മുതലമടയിലെ അയിത്തം: ഇരകള്‍ക്കൊപ്പം നില്‍ക്കാതെ സിപിഎം, വാ തുറക്കാതെ ബിജെപി

സവർണ്ണ ജാതിക്കാരുടെ വീട്ടു വളപ്പിലേക്ക് ചെരിപ്പിട്ട് കയറരുത്, മുറ്റത്തിനപ്പുറം കടക്കരുത്, വെള്ളം എടുക്കുമ്പോള്‍ പൊതു ടാപ്പിന് അടുത്ത് വരരുത്, മുടി വെട്ടാന്‍ പ്രത്യേക ബാര്‍ബര്‍ ഷോപ്പ്, ചായ കുടിക്കാന്‍ പ്രത്യേക ചായക്കട തുടങ്ങി കേട്ടാല്‍ കേരളം ലജ്ജിച്ചു പോകുന്ന വിധത്തിലുള്ള അയിത്ത പ്രശ്‌നങ്ങളാണ് മുതലമട അംബേദ്കര്‍ കോളനിയില്‍ നടക്കുന്നത്. ഇക്കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം നാരദ ന്യൂസ് പുറത്തു വിട്ടത്.

മുതലമടയിലെ  അയിത്തം: ഇരകള്‍ക്കൊപ്പം നില്‍ക്കാതെ സിപിഎം, വാ തുറക്കാതെ ബിജെപി

മുതലമട പഞ്ചായത്തിലെ അംബേദ്‌കര്‍ കോളനിയിലെ അയിത്ത പ്രശ്‌നം പരിഹരിക്കണമെന്നും തങ്ങളെ ദ്രോഹിക്കുന്ന കൗണ്ടര്‍ സമുദായത്തിലെ ചിലര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ചക്ലിയ സമുദായാംഗങ്ങള്‍ നാളെ ജില്ലാ കലക്ടര്‍ക്കും എസ് പി ക്കും പരാതി നല്‍കും. രാത്രി സമയത്ത് തങ്ങളുടെ വീടുകളില്‍ കയറി ആക്രമണം നടത്തുന്ന കൗണ്ടര്‍ വിഭാഗക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോളനിയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സവർണ്ണ ജാതിക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലങ്കോട് പൊലീസിന് നല്‍കിയ പരാതികളില്‍ നടപടിയെടുക്കുന്നില്ലെന്നും പരാതി നല്‍കാന്‍ പോയവരെ ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ പറയുന്നു. കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലീഷിനെതിരെ ഉന്നതതല അന്വേഷണവും കോളനിവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.


മുതലമട അംബേദ്‌കര്‍ കോളനിയില്‍ ചക്ലിയ വിഭാഗം അനുഭവിക്കുന്ന അയിത്ത പ്രശ്‌നങ്ങളെ കുറിച്ച് നാരദ ന്യൂസ് ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോളനി സന്ദര്‍ശിക്കാന്‍ എത്തുമെന്ന വിവരമുണ്ട്. എന്നാല്‍ രമേശിന്റെ യാത്രയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ നാരദ ന്യൂസിനോട് പറഞ്ഞു. അതേ സമയം അയിത്തം എന്നത് ചില കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ നേട്ടത്തിനായി പറഞ്ഞു പ്രചരിപ്പിക്കുകയാണ് എന്നാണ് പഞ്ചായത്ത് ഭരിക്കുന്ന സി പി എമ്മിന്റെ വാദം. ബി ജെ പി യ്ക്കും ഈ വിഷയത്തില്‍ മിണ്ടാട്ടമില്ല.

ഇന്നലെ വൈകിട്ടും കൗണ്ടർ സമുദായക്കാരായ ആളുകളിൽ നിന്ന് വധഭീഷണി ഉണ്ടായതായി ദലിത് നേതാവ് ശിവരാജന്‍ പറഞ്ഞു. കൊല്ലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്റെ മകന്‍ അഖിലന്‍ ഒരു സമുദായംഗത്തെ വിളിച്ചു ഭീഷണിപ്പെടുത്തിയതായി ശിവരാജന്‍ പറഞ്ഞു.


' എന്തേലും സാധനങ്ങള്‍ വാങ്ങാനോ മറ്റോ മീനാക്ഷിപ്പുരത്തോ തമിഴ്‌നാട്ടിലോ നിങ്ങള്‍ കാലു കുത്തുമല്ലോ, അവിടെ വെച്ച് ആരെ കിട്ടിയാലും വെട്ടുമെന്നാണ് അഖിലന്‍ പറഞ്ഞതെന്ന് ശിവരാജന്‍ പറഞ്ഞു. ഇക്കാര്യവും ചേര്‍ത്തു കൊണ്ടാണ് നാളെ ജില്ലാ കലക്ടര്‍ക്കും മറ്റും പരാതി നല്‍കുന്നത്.


ഉയര്‍ന്ന ജാതിക്കാരുടെ വീട്ടു വളപ്പിലേക്ക് ചെരിപ്പിട്ട് കയറരുത്, മുറ്റത്തിനപ്പുറം കടക്കരുത്, വെള്ളം എടുക്കുമ്പോള്‍ പൊതു ടാപ്പിന് അടുത്ത് വരരുത്, മുടി വെട്ടാന്‍ പ്രത്യേക ബാര്‍ബര്‍ ഷോപ്പ്, ചായ കുടിക്കാന്‍ പ്രത്യേക ചായക്കട തുടങ്ങി കേട്ടാല്‍ കേരളം ലജ്ജിച്ചു പോകുന്ന വിധത്തിലുള്ള അയിത്ത പ്രശ്‌നങ്ങളാണ് മുതലമട അംബേദ്കര്‍ കോളനിയില്‍ നില്‍ക്കുന്നത്. ഇക്കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം നാരദ ന്യൂസ് പുറത്തു വിട്ടത്.


കഴിഞ്ഞ മാസം ഈഴവ സമുദായത്തില്‍പ്പെട്ട യുവാവ് ചക്ലിയ സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ അയിത്ത പ്രശ്‌നങ്ങള്‍ പിന്നേയും രൂക്ഷമായി. പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് കല്യാണക്കാര്യങ്ങള്‍ തീരുമാനമായതെങ്കിലും പിന്നീട് ചക്ലിയരുടെ വീടുകള്‍ രാത്രി കാലങ്ങളില്‍ ആക്രമിക്കപ്പെട്ടു. ഇതിനെതിരെ പൊലീസിന് പരാതി നല്‍കിയെങ്കിലും പരാതികാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന ആക്ഷേപവും കോളനിക്കാരില്‍ നിന്ന് ഉണ്ടായി.


അതേ സമയം ഇവിടത്തെ അയിത്ത പ്രശ്‌നത്തിന് രാഷ്ട്രീയ നിറവും കൈവന്നിട്ടുണ്ട്. കൗണ്ടര്‍മാര്‍ അധികവും സി പി എമ്മുകാരായതിനാല്‍ അവരെ സംരക്ഷിക്കുകയാണ് പൊലീസ് എന്ന ആക്ഷേപമുണ്ട്. ചക്ലിയ സമുദായത്തില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസുകാരാണെന്നും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി അയിത്ത പ്രശ്‌നം കെട്ടിച്ചമയ്ക്കുകയാണ് എന്നുമാണ് സി പി എമ്മിന്റെ വാദം.


2004 ല്‍ ആണ് കോളനിയില്‍ ആദ്യമായി അയിത്ത പ്രശ്‌നം ഉയര്‍ന്നു വന്നത്. മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ ചക്ലിയ യുവാവിനെ കൗണ്ടര്‍മാര്‍ തിരിച്ചയച്ചു. ചക്ലിയരുടെ മുടി ഇവിടെ വെട്ടില്ലെന്നും വേണമെങ്കില്‍ തമിഴ്‌നാട്ടില്‍ പോയി വെട്ടാനുമായിരുന്നു മറുപടി. ഇത് ചോദിക്കാന്‍ കുറച്ച് പേരെത്തിയതോടെ പ്രശ്‌നം തുടങ്ങി. രണ്ടാഴ്ച്ചക്കു ശേഷം മീങ്കര ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ചക്ലിയരെ കൗണ്ടര്‍മാര്‍ തടഞ്ഞു. ക്ഷേത്രത്തിലും പ്രവേശനം നിഷേധിച്ചു.


തുടര്‍ന്ന് അന്നത്തെ പട്ടികജാതി-വര്‍ഗ്ഗ വകുപ്പ് മന്ത്രി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മിശ്രഭോജനവും വിവിധ ജാതി സംഗമങ്ങളും നടത്തി. സുകുമാര്‍ അഴീക്കോട് ഉള്‍പ്പടെയുളള സാഹിത്യകാരന്‍മാര്‍ ഇവിടെയെത്തി അയിത്തത്തിനെതിരെ സംസാരിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് ശാന്തമായ അയിത്ത പ്രശ്‌നമാണ് വീണ്ടും സജീവമായത്. ചക്ലിയ സമുദായംഗങ്ങള്‍ അധികവും കോണ്‍ഗ്രസുകാരായതിനാല്‍ കോണ്‍ഗ്രസാണ് ഇപ്പോള്‍ അയിത്ത പ്രശ്‌നത്തിനെതിരെ സജീവമായി രംഗത്ത് വന്നിട്ടുള്ളത്. കൗണ്ടര്‍മാരില്‍ കൂടുതല്‍ അണികളുള്ള സി പി എം കൗണ്ടര്‍മാരുടെ ഭാഗത്ത് നിലയുറപ്പിച്ചപ്പോള്‍ ഈ വിഭാഗത്തില്‍ നേരിയ സ്വാധീനമുള്ള ബി ജെ പി യും അയിത്തത്തിനെതിരെ വാ തുറന്നിട്ടില്ല.

Read More >>