അറസ്റ്റിലായ സമരക്കാര്‍ ജാമ്യമെടുക്കാൻ തയ്യാറായില്ല; പുലിവാലു പിടിച്ച് പൊലീസ്

തങ്ങള്‍ക്ക് മടങ്ങേണ്ടത് സമര നടക്കുന്ന സ്ഥലത്തേക്കാണ്, എന്നാല്‍ സമര പന്തലിലടക്കം പൊലീസ് ഞങ്ങളെ അക്രമിക്കുകയാണെന്ന് സമരക്കാര്‍ കോടതിയിൽ പറഞ്ഞു.

അറസ്റ്റിലായ സമരക്കാര്‍ ജാമ്യമെടുക്കാൻ തയ്യാറായില്ല;  പുലിവാലു പിടിച്ച് പൊലീസ്

വൈപ്പിന്‍ സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് പുലിവാലു പിടിച്ചു. സമരം അവസാനിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി പൊലീസ് സമര സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്ത വൈപ്പിൻ നിവാസികൾ ജാമ്യമെടുക്കാൻ തയ്യാറാവാതെവന്നതാണ് പൊലീസിനെ കുഴക്കിയിരിക്കുന്നത്. 81 പേരാണ് നിലവിൽ വിവിധ സ്റ്റേഷനുകളിലായുള്ളത്. ഇതിനെത്തുടർന്നാണ് ഇന്നുരാവിലെ വേറെ വഴിയില്ലാതെ സമരം നടത്തിയതിന് അറസ്റ്റ് ചെയ്തവരെ നിസാര കുറ്റങ്ങള്‍ ചുമത്തി പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കിയ സമരക്കാരോട് ജ്യാമത്തില്‍ പോവാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും സമരക്കാർ അതിനു തയ്യാറായില്ല.

കോടതിയുടെ ആവശ്യം സമരക്കാര്‍ നിരസിച്ചതിനെത്തുടർന്ന് സമരക്കാരോട് പുറത്തുപോകാൻ കോടതി ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് മടങ്ങേണ്ടത് സമരം നടക്കുന്ന സ്ഥലത്തേക്കാണ്, എന്നാല്‍ സമരപ്പന്തലിലടക്കം പൊലീസ് ഞങ്ങളെ അക്രമിക്കുകയാണെന്ന് സമരക്കാര്‍ കോടതിയിൽ പറഞ്ഞു. ഇപ്പോള്‍ ഏറ്റവും സുരക്ഷിതമായി ഇരിക്കാന്‍ കഴിയുന്ന ഇടം ജയിലാണെന്നും അതിനാല്‍ തങ്ങളെ ജയിലേക്ക് ആയക്കണമെന്നാണ് സമരക്കാര്‍ കോടതിയില്‍ ആവശ്യം ഉന്നയിച്ചത്. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി പൊലീസ് നടപടിയിലുള്ള പരാതി എഴുതി നല്‍കാനും ആവശ്യപ്പെട്ടു.

സമരക്കാരെ അനാവശ്യമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അറസ്റ്റ് ചെയ്ത 81 പേരില്‍ 64 പേര്‍ സ്ത്രീകളായിരുന്നു. അറസ്റ്റ് ചെയ്ത് ഇവരെ, താമസിച്ച ഇടങ്ങളില്‍ ഭക്ഷണവും വെള്ളവും നല്‍കാതെ പൊലീസ് പീഡിപ്പിച്ചുവെന്ന് സമരക്കാര്‍ പറഞ്ഞു. ബാത്ത്‌റൂമില്‍ പോലും പോവാന്‍ അനുവദിക്കാതെ സ്ത്രികളെയടക്കമുള്ള സമരക്കാരോട് പോലീസ് മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്ന് സമരക്കാര്‍ കോടതിയില്‍ പറഞ്ഞു.

ചിത്രം: സതീഷ് എം നാരായണൻ ഉണ്ണി


Read More >>