നീറ്റ് പരീക്ഷക്കെത്തിയവർക്കും രക്ഷിതാക്കൾക്കും വിശ്രമിക്കാൻ മുസ്ലിം പള്ളി തുറന്നു നൽകി; സാഹോദര്യത്തിന്റെ ഉദാത്തമാതൃകയായി വാദിഹിറ ഇസ്ലാമിക് സെന്റർ

മലയൻകാട് ശിവ​ഗിരി സിബിഎസ് സി ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരീക്ഷ. ഗ്രാമപ്രദേശമായതു കൊണ്ടുതന്നെ ഇത്രയും പേർക്കു അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലുമുള്ള സൗകര്യം അവിടെയില്ല. ഇതു മുൻനിർത്തിയാണ് ആൺ-പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനസമൂഹത്തിനാകെ ആശ്രയമായി വാദിഹിറ ഇസ്ലാമിക് സെന്റർ പ്രവർത്തിച്ചത്.

നീറ്റ് പരീക്ഷക്കെത്തിയവർക്കും രക്ഷിതാക്കൾക്കും വിശ്രമിക്കാൻ മുസ്ലിം പള്ളി തുറന്നു നൽകി; സാഹോദര്യത്തിന്റെ ഉദാത്തമാതൃകയായി വാദിഹിറ ഇസ്ലാമിക് സെന്റർ

മതങ്ങളും സമുദായസംഘടനകളും തമ്മിൽ സംഘട്ടനങ്ങളും, മറുവശത്ത് വർ​ഗീയതയും വ്യാപകമായ വർത്തമാനകാലത്ത് സാഹോദര്യത്തിന്റെ ഉദാത്തമാതൃക വിളിച്ചോതി ഒരു മുസ്ലിം പള്ളി. നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിശ്രമിക്കാൻ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും തുറന്നുനൽകിയാണ് ആലുവയ്ക്കു സമീപം കീഴ്മാട് പഞ്ചായത്തിലെ മലയൻകാട് വാദിഹിറ ഇസ്ലാമിക് സെന്റർ മാതൃകയായിരിക്കുന്നത്.

ഇന്നു രാവിലെയാണ് ആയിരത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ കോണുകളിൽ നിന്നും നീറ്റ് പരീക്ഷയെഴുതാനായി ഇവിടെയെത്തിയത്. മലയൻകാട് ശിവ​ഗിരി സിബിഎസ് സി ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരീക്ഷ. എന്നാൽ, ഇവർക്കു വിശ്രമിക്കാനുള്ള സൗകര്യങ്ങളോ വെള്ളം പോലും മേടിച്ചുകുടിക്കാൻ കടകളോ ഈ പ്രദേശത്ത് ഇല്ലെന്നും അതിനാൽ ഇസ്ലാമിക് സെന്റർ മുഴുവനായി അവർക്കായി തുറന്നു കൊടുക്കുകയായിരുന്നുവെന്നും വാദിഹിറ ഇസ്ലാമിക് സെന്റർ ട്രസ്റ്റ് മെംബർ അലി അഖ്ബർ നാരദാ ന്യൂസിനോടു പറഞ്ഞു.

​ഗ്രാമപ്രദേശമായതു കൊണ്ടുതന്നെ ഇത്രയും പേർക്കു അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലുമുള്ള സൗകര്യം അവിടെയില്ല. ഇതു മുൻനിർത്തിയാണ് ആൺ-പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനസമൂഹത്തിനാകെ ആശ്രയമായി വാദിഹിറ ഇസ്ലാമിക് സെന്റർ പ്രവർത്തിച്ചത്.

സെന്ററിലെ ലൈബ്രറിയും ഹാളും അടക്കമുള്ളവയെല്ലാം നിറഞ്ഞതോടെയാണ് ആരാധന നടക്കുന്ന പള്ളി തന്നെ ഇവർക്കായി തുറന്നു നൽകിയത്. ഉച്ചയ്ക്കു സുഹർ നമസ്കാരം നടക്കുന്ന സമയവും പള്ളിയിലുള്ളവർക്കു പുറത്തിറങ്ങേണ്ട അവസ്ഥ വന്നില്ല. അവശേഷിക്കുന്ന സ്ഥലത്തായിരുന്നു നമസ്കാരം.

കുടിവെള്ളത്തിനും ചെറുകടികൾക്കുമൊപ്പം ‌ശൗചാലയ സൗകര്യവും ഇവർക്കായി ഇവിടെ ഏർപ്പെടുത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എല്ലാവരും തിരികെപ്പോയത്. ഏറെ സന്തോഷത്തിലാണ് അവരെല്ലാം മടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതവും ജാതിയുമൊന്നും നോക്കാതെ ആയിരത്തോളം പേർക്ക് പള്ളിയുൾപ്പെടെയുള്ള സ്ഥലങ്ങൾ വിട്ടുനൽകിയതിലൂടെ മനുഷ്യ മനസ്സുകൾക്കിടയിൽ മതിലല്ല, പാലമാണ് തീർക്കേണ്ടതെന്നു തെളിയിക്കുകയാണ് വാദിഹിറ സെന്റർ. പാവപ്പെട്ട രോ​ഗികൾക്കായി വാട്ടർബെഡ്, വീൽച്ചെയർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ സൗകര്യങ്ങളും വാദിഹിറ സെന്ററിൽ നിന്നും സൗജന്യമായി നൽകുന്നുണ്ടെന്നും അലി അഖ്ബർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കു കീഴിലുള്ളതാണ് വാദിഹിറ ഇസ്ലാമിക് സെന്റർ ട്രസ്റ്റ്.Read More >>