ടിട്ട് എന്ത് കാര്യം... രോഗം ഭേദമായെന്ന് പറഞ്ഞാണ് പി കെ ദാസില്‍ നിന്ന് അവര്‍ ഡിസ്ചാര്‍ജാക്കിയത്. രണ്ടര ലക്ഷത്തോളം രൂപ അടയ്ക്കാനും പറഞ്ഞു. വീണ്ടും രോഗം കൂടി അവിടെ എത്തിച്ചപ്പോള്‍ ചികിത്സ നല്‍കാനും തയ്യാറായില്ല. അവര്‍ വലിയ ആളുകളാണ്. അവര്‍ക്കെതിരേയൊന്നും പരാതിപ്പെടാന്‍ എന്നെ പോലുള്ളവര്‍ക്ക് കഴിയില്ല.' സൗമ്യയുടെ അച്ഛന്‍ നാരായണന്‍ പറഞ്ഞു.

'ജോലി വേണ്ടെന്നു വച്ചപ്പോള്‍ രണ്ടു പേരുടേയും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കാതെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പിടിച്ചുവച്ചതും ആത്മഹത്യക്കു കാരണമായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് സ്ഥലവാസിയും അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ കെ കെ കുഞ്ഞന്‍ പറഞ്ഞു. ഇതിന്റെ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സൗമ്യയോടെപ്പം ആസിഡ് കഴിച്ച നിലയില്‍ കണ്ടെത്തിയ കൂട്ടുകാരി ഐശ്വര്യ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഒന്നര ലക്ഷത്തോളം രൂപ ഇവരോടും ചികിത്സ ഫീസായി ആവശ്യപ്പെട്ടിരുന്നു. പണം അടക്കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മനപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായിരുന്നു.

കൂട്ടുകാരികള്‍ എന്ന നിലയില്‍ പിരിയാന്‍ പറ്റാത്തതാണ് മജിസ്ട്രേറ്റിനു നല്‍കിയ മരണ മൊഴിയില്‍ ഇവര്‍ പറഞ്ഞിരിക്കുന്നതെന്നും സൗമ്യയുടെ മരണത്തെ തുടര്‍ന്ന് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങിയതായും കേസ് അന്വേഷിക്കുന്ന ഒറ്റപ്പാലം സിഐ അബ്ദുല്‍ മുനീര്‍ പറഞ്ഞു.

പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ ഭാരത് സേവക് സമാജിന്റെ റേഡിയേഷന്‍ കോഴ്സ് പഠിച്ചിരുന്നവരാണ് ഇരുവരും. പഠനത്തിനു ശേഷം റേഡിയേഷന്‍ വിഭാഗത്തില്‍ ജോലിക്കു കയറുകയായിരുന്നു. ഇരുവരും ജോലിയില്‍ രാജിവയ്ക്കാന്‍ കത്തു നല്‍കിയിരുന്നു. ജോലിയിലെ അവസാന ദിവസമാണ് ഇരുവരേയും ആസിഡ് അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ കണ്ടെത്തിയത്.


Read More >>