സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ കേന്ദ്രത്തില്‍ കേരളത്തിന്റേതായി കെട്ടിക്കിടക്കുന്നത് 2000 കോടി; തൊഴിലുറപ്പും കാര്‍ഷിക പദ്ധതികളും അവതാളത്തിലാകും

തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ 75 ശതമാനം പദ്ധതികളുടെയും ചെലവഴിക്കല്‍ റിപ്പോര്‍ട്ട് ഒക്ടോബറിനു മുമ്പേ നല്‍കുകയും കേന്ദ്രവിഹിതവും കൂടാതെ അധിക സഹായധനവും മനടിയെതടുക്കുകയുമുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ ഭാഗത്തു സംഭവിച്ചിരിക്കുന്നത് വന്‍ വീഴ്ചയാണ്. ഇതിനു മുമ്പ് 2015-16 ല്‍ ദേശീയ സാമൂഹിക സഹായ പദ്ധതിയില്‍ അനുവദിച്ചിരുന്ന 111 കോടി രൂപ ഇത്തരത്തില്‍ പാഴാകുകയുണ്ടായി.

സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ കേന്ദ്രത്തില്‍ കേരളത്തിന്റേതായി കെട്ടിക്കിടക്കുന്നത് 2000 കോടി; തൊഴിലുറപ്പും കാര്‍ഷിക പദ്ധതികളും അവതാളത്തിലാകും

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കേ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടില്‍ കേരളത്തിന്റെതായി കെട്ടിക്കിടക്കുന്നത് 2000 കോടി രൂപ. വരവ് -ചെലവ് കണക്കുകളും നടത്തിപ്പു റിപ്പോര്‍ട്ടും സമയബന്ധിതമായി സമര്‍പ്പിക്കാത്തതിനാലാണ് അര്‍ഹതപ്പെട്ട തുക സംസ്ഥാനത്തിനു നേടിയെടുക്കാനാകാതെ വന്നത്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങാനിരിക്കേ ഈ തുക നേടിയെടുക്കാനുള്ള കഠിനപ്രയത്നത്തിലാണ് പിണറായി സര്‍ക്കാര്‍.

2016-17 ല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി കേരളത്തിനായി 6500 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ ഡിസംബര്‍ വരെ 3300 കോടി രൂപ ലഭിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ തിടുക്കത്തില്‍ നടത്തിയ ഇടപെടലിലൂടെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 1000 കോടി രൂപകൂടി ലഭിച്ചിരുന്നു. ബാക്കിയുള്ള തുകനേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ 75 ശതമാനം പദ്ധതികളുടെയും ചെലവഴിക്കല്‍ റിപ്പോര്‍ട്ട് ഒക്ടോബറിനു മുമ്പേ നല്‍കുകയും കേന്ദ്രവിഹിതവും കൂടാതെ അധിക സഹായധനവും മനടിയെതടുക്കുകയുമുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ ഭാഗത്തു സംഭവിച്ചിരിക്കുന്നത് വന്‍ വീഴ്ചയാണ്. ഇതിനു മുമ്പ് 2015-16 ല്‍ ദേശീയ സാമൂഹിക സഹായ പദ്ധതിയില്‍ അനുവദിച്ചിരുന്ന 111 കോടി രൂപ ഇത്തരത്തില്‍ പാഴാകുകയുണ്ടായി.

എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ മെല്ലെപ്പോക്കാണ് ഈ സ്ഥിതിക്കു കാരണമെന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇനിവരുന്ന വര്‍ഷങ്ങളില്‍ കേന്ദ്രവിഹിതം നേടിയെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അടുത്തിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം തീരുമാനിച്ചിരുന്നു. പരിഹാരത്തിനുള്ള ആദ്യപടിയായി കേന്ദ്രപദ്ധതികളുടെ ഏകോപനത്തിന് സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ രൂപവത്കരിച്ചിട്ടുണ്ടായിരുന്നു. പ്രസ്തുത സെല്ലിന്റെ ശ്രമഫലമായാണ് കഴിഞ്ഞ രണ്ടുമാസം 1000 കോടി രൂപ ലഭിച്ചതും.

ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കുട്ടനാട് പാക്കേജ്, പട്ടികജാതി-വര്‍ഗ ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയുടെ തുകയാണ് കിട്ടാനുള്ളത്. തൊഴിലുറപ്പു പദ്ധതിക്കുള്ള 518 കോടി രൂപയും കാര്‍ഷിക പദ്ധതികള്‍ക്കുള്ള 250 കോടി രൂപയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവസാന ശ്രമമെന്ന നിലയില്‍ ബാക്കിയുള്ള കേന്ദ്രഫണ്ടിനു സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. അതിന്റ ഭാഗമായി എല്ലാ വകുപ്പു സെക്രട്ടറിമാരും വിവിധ കേന്ദ്രമന്ത്രാലയങ്ങളില്‍ നേരിട്ടുവന്ന് ചര്‍ച്ച നടത്തണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More >>