മലയാളിയുടെ കപട സദാചാരം പൊളിയുന്ന സര്‍വ്വെയുമായി മനോരമ: 'പ്രണയിച്ചവരെ ചുംബിച്ചിട്ടുണ്ടോ?' വനിതയുടെ ചോദ്യം; അതിനപ്പുറവും സാധാരണമെന്ന് 59 ശതമാനം ക്യാംപസ്

ആലിംഗന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്യാംപസുകളില്‍ മലയാള മനോരമ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ 43 ശതമാനം പേരും പ്രണയിക്കുന്നയാളെ ചുംബിച്ചിട്ടുണ്ട്. 'അതിനപ്പുറം പോയിട്ടുണ്ട്' എന്ന് 16 ശതമാനം. 21.9 ശതമാനം പെണ്‍കുട്ടികളുടേയും അടുത്ത സുഹൃത്ത് ആണ്‍കുട്ടികളാണെന്നും സര്‍വ്വേ ഫലം.

മലയാളിയുടെ കപട സദാചാരം പൊളിയുന്ന സര്‍വ്വെയുമായി മനോരമ:

മലയാളിയുടെ കപട സദാചാരം പൊളിച്ച് മലയാള മനോരമ വനിത സര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പ്രണയിച്ചയാളെ ചുംബിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 16 ശതമാനം പേരും അതിനപ്പുറം പോയിട്ടുണ്ട് (രതിയിലേര്‍പ്പെടാറുണ്ട്) എന്ന് തുറന്നു സമ്മതിച്ചു. മലയാളിയുടെ കപട സദാചാരത്തിന്റെ മുഖംമൂടി അഴിക്കുന്നതാണ് സര്‍വ്വേ റി്‌പ്പോര്‍ട്ട്. പ്രണയിച്ചയാളെ 59 ശതമാനം പേരും ചുംബിച്ചിട്ടുണ്ട്. എല്ലാം വിവാഹ ശേഷം എന്നു പറയുന്നവര്‍ ഇപ്പോഴും 20 ശതമാനമുണ്ടെന്നും 21 ശതമാനം പേര്‍ക്ക് ഇനിയും ആദ്യ ചുംബനം ലഭിച്ചിട്ടില്ലെന്നും സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത്, നന്നായി പാടിയതിന് പെണ്‍സുഹൃത്തിനെ ആലിംഗനം ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കിയ മാനേജ്‌മെന്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സര്‍വ്വേ മനോരമ നടത്തിയത്. അഭിനന്ദിക്കാനായി പെണ്‍സുഹൃത്തിനെ ആലിംഗനം ചെയ്തത് തെറ്റാണോ എന്ന ചോദ്യത്തിനു 87.5 ശതമാനം പേരും തെറ്റല്ലെന്നു വ്യക്തമായ ഉത്തരം നല്‍കുന്നു. അതില്‍ 65 ശതമാനവും ഇത് സര്‍വ്വ സാധാരണമാണ് എന്ന പക്ഷക്കാരാണ്. അഞ്ചു ശതമാനം ഇപ്പോഴും അനുകൂലിക്കുന്നേയില്ല.

അടുത്ത സുഹൃത്ത് ആരാണ് എന്ന ചോദ്യം പെണ്‍കുട്ടികളോടാണ് സര്‍വ്വേ ചോദിച്ചത്. ഇതില്‍ 21.9 ശതമാനം പേര്‍ക്കും ആണ്‍കുട്ടികളാണ് അടുത്ത സുഹൃത്ത്. 9.3 ശതമാനത്തിനു മാത്രമാണ് സ്വലിംഗത്തില്‍ നിന്ന് അടുത്ത സുഹൃത്തുള്ളത്. 68.8 ശതമാനത്തിന് അടുത്ത സുഹൃത്തുക്കളില്‍ ആണ്‍- പെണ്‍ വ്യത്യാസമില്ല. ഇരുകൂട്ടരും സുഹൃത്താക്കളായുണ്ടെന്ന് ഇവര്‍. ആണ്‍- പെണ്‍ സൗഹൃദം പാടില്ലെന്നു വിശ്വസിക്കുന്ന മൂന്നു ശതമാനം പേര്‍ ഇപ്പോഴുമുണ്ടെന്ന് സര്‍വ്വേ പറയുന്നു. വീട്ടിലെ കാര്യങ്ങളും സെക്‌സുമെല്ലാം ഒന്നിച്ചിരുന്ന് സംസാരിക്കാറുണ്ടെന്ന് ഇവര്‍.

പ്രണയനഷ്ടം ഉണ്ടായ 65 ശതമാനം പേരും ഇനി പ്രണയിക്കില്ലെന്നു തീരുമാനിച്ചു. ഒഴിവാക്കിയ ആളോട് പ്രതികാരം ചെയ്തുവെന്നും ഉടന്‍ അടുത്തയാളെ പ്രണയിച്ചുവെന്നും 12 ശതമാനം. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനോട് ആറ് ശതമാനം ആണുങ്ങള്‍ ഇനിയും യോജിക്കുന്നില്ല. 94 ശതമാനവും അനുകൂലിക്കുന്നു. ജീന്‍സിലും കംഫർട്ടബിളായ വേഷം മറ്റൊന്നില്ലെന്ന് അവര്‍ പെണ്ണുങ്ങളെ ഉപദേശിക്കുന്നു.

അധ്യാപകരോട് പേടികലര്‍ന്ന അകലമാണ് വേണ്ടതെന്ന പഴയ ശൈലിയെ ആറ് ശതമാനത്തോളം മാത്രമാണ് ഇപ്പോഴും പിന്തുണയ്ക്കുന്നത്. സൗഹൃദമുള്ളവരോട് കൂടുതല്‍ ബഹുമാനമുണ്ടാകുമെന്ന് 53 ശതമാനവും അഭിപ്രായപ്പെട്ടു.

സര്‍വ്വേ പുറത്തു വിടുന്ന മറ്റൊന്ന് പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന 86.5 ശതമാനം പേരുണ്ടെന്നതാണ്. നിരോധനങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് 5.5 ശതമാനം മാത്രമാണ് ക്യാംപസ് പഠിക്കാനുള്ളതു മാത്രമാണെന്ന ഉത്തരം പറഞ്ഞത്. ഫ്‌ളാഷ് മോബ് പോലെ സ്വതന്ത്രമായ കലാപ്രകടനങ്ങളെ 88 ശതമാനം ക്യാംപസും പിന്തുണയ്ക്കുന്നു എന്ന വിവരവും സര്‍വ്വേ പുറത്തു വിടുന്നു. പുതിയ ലക്കം വനിതയില്‍ സര്‍വ്വേ ഫലം പ്രസിദ്ധീകരിച്ചു.


Read More >>