വാളയാര്‍ പീഡനം: പൂവിനു ചുറ്റും മൂത്തകുട്ടി വരച്ച പുരുഷ ശലഭങ്ങളും അവരുടെ പേരുകളും; കത്തിച്ച നോട്ട് ബുക്ക് സുപ്രധാന തെളിവ്

'അവളുടെ മരണനാന്തര ചടങ്ങുകള്‍ നടത്തിയ ദിവസം പൂജ ചെയ്ത സ്വാമിയാണ് സാധനങ്ങൾ കത്തിച്ചു കളയാൻ പറഞ്ഞത്. അവളുടേതായി ഒരു സാധനവും വീട്ടില്‍ വെക്കരുത് എന്ന് സ്വാമി ആവശ്യപ്പെട്ടു. അന്നുതന്നെ അവളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും എല്ലാം കൂടി കത്തിച്ചു- അമ്മ പറഞ്ഞു.

വാളയാര്‍ പീഡനം: പൂവിനു ചുറ്റും മൂത്തകുട്ടി വരച്ച പുരുഷ ശലഭങ്ങളും അവരുടെ പേരുകളും; കത്തിച്ച നോട്ട് ബുക്ക് സുപ്രധാന തെളിവ്

'ഒരു വലിയ പൂവ്, പൂവിന് അവളുടെ പേര്, ആ പൂവിന് ചുറ്റും നാലു ഭാഗത്തുമായി നാലു ചിത്രശലഭങ്ങള്‍, നാലു ചിത്രശലഭങ്ങള്‍ക്കും ഓരോ പുരുഷന്‍മാരുടെ പേരുകള്‍' വാളയാറില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടി മലയാളം നോട്ട് ബുക്കില്‍ വരച്ചു വച്ചിരുന്ന ചിത്രമാണിത്. തനിക്കു വീട്ടിലും മറ്റും നേരിടേണ്ടി വന്ന പീഡനങ്ങളും മറ്റും നന്നായി ചിത്രം വരച്ചിരുന്ന അവൾ നോട്ട് ബുക്കില്‍ ചിത്രങ്ങളായി വരച്ചിരുന്നു. ഒരു ദിവസം നോട്ട് ബുക്കിലെ ഈ ചിത്രങ്ങള്‍ സ്‌കൂളിലെ അധ്യാപിക കാണാനിടയായി. ചിത്രത്തെ പറ്റി ചോദിച്ചപ്പോള്‍ വെറുതെ വരച്ചതാണ് ടീച്ചറെ എന്നായിരുന്നു മറുപടി. സമാനമായ പല കാര്യങ്ങളും ആ ബുക്കില്‍ ഉണ്ടായിരുന്നതായി അധ്യാപിക ഓര്‍ക്കുന്നുണ്ട്.
അവളുടെ ദുരൂഹമരണത്തിനു ശേഷം പുസ്തകത്തെയും അതിലെ വരകളെയും പറ്റി അധ്യാപകര്‍ പൊലീസിനോട് പറഞ്ഞെങ്കിലും കുട്ടിയുടെ സ്‌കൂള്‍ ബാഗ് മാത്രമാണ് കിട്ടിയതെന്നും പുസ്തകങ്ങള്‍ കിട്ടിയില്ലെന്നുമായിരുന്നു പൊലിസ് പറഞ്ഞത്. ഈ പുസ്തകങ്ങള്‍ പൊലീസ് കൊണ്ടു പോയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ അവയെല്ലാം കത്തിച്ചുകളഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ പീഡിപ്പിച്ചിരുന്നവരെയും ദ്രോഹിച്ചിരുന്നവരെയും കുറിച്ചുള്ള വിലപ്പെട്ട തെളിവുകളാണ് ഇതോടെ ചാരമായത്.

കുട്ടിയുടെ അമ്മ പറയുന്നു:

'അവളുടെ മരണനാന്തര ചടങ്ങുകള്‍ നടത്തിയ ദിവസം പൂജ ചെയ്ത സ്വാമിയാണ് സാധനങ്ങൾ കത്തിച്ചു കളയാൻ പറഞ്ഞത്. അവളുടേതായി ഒരു സാധനവും വീട്ടില്‍ വെക്കരുത് എന്ന് സ്വാമി ആവശ്യപ്പെട്ടു. അന്നുതന്നെ അവളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും എല്ലാം കൂടി കത്തിച്ചു കളഞ്ഞു'


രണ്ടു കുട്ടികളുടേയും മരണവുമായി ബന്ധപ്പെട്ട് പൊലിസ് ഇപ്പോള്‍ പിടികൂടിയിട്ടുള്ള പ്രതികളെ കുറിച്ചും വ്യത്യസ്തമായ അഭിപ്രായമാണ് അമ്മയ്ക്കുള്ളത്.

രണ്ടാമത്തെ കുട്ടിയുടെ മരണാനന്തര ചടങ്ങുകളിൽ പ്രതികളെല്ലാവരുടെയും വീട്ടുകാർ പങ്കെടുത്തിരുന്നു. ചില പ്രതികളുടെ അച്ഛനും അമ്മയും മുത്തശ്ശിയും വരെ. എല്ലാവരും മരണാനന്തര ചടങ്ങിനോട് അനുബന്ധിച്ചു വന്നതാണ്.

ഇപ്പോള്‍ പൊലിസ് പിടിച്ചവര്‍ എല്ലാം നിരപരാധികളാണ്. അവര്‍ അങ്ങിനെ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ആദ്യത്തെ കുട്ടി മരിക്കുമ്പോള്‍ അവളുടെ ചെറിയച്ഛന്റെ അനിയന്റെ മകനായ മധു ഒഴികെ ബാക്കിയാരും നാട്ടില്‍ ഉണ്ടായിരുന്നില്ല. ഷിബു ഞങ്ങളുടെ കൂടി ജോലിക്ക് ഉണ്ടായിരുന്നു. മറ്റുള്ളവരും രാത്രിയാണ് ജോലി കഴിഞ്ഞു വന്നത്. രണ്ടാമത്തെ കുട്ടി മരിക്കുമ്പോള്‍ പ്രതിയെന്ന് പൊലിസ് പറയുന്ന പ്രദീപ്കുമാര്‍ ഒഴികെ ബാക്കിയെല്ലാവരും ജോലിക്കു പോയികിക്കുകയായിരുന്നു. അന്നും ഷിബു ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. പ്രതികളല്ലാത്തവരെയാണ് പൊലിസ് പിടിച്ചിരിക്കുന്നത്. കോടതിയിലോ മറ്റ് എവിടേയും ഇത് പറയാന്‍ തയ്യാറാണ്. നിരപരാധികളെ ജയിലില്‍ അടക്കാന്‍ സമ്മതിക്കില്ല'- അമ്മ പറയുന്നു.

മൂത്ത കുട്ടിയുടേത് കൊലപാതകമാണെന്ന് അന്നു തന്നെ സംശയമുണ്ടായിരുന്നതായും എന്നാല്‍ മൊഴിയെടുക്കാന്‍ പൊലിസ് വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞതുമാണെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു.

മൂത്ത കുട്ടി പഠിച്ചിരുന്ന കഞ്ചിക്കോട്ടെ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകര്‍ കുട്ടിയെ പറ്റി പല വിവരങ്ങളും പൊലിസിനു കൈമാറിയിരുന്നു. സ്‌കൂളിലെ അടുത്ത കൂട്ടുകാരികളോട് അവള്‍ പറഞ്ഞ കാര്യങ്ങളും പൊലിസിനെ ധരിപ്പിച്ചെങ്കിലും ആ വഴിക്കൊന്നും അന്വേഷണം പോയിരുന്നില്ല.

ഒരു ഏട്ടന്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന കാര്യം മൂത്തകുട്ടി പറഞ്ഞിരുന്നു. ഡിസംബര്‍ മാസത്തില്‍ വീടിനടുത്ത് ഉത്സവത്തിന് പോയപ്പോള്‍ ചില യുവാക്കള്‍ അവളെ ഓടിച്ചിരുന്നു. ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക് ഓടി കയറിയാണ് അവള്‍ അന്നു രക്ഷപ്പെട്ടത്. ബസ്സിലെ ക്ലീനര്‍ ആയിരുന്ന യുവാവ് അവള്‍ക്കൊരു പ്രണയലേഖനം കൊടുത്തിരുന്നു. അവള്‍ക്ക് വേണ്ടി ഒരു മൊബൈല്‍ വാങ്ങി വച്ചിട്ടുണ്ട് എന്നെഴുതിയ കത്തില്‍ അയാളെ വിളിക്കാനുളള നമ്പറും ഉണ്ടായിരുന്നു. ഇത് സ്‌കൂളിലെ അധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവര്‍ അയാളുടെ നമ്പറില്‍ വിളിച്ചെങ്കിലും കിട്ടിയില്ല- അധ്യാപകര്‍ പറയുന്നു

അച്ഛനും അമ്മയും വീടെത്താന്‍ മിക്കവാറും ദിവസം രാത്രിയാവും എന്നതിനാല്‍ അനിയത്തിയും ഇവളും വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍ പോയിരിക്കാറുണ്ട്. രാത്രി ഒമ്പതു മണി വരെയൊക്കെ അവിടെയാകും ഉണ്ടാകാറുള്ളത്. പൊലീസിനു നൽകിയ മൊഴിയിൽ ഇതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യവതി പറഞ്ഞു.

'പെൺകുട്ടി എന്ന നിലയില്‍ വീട്ടില്‍ സുരക്ഷിതമല്ലെന്നു തോന്നിയപ്പോള്‍ അവള്‍ക്ക് നിന്നു പഠിക്കാന്‍ കൂടി കഴിയുന്ന ഹോസ്റ്റല്‍ സൗകര്യമുള്ള സ്‌കൂള്‍ ഞങ്ങള്‍ തിരഞ്ഞു. ആലത്തൂര്‍ സ്‌കൂളില്‍ ഇതിന് സൗകര്യമുണ്ടെന്നു അറിഞ്ഞപ്പോള്‍ അങ്ങോട്ടു മാറ്റാന്‍ പറഞ്ഞു. എല്ലാം ചെയ്തു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷെ വെക്കേഷന്‍ കഴിഞ്ഞ് മാറ്റാം എന്നു വീട്ടുകാര്‍ തീരുമാനിച്ചു. അന്നത് ചെയ്തിരുന്നെങ്കില്‍ ആ കുട്ടി ഇന്നും ജീവനോടെ ഉണ്ടായേനെ' - സ്‌കൂളിലെ അധ്യാപകരുടെ വാക്കുകൾ.
മരിച്ച ദിവസം മൂത്ത കുട്ടി സ്‌കൂളില്‍ പോയിട്ടില്ലായിരുന്നു. അമ്മമ്മ മലയക്ക് പോകാന്‍ മാലയിടാന്‍ പോകുന്നതിനാല്‍ വീട് വൃത്തിയാക്കാന്‍ നിന്നു. മൂന്നരയോടെ അവള്‍ തുണി കഴുകിയിരുന്നു. എന്നാല്‍ ഉണങ്ങാന്‍ അയയില്‍ ഇട്ടിരുന്നില്ല. അതിന് മുമ്പ് കൊല്ലപ്പെട്ടു.

'മൂത്തകുട്ടിയുടെ മൃതദേഹം വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ അതിനോട് ഒരു തെരുവ് പട്ടിക്ക് കൊടുക്കേണ്ട ആദരവ് പോലും ആരും കാണിച്ചില്ല. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അവിടെയുള്ള ചിലര്‍ക്ക് വളരെ ധൃതിയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് കൊണ്ടു വന്നതും എല്ലാവര്‍ക്കും ശരിക്കും കാണിക്കാനുള്ള അവസരം കൂടി നല്‍കാതെ കൊണ്ടു പോയി ദഹിപ്പിച്ചു കളഞ്ഞു. കൊലപാതകമാണെന്ന് സംശയിച്ചിരുന്ന കുട്ടിയുടെ മൃതദേഹം ധൃതി പിടിച്ച് ദഹിപ്പിച്ചതിനെ പറ്റി സംശയിക്കേണ്ടതാണ്' - മൂത്ത കുട്ടിയുടെ മരണ വിവരമറിഞ്ഞ് ആ സമയത്ത് മൃതദേഹം കാണാന്‍ എത്തിയിരുന്ന ഒരാള്‍ പറഞ്ഞു.

ആദ്യത്തെ കുട്ടി കൊല്ലപ്പെട്ടതാണ് എന്ന് സംശയം ഉണ്ടായിട്ടും ശിശുക്ഷേമ സമിതിക്കാരോ, രാഷ്ട്രീയക്കാരോ മറ്റു സന്നദ്ധ സംഘടനകളോ തിരിഞ്ഞു നോക്കിയില്ല. രണ്ടാമത്തെ കുട്ടിയും മരിച്ച ശേഷമാണ് പൂഴ്ത്തി വെച്ചിരുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം പുറത്തു വന്നത്. സ്‌കൂളിലെ അധ്യാപകരും സപഹാഠികളും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തിയതുമില്ല. ആദ്യത്തെ മരണത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത മധുവിനെ സി പി എം പ്രാദേശിക നേതൃത്വം തന്നെ ഇറക്കി കൊണ്ടു വരികയും ചെയ്തു. പ്രതിയെ ഇറക്കി കൊണ്ടു വരാന്‍ കാണിച്ച ഉത്സാഹം കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യിക്കാനുള്ള കാര്യത്തില്‍ ഒരു രാഷ്ട്രീയ കക്ഷിയും കാണിച്ചതുമില്ല.

ഇന്നിപ്പോള്‍ അട്ടപ്പള്ളത്തെ വീട്ടില്‍ മത്സരിച്ചാണ് സംസ്ഥാന നേതാക്കള്‍ വന്നു പോകുന്നത്. മന്ത്രിമാരും പ്രതിപക്ഷനേതാവ് ഉള്‍പ്പടെ എല്ലാവരും വന്നു പോയി. പലരും വന്നു കൊണ്ടിരിക്കുന്നുണ്ട്.

അതേസമയം പ്രതികളെ കൂടാതെ മറ്റു കൂടുതല്‍ പേരില്‍ നിന്നും മൂത്തകുട്ടി ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

കുട്ടിയുടെ നോട്ട് ബുക്കില്‍ വരച്ച ചിത്രത്തിനു ചുറ്റും എഴുതി വെച്ച പുരുഷന്മാരുടെ പേരുകള്‍ സ്കൂളിലെ അധ്യാപകരില്‍ നിന്നും കണ്ടെത്താനായേക്കും. സുപ്രധാനമായ ആ നോട്ട്ബുക്ക് സ്കൂളില്‍ സൂക്ഷിക്കാതിരുന്നതും ചോദ്യം ചെയ്യപ്പെടും.