കൊട്ടാരക്കരയെ പിടിച്ചുകുലുക്കി ഉണ്ണിയപ്പസമരം

സമരരീതികളില്‍ വ്യത്യസ്തമായ ഒന്നു കൊട്ടാരക്കരയില്‍ നടക്കുകയാണ്- ഉണ്ണിയപ്പ സമരം...

കൊട്ടാരക്കരയെ പിടിച്ചുകുലുക്കി ഉണ്ണിയപ്പസമരം

സംസ്ഥാനത്തെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ നടക്കുന്ന 'ഉണ്ണിയപ്പ സമരം' ശക്തിപ്രാപിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ വഴിപാടുതുക വര്‍ദ്ധിപ്പിച്ചതിനെതിരെ ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ നാലുദിവസമായി നടന്നു വരുന്ന സമരം പരിഹാരിക്കാനാകാതെ ക്ഷേത്ര അധികൃതരും കുഴങ്ങുകയാണ്. സമരത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ ഉണ്ണയപ്പ വഴിപാട് കൗണ്ടര്‍ ഭക്തര്‍ കഴിഞ്ഞ ദിവസം ഉപരോധിച്ചു.

ഒരുകവര്‍ ഉണ്ണിയപ്പത്തിന്റെ വില 20 രൂപയായിരുന്നത് 35 രൂപയായി ഉയര്‍ത്തിയതോടെയാണ് ഭക്തര്‍ പ്രതിഷേധവുമായി എത്തിയത്. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഭക്തര്‍ മഹാഗണപതി ക്ഷേത്രത്തില്‍ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ഭക്തര്‍ വഴിപാട് കൗണ്ടര്‍ ഉപരോധിക്കുകയാണ്.

എന്നാല്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ക്ഷേത്ര അധികൃതര്‍ ഉണ്ണിയപ്പം നിര്‍മാണം നിര്‍ത്തിയിട്ടില്ല. കഴിഞ്ഞ ദിവസം നിര്‍മ്മിച്ച ഉണ്ണിയപ്പം കീഴ്ശാന്തിയുടെ നേതൃത്വത്തില്‍ കുഴിച്ചുമൂടുകയും കത്തിച്ചുകളിയുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെ ഭക്തരുടെ ഭാഗത്തു നിന്നും വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തില്‍ ഉണ്ടാക്കിയ ഉണ്ണിയപ്പം ഭക്തര്‍ക്ക് വിതരണം ചെയ്യാതെ നശിപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നു ക്ഷേത്രസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.

സമരം നടത്തുന്നവരുമായി ദേവസ്വം ഉദ്യോഗസ്ഥര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. മറ്റു ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് ഉയര്‍ത്തിയതിനൊപ്പമാണ് ഗണപതിക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്കും ഉയര്‍ത്തിയിട്ടുള്ളത്. ഉണ്ണിയപ്പം നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റവും ജോലിക്കൂലി കൂടിയതുമൊക്കെയാണ് വിലവര്‍ധനവിന് കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. വിപുതിയ വില തുടര്‍ന്നു പോകാന്‍ തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

എന്നാല്‍ ഉണ്ണിയപ്പത്തിന് ദേവസ്വംബോര്‍ഡ് ഒറ്റയടിക്ക് 35 രൂപയാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നു സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇപ്പോള്‍ നടപ്പില്‍ വരുത്തിയ വിലവര്‍ധന അന്യായമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിക്കില്ല എന്നറിഞ്ഞുകൊണ്ടു ഉണ്ണിയപ്പം അധികം ഉണ്ടാക്കിയതെന്തിനെന്നും പ്രതിഷേധക്കാര്‍ ചോദ്യമുയര്‍ത്തുന്നു.

പ്രതിഷേധം നീണ്ടിട്ടും പരിഹാരത്തിനു ദേവസ്വംബോര്‍ഡ് തയ്യാറാകുന്നില്ലെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണയപ്പം നേര്‍ച്ച ഏറെക്കുറെ മുടങ്ങിയ സ്ഥിതിയാണ്. വിനായകന് ഉണ്ണിയപ്പം വഴിപാടായി സമര്‍പ്പിക്കാനെത്തുന്ന ദൂരദേശങ്ങളിലുള്ളവര്‍ ഇപ്പോള്‍ നിരശരായി മടങ്ങുകയാണ് ചെയ്യുന്നത്. നട തുറക്കുന്നതുമുതല്‍ അടയ്ക്കുന്നതുവരെ ഗണപതി വിഗ്രഹത്തിനു മുന്നില്‍ വച്ചു നിര്‍മ്മിക്കുന്ന ഉണ്ണിയപ്പത്തിനു സംസ്ഥാനത്തിനു പുറത്തുവരെവ വളരെയധികം പേരും പ്രശസ്തിയുമുണ്ട്.