'ജബ്ബാറേ, എണീക്കെടാ' എന്ന് പാണക്കാട് തങ്ങൾ പറഞ്ഞപ്പോൾ മയ്യിത്ത് എഴുന്നേറ്റെന്ന് പ്രഭാഷകൻ; ട്രോൾ മഴ

അകത്തു നിന്നും രണ്ടു മൂന്ന് ഇലകള്‍ കൊണ്ടുവന്ന് എന്തൊക്കെയോ മന്ത്രിച്ചിട്ട് പിഴിഞ്ഞ് ജബ്ബാർ ഫൈസിയുടെ രണ്ട് കണ്ണിലും മൂക്കിലും വായിലും എല്ലാം ഇറ്റിച്ചു.

ജബ്ബാറേ, എണീക്കെടാ എന്ന് പാണക്കാട് തങ്ങൾ പറഞ്ഞപ്പോൾ മയ്യിത്ത് എഴുന്നേറ്റെന്ന് പ്രഭാഷകൻ; ട്രോൾ മഴ

മരിച്ചു കിടന്ന വ്യക്തിയെ കണ്ണിൽ ഇല പിഴിഞ്ഞൊഴിച്ച് പാണക്കാട് തങ്ങൾ ജീവിപ്പിച്ചെന്ന അവകാശവാദവുമായി മതപ്രഭാഷകന്റെ പ്രസം​ഗം. മലപ്പുറം സ്വദേശിയായ ജബ്ബാർ ഫൈസി എന്നയാളെ പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ ജീവിപ്പിച്ചെന്നാണ് ഇദ്ദേഹം തട്ടിവിടുന്നത്. ഒരു മതപ്രഭാഷണ പരമ്പരയിലാണ് വയലിൽ മുഹമ്മദ് മോൻ മുസ്ലിയാർ എന്നയാളുടെ പ്രസം​ഗം. മുക്കം മുസ്ലിം യത്തീംഖാനയിൽ നടന്ന മജ്ലിസുന്നൂർ ആത്മീയ സം​ഗമത്തിൽ നടന്ന പ്രസം​ഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

പട്ടര്‍കടവ് ജബ്ബാര്‍ ഫൈസി എന്ന മുസ്ലിയാർ കാസര്‍ഗോഡ് വച്ച് അസുഖബാധിതനായി മരിച്ചുവെന്നും അദ്ദേഹത്തെ പാണക്കാട്ടേക്ക് കൊണ്ടുന്നപ്പോള്‍ ഉമറലി ശിഹാബ് തങ്ങള്‍ ജബ്ബാര്‍ ജീവിപ്പിച്ചെന്നുമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. മകൻ മരിച്ചതറിഞ്ഞ പിതാവ് ആംബുലൻസ് നേരെ പാണക്കാട്ടേക്ക് വിടാൻ പറഞ്ഞു.

ആംബുലൻസ് വന്നപ്പോൾ ഉമറലി തങ്ങൾ പുറത്തിറങ്ങി. ഉടനെ, പിതാവ് ഉമറലി തങ്ങളോട് തന്റെ മോന്‍ മരിച്ചുവെന്ന് പറഞ്ഞ് കരഞ്ഞു. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ ഉമറലി തങ്ങള്‍ ആവശ്യപ്പെട്ടു. കഫൻപുടവ മാറ്റി അദ്ദേഹം ജബ്ബാറിനെ ഒന്നു നോക്കിയിട്ട് അകത്തേക്ക് ഓടി.

അകത്തു നിന്നും രണ്ടു മൂന്ന് ഇലകള്‍ കൊണ്ടുവന്ന് എന്തൊക്കെയോ മന്ത്രിച്ചിട്ട് പിഴിഞ്ഞ് ജബ്ബാർ ഫൈസിയുടെ രണ്ട് കണ്ണിലും മൂക്കിലും വായിലും എല്ലാം ഇറ്റിച്ചു. എന്നിട്ട് ജബ്ബാറേ, ജബ്ബാറേ എണീച്ചടാ... സുബ്ഹാന ജല്ല ജലാലു... ആംബുലന്‍സില്‍ നിന്നും കഫന്‍പുടവ പൊട്ടിച്ചിട്ട് ജബ്ബാര്‍ ഫൈസി എണീറ്റിരുന്നു.

നിങ്ങൾക്ക് ഡൗട്ട് ഉണ്ടെങ്കിൽ എന്റെ കൂടെ പോരെ. അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ ഇറക്കിത്തരും. തിരിച്ച് നിങ്ങൾ പോരേണ്ടി വരും. ഞാൻ കൊണ്ടുവരൂല. അതിനു ശേഷം ആ ഖബറിൽ ഇന്നുവരേയും ആരെയും മറവു ചെയ്തിട്ടില്ല. ആ ഖബര്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. സംഭവത്തിനു ശേഷം ജബ്ബര്‍ ഫൈസിയെ മയ്യത്ത് ഫൈസി എന്നാണ് ഞങ്ങളൊക്കെ വിളിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.

പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ വിഷയത്തില്‍ നിരവധി ട്രോളുകളും ഇറങ്ങി.2018 ഡിസംബര്‍ 31 മുതല്‍ 2019 ജനുവരി 5 വരെ നടന്ന മതപ്രഭാഷണ പരമ്പരയില്‍ ജനുവരി ഒന്നിനായിരുന്നു ഇദ്ദേഹത്തിന്റെ പ്രസം​ഗം.