മാസങ്ങളോളം ജോലി ചെയ്തു; കൂലിക്ക് പകരം ലഭിച്ചത് മര്‍ദ്ദനം; ജീവിതത്തിനും മരണത്തിനുമിടയില്‍ ഉത്തര്‍പ്രദേശ് തൊഴിലാളി

സ്വര്‍ണ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ജോയ് ആലുക്കാസ് എറണാകുളം വാഴക്കാലയില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ സീലിംഗ് ജോലികള്‍ ചെയ്തതിന്റെ കൂലി നല്‍കാതെയാണ് ദുര്‍വിജയ് ശര്‍മയെ ലേബർ കോൺട്രാക്റ്ററായ ഇസ്തിഹാക്ക് ചതിച്ചിരിക്കുന്നത്.

മാസങ്ങളോളം ജോലി ചെയ്തു; കൂലിക്ക് പകരം ലഭിച്ചത് മര്‍ദ്ദനം; ജീവിതത്തിനും മരണത്തിനുമിടയില്‍ ഉത്തര്‍പ്രദേശ് തൊഴിലാളി

എഴുത്ത്, ചിത്രം: ഷഫീക്ക് താമരശ്ശേരി


ഇന്ന് മെയ്ദിനം. ചൂഷണത്തിനെതിരായ തൊഴിലാളികളുടെ അവകാശസംരക്ഷണ പോരാട്ടത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസം. പക്ഷെ കേരളത്തില്‍ ജോലി തേടിയെത്തിയ ദുര്‍വിജയ് ശര്‍മ എന്ന കുടിയേറ്റ തൊഴിലാളിക്ക് ഒരാഹ്ലാദവും നല്‍കാത്ത കഴിഞ്ഞ കുറേ ദിവസങ്ങള്‍ പോലെ ഒന്നുമാത്രമാണ് ഈ മെയ് ദിനവും. കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് മാസം ചെയ്ത ജോലിക്ക് കൂലി ലഭിക്കാത്തതിന്റെ ദുരിതത്തിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഇദ്ദേഹം.

സ്വര്‍ണ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ജോയ് ആലുക്കാസ് എറണാകുളം വാഴക്കാലയില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ സീലിംഗ് ജോലികള്‍ ചെയ്തതിന്റെ കൂലി നല്‍കാതെയാണ് കോണ്‍ട്രാക്ടര്‍ ദുര്‍വിജയ് ശര്‍മയെ ചതിച്ചിരിക്കുന്നത്. ദുര്‍വിജയ്ക്ക് മാത്രമല്ല, അദ്ദേഹത്തോടൊപ്പം ഈ ജോലിയില്‍ പങ്കുചേര്‍ന്ന മറ്റ് എട്ട് പേര്‍ക്കും കൂലി ലഭിച്ചിട്ടില്ല. കൂലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കഴിഞ്ഞ ഏപ്രില്‍ 7ന് ദുര്‍വിജയിനെ കോണ്‍ട്രാക്ടറുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ ലേബര്‍ ഓഫീസര്‍ക്കും തൃക്കാക്കര പൊലീസിനും പരാതി നല്‍കിയിട്ടും ഒരു നീക്കവുമുണ്ടായില്ല എന്ന് ദുര്‍വിജയ് ശര്‍മ്മ പരാതിപ്പെടുന്നു. ജോയ് ആലുക്കാസ് എന്ന പ്രമുഖ സ്ഥാപനത്തിന്റെ കെട്ടിട നിര്‍മ്മാണ ജോലികള്‍ ചെയ്ത കൂലിയാണ് കിട്ടാനുള്ളത് എന്നതിനാല്‍ മാദ്ധ്യമങ്ങളൊന്നും ഈ അനീതിയുടെ വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാകുന്നില്ല എന്നതും ദുര്‍വിജയ് ശര്‍മയ്ക്ക് ദുരിതമായിത്തീര്‍ന്നു.

കൂലിയില്ലാത്ത ജോലി

പതിനാറാമത്തെ വയസ്സിലാണ് ദുര്‍വിജയ് ശര്‍മ കേരളത്തിലെത്തുന്നത്. പ്ലസ്ടു പരീക്ഷ 65 ശതമാനം മാര്‍ക്കോടെ പാസ്സായിരുന്നെങ്കിലും തുടര്‍ന്നു പഠിക്കാന്‍ കഴിഞ്ഞില്ല. ഗ്രാമത്തിലെ ഒരിടത്തരം കര്‍ഷകനായിരുന്ന അച്ഛന്റെ കാലിന് ഒരപകടത്തില്‍ പരിക്കു പറ്റിയതോടെ കുടുംബത്തിന്റെ ഭാരമേറ്റെടുക്കാന്‍ വിധിക്കപ്പെട്ടു. പ്രായമായ രക്ഷിതാക്കള്‍ക്കും തന്റെ മൂന്ന് സഹോദരിമാര്‍ക്കും ഒരു സഹോദരനും ഇനി ആശ്രയമായുള്ളത് താനാണെന്ന് മനസ്സിലാക്കിയ ദുര്‍വിജയ് മെക്കാനിക്കല്‍ എഞ്ചിനീയറാകണമെന്ന തന്റെ മോഹങ്ങളുപേക്ഷിച്ച് ഗ്രാമവാസികളായ മറ്റു തൊഴിലാളികളോടൊപ്പം തൊഴിലന്വേഷിച്ച് കേരളത്തിലേക്ക് ട്രെയിന്‍ കയറുകയായിരുന്നു.

കണ്ണൂരിലും എറണാകുളത്തുമൊക്കെയായി നിരവധി സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണ മേഖലയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തു. ഇടയ്‌ക്കെല്ലാം നാട്ടില്‍ പോയി വന്നു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ മാഹ്സണ്‍ ഗ്രാമത്തിലെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് മാസങ്ങള്‍ കൂടുമ്പോള്‍ കേരളത്തില്‍ നിന്നെത്തുന്ന ചില്ലറ തുകയുടെ ബലത്തില്‍ ദുര്‍വിജയിയുടെ കുടുംബം വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞുകൂടുകയായിരുന്നു.

എറണാകുളം പാലാരിവട്ടത്തെ കെട്ടിടനിര്‍മ്മാണ ജോലികള്‍ അവസാനിച്ചതിനുശേഷം പുതിയ ജോലികള്‍ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് തൃപ്പൂണിത്തറയില്‍ വച്ച് കോണ്‍ട്രാക്ടര്‍ ഇസ്തിഹാക്കിനെ ദുര്‍വിജയ് കണ്ടുമുട്ടുന്നത്. ഒരാള്‍ക്ക് മാത്രമായി നല്‍കാന്‍ ജോലിയില്ലെന്നും 10 പേര്‍ക്ക് ഒരുമിച്ചാണെങ്കില്‍ എറണാകുളം ജില്ലയിലെ കാക്കനാടിനടുത്തെ വാഴക്കാലയില്‍ ജോയ് ആലുക്കാസിന് വേണ്ടി നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികളില്‍ സീലിംഗ് ജോലികള്‍ക്കായി ആളുകളുടെ ഒഴിവുണ്ടെന്നും ഇസ്തിഹാക്ക് പറഞ്ഞു. 8 പേരെ ഈ രീതിയില്‍ ജോലിക്കായി ദുര്‍വിജയ് കണ്ടെത്തി.

2016 നവംബര്‍ 5നാണ് ബംഗാളില്‍ നിന്നുള്ള രണ്ടുപേരുടെയും ഉത്തര്‍പ്രദേശിലെ തന്റെ ഗ്രാമപരിസരത്തുതന്നെയുള്ള മറ്റ് ആറു പേരുടെയുമൊപ്പം ദുര്‍വിജയ് ഇസ്തിഹാക്കുമായി കരാറില്‍ ഒപ്പിടുന്നത്. ജോലിയും ആരംഭിച്ചു. ആഴ്ച്ചകളുടെ അവസാനങ്ങളില്‍ ഇവര്‍ കൂലി ആവശ്യപ്പെടുമായിരുന്നെങ്കിലും ഒരുമിച്ചുനല്‍കാമെന്ന കോണ്‍ട്രാക്ടറുടെ വാക്കിന്റെയും നേരത്തെ ഒപ്പിട്ട കരാറിന്റെയും ഉറപ്പില്‍ ഇവര്‍ ജോലി തുടര്‍ന്നു. മൂന്ന് മാസം കഴിഞ്ഞ് ജോലികള്‍ അവസാനിച്ചപ്പോള്‍ കൂലി നല്‍കുന്നത് കോണ്‍ട്രാക്ടര്‍ വൈകിപ്പിക്കുകയായിരുന്നു. മാസങ്ങളോളം കഠിനമായി അധ്വാനിച്ചിട്ടും ഭക്ഷണം കഴിക്കാനുള്ള വകപോലും ഇല്ലാതെ ഇവര്‍ ഏറെ വലഞ്ഞു.

ജോലി ചെയ്തുരുന്ന സ്ഥലത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു. ജോലിയുടെ ഉപകരണങ്ങള്‍ പോലും തിരിച്ചെടുക്കാന്‍ ഇവരെ അനുവദിച്ചില്ല. പണം ആവശ്യപ്പെടുമ്പോഴെല്ലാം അടുത്ത തിങ്കളാഴ്ച്ച നല്‍കാമെന്ന് പറഞ്ഞ് ഇവരെ തിരിച്ചയച്ചു. ഇങ്ങനെ നാല് തിങ്കളാഴ്ച്ച കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ബഹളം വച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് നല്‍കാനുള്ള മൂന്ന് ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയില്‍ വെറും തൊണ്ണൂറ്റി ആറായിരം രൂപ മാത്രമാണ് നല്‍കിയത്. ബാക്കി തുക ഉടന്‍ നല്‍കാമെന്ന് പറഞ്ഞ് ഇവരെ മടക്കിയയ്ക്കുയായിരുന്നു. മുഴുവന്‍ പേരുടെയും തുക ഉടന്‍ ദുര്‍വിജയിനെ ഏല്‍പ്പിക്കാമെന്ന് ഇവരുമായി കരാര്‍ ഒപ്പിട്ട കോണ്‍ട്രാക്ടര്‍ ഉറപ്പ് നല്‍കി. ഇതു വിശ്വസിച്ച് പലരും നാട്ടിലേക്ക് മടങ്ങി. മറ്റു ചിലര്‍ വേറെ ജോലി സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്തു.

കൂലി ചോദിച്ചതിന് ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനം


കൂടെ ജോലി ചെയ്തിരുന്നവര്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറിയെങ്കിലും തന്റെ ദുരിതാവസ്ഥകള്‍ കാരണം ദുര്‍വിജയ് മറ്റെങ്ങും പോയില്ല. സെപ്തംബറില്‍ നടത്താനായി നിശ്ചയിച്ചുവെച്ചിരിക്കുന്ന തന്റെ മൂത്ത സഹോദരിയുടെ വിവാഹത്തെക്കുറിച്ചാലോചിച്ച് ആശങ്കയിലായ ദുര്‍വിജയ് പണം ലഭിക്കുന്നതിനായി നിരന്തരം ഇവരെ സമീപിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പരാതി നല്‍കാനായി ലേബര്‍ ഓഫീസില്‍ ചെന്നപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് എന്നയാളെ പരിചയപ്പെടുന്നത്. ഇദ്ദേഹവുമായി ചേര്‍ന്ന് ലേബര്‍ ഓഫീസിലും തൃക്കാക്കര പോലീസ് സ്റ്റേഷനിലും പരാതി നല്‍കുകയുണ്ടായി.

ഇതെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിന് പണം നല്‍കാമെന്നും ജോലി ഉപകരണങ്ങള്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞ് ദുര്‍വിജയിയെ വിളിച്ചുവരുത്തിയ ഇസ്തിഹാക്ക് മറ്റു ചിലരെ വിട്ട് ആളൊഴിഞ്ഞ മുറിയില്‍ വിളിച്ച് ഇദ്ദേഹത്തെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. നാലോളം പേരുടെ മര്‍ദ്ദനത്തിനിരയായി ജീവനുംകൊണ്ടു രക്ഷപ്പെട്ട ദുര്‍വിജയിയെ ഒടുവിൽ കാക്കനാട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, നേരത്തെ ലേബർ ഓഫീസിൽ വച്ചു പരിചയപ്പെട്ട സാമൂഹിക പ്രവർത്തകൻ ജോർജ്ജാണ്. തുടർന്നു മര്‍ദ്ദനത്തിനെതിരെ പരാതിയുമായി ദുർവിജയ് പൊലീസിനെ സമീപിച്ചുവെങ്കിലും വ്യാജപരാതിയാണ് നല്‍കുന്നതെന്നു പറഞ്ഞ് പൊലീസ് പരാതിക്കാരനു നേരെ തിരിഞ്ഞു.

പണം വേണ്ട ജീവിതം തിരിച്ചുകിട്ടിയാല്‍ മതി

ജോയ് ആലൂക്കാസിന്റെ നിര്‍മ്മാണജോലിക്കായി ദുര്‍വിജയ് വിളിച്ചുവരുത്തിയ മറ്റ് എട്ടു പേര്‍ക്കും പണം നല്‍കിയില്ലെങ്കിലും അവരോട് നിങ്ങള്‍ക്കെല്ലാമുള്ള പണം ദുര്‍വിജയിയുടെ കയ്യില്‍ നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ് ഇസ്തിഹാക്ക് കൈമലര്‍ത്തി. ഇതു വിശ്വസിച്ച പലരും ദുര്‍വിജയിക്കു നേരെ തിരിയുകയും ഉടന്‍ പണം നല്‍കണമെന്നു പറഞ്ഞ് ഗ്രാമത്തിലെ തന്റെ വീട്ടില്‍ ചെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ നാട്ടിലേക്ക് പോലും തിരിച്ചുപോകാന്‍ കഴിയാതെ അക്ഷരാര്‍ത്ഥത്തില്‍ ഇദ്ദേഹം പെട്ടുപോവുകയായിരുന്നു.

മാസങ്ങളായി ദുരിതത്തില്‍ കഴിയുന്ന വീട്ടുകാര്‍ക്കു മുന്നിലും ദുര്‍വിജയ് വഞ്ചകനായി. കടുത്ത മാനസ്സിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ആശുപത്രിയിലെത്തിക്കപ്പെട്ട തന്നെ പ്രണയനൈരാശ്യമാണോ എന്ന് ചോദിച്ച് ഡോക്ടര്‍മാര്‍ പരിഹസിച്ചതായാണ് ദുര്‍വിജയ് പറയുന്നത്.

ക്രൂരമായ മര്‍ദ്ദനത്തിനിരയായതിനാല്‍ ജോലി ചെയ്യാന്‍ സാധിക്കാതെ ജീവിതത്തിലെ സകലപ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇദ്ദേഹമിപ്പോള്‍. പണം തിരിച്ചുകിട്ടിയില്ലെങ്കിലും തനിക്ക് തന്റെ പഴയ ജീവിതമെങ്കിലും തിരിച്ചുകിട്ടിയാല്‍ മതിയെന്നാണ് ദുര്‍വിജയ് ഇപ്പോള്‍ പറയുന്നത്.