അട്ടപ്പള്ളത്ത് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലിസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങി മരിച്ച നിലയിൽ; മരണത്തിനു കാരണം പൊലീസിന്റെ പീഡനമെന്നു വീട്ടുകാര്‍

അട്ടപ്പള്ളം ജോസഫിന്റെ മകന്‍ പ്രവീണിനെയാണ് വീടിനടുത്ത് ഒരു കുളത്തിനോടു ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

അട്ടപ്പള്ളത്ത് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലിസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങി മരിച്ച നിലയിൽ; മരണത്തിനു കാരണം പൊലീസിന്റെ പീഡനമെന്നു വീട്ടുകാര്‍

വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലിസ് ചോദ്യം ചെയ്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പള്ളം ജോസഫിന്റെ മകന്‍ പ്രവീണ്‍ (29) നെയാണ് വീടിനടുത്ത് ഒരു കുളത്തിനോടു ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പ്രവീണിന്റെ കയ്യില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടു പലതവണ ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിലൂടെ താന്‍ അപമാനിതനായി എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

എന്നാല്‍ പൊലിസിന്റെ മര്‍ദ്ദനം പേടിച്ചാണു തന്റെ ചേട്ടന്‍ ആത്മഹത്യ ചെയ്തതെന്നും പല തവണ സ്റ്റേഷനിലേക്കു കൊണ്ടു പോയി മര്‍ദ്ദിച്ചിരുന്നതായും സഹോദരന്‍ ജോയ് വിക്ടര്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ഇന്നലേയും പൊലിസുകാര്‍ വീട്ടില്‍ വന്നിരുന്നു. രണ്ടു ദിവസം മുമ്പും അവനെ വിളിക്കാന്‍ പൊലിസുകാര്‍ വന്നിരുന്നു. മുമ്പ് പല തവണ വിളിച്ചു ചോദ്യം ചെയ്ത് എല്ലാ ടെസ്റ്റും നടത്തി പ്രതിയല്ലെന്നു കണ്ടു വിട്ടയച്ചിരുന്നതുമാണ്. മുമ്പു സ്‌റ്റേഷനിലേക്കു വിളിച്ചു കൊണ്ടു പോയപ്പോള്‍ എല്ലാം മര്‍ദ്ദിച്ചിരുന്നു. ഇന്നലെ വന്നപ്പോള്‍ വീട്ടില്‍ ചേട്ടന്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന തന്നോടാണ് അവനെ ഇനി കയ്യില്‍ കിട്ടിയാല്‍ തല്ലി ശരിയാക്കും എന്നു രണ്ടു പൊലിസുകാര്‍ പറഞ്ഞതെന്ന് സഹോദരന്‍ ജോയ് വിക്ടര്‍ പറഞ്ഞു.

പൊലിസുകാരുടെ പേര് അറിയില്ല. സംഭവത്തിന് ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരെ പരാതി നല്‍കുമെന്നും സഹോദരന്‍ ജോയ് വിക്ടര്‍ പറഞ്ഞു. എന്നാല്‍ ഈ കാര്യങ്ങള്‍ പൊലിസ് നിഷേധിക്കുന്നുണ്ട്. വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13 നാണ് ഒറ്റമുറി വീട്ടില്‍ 12 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് നാലിന് ഒമ്പതുകാരി അനിയത്തിയേയും ഇതേ സ്ഥലത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. കേസില്‍ 17 കാരന്‍ ഉള്‍പ്പടെ അയല്‍വാസികളായ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എലിസബത്താണ് മരിച്ച പ്രവീണിന്റെ അമ്മ. പ്രവീണും അനിയനും കൂലിപ്പണിക്കാരാണ്.