പറമ്പിക്കുളം കടുവാസങ്കേതത്തിലേക്ക് വനഭൂമി കയ്യേറി റിസോര്‍ട്ട് മാഫിയ റോഡ് വെട്ടി; അനധികൃത റോഡിലൂടെ എത്തിയ സഞ്ചാരി സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥര്‍

പറമ്പിക്കുളം കടുവാസങ്കേതത്തിലേക്ക് വനഭൂമി കയ്യേറി റിസോര്‍ട്ട് മാഫിയ റോഡ് വെട്ടി. അനധികൃത റോഡിലൂടെ എത്തിയ സഞ്ചാരി സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഈ കൊടുംകാട്ടിലൂടെ, തങ്ങള്‍ കയ്യേറിയ വനഭൂമിയിലേക്കാണ് ആറ് കിലോമീറ്റര്‍ റോഡ് റിസോര്‍ട്ട് മാഫിയ നിര്‍മ്മിച്ചത്. കാട്ടുപോത്തും കരിങ്കുരങ്ങും കടുവകളുമൊക്കെ വിഹരിക്കുന്ന ജൈവ വൈവിധ്യങ്ങളുടെ അപൂര്‍വ്വയിടത്തിലാണ് ഈ അനധികൃത റോഡ്. മൃഗവേട്ടയ്ക്കും വന്‍മരങ്ങളുടെ കള്ളക്കടത്തിനും റോഡ് ദുരുപയോഗം ചെയ്യാനിടയുണ്ട്.

പറമ്പിക്കുളം കടുവാസങ്കേതത്തിലേക്ക് വനഭൂമി കയ്യേറി റിസോര്‍ട്ട് മാഫിയ റോഡ് വെട്ടി; അനധികൃത റോഡിലൂടെ എത്തിയ സഞ്ചാരി സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥര്‍

അതീവ സുരക്ഷാ മേഖലയായ പറമ്പിക്കുളം കടുവസങ്കേതത്തിലെ കൊടുംവനത്തിലൂടെ ഭൂമാഫിയ റോഡ് നിര്‍മ്മിച്ചു. വനംവകുപ്പിന്റെ ഒത്താശയോടെയാണിത് എന്നാണ് ആക്ഷപം. പറമ്പിക്കുളത്തേക്കുള്ള കേരളത്തിന്റെ സ്വന്തം വഴിയെന്ന പേരിലാണ് അനധികൃത റോഡ് നിമ്മാണം. കൊടുങ്കാട്ടിനുള്ളില്‍ ഭൂമാഫിയയകള്‍ കയ്യേറിയിട്ടുള്ള 782 ഏക്കര്‍ ഭൂമിയിലേക്കാണ് വഴി വെട്ടിയത്. കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ അറിവോ അനുമതിയോ കൂടാതെ ജെ സി ബി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് ആറ് കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചു കഴിഞ്ഞു.

വന്യമൃഗങ്ങള്‍ വിഹരിക്കുന്ന അതീവ പരിസ്ഥിതിലോല പ്രദേശമായ കൊടുംവനത്തിലൂടെ ഒരു കാരണവശാലും ടൂറിസ്റ്റുകള്‍ക്കും മറ്റും സഞ്ചാരം അനുവദിക്കാറില്ല. ഫോര്‍വീൽ ജീപ്പുകള്‍ക്ക് പോലും സഞ്ചരിക്കാൻ ബുദ്ധിമുട്ടായിരുന്ന വനമ്പാതയെ റിസോര്‍ട്ട് മാഫിയ റോഡാക്കിയതോടെ, കഴിഞ്ഞ ദിവസം ഇതുവഴി സഞ്ചാരികളുടെ സംഘം വനത്തിലെത്തി. വനത്തിലൂടെ നെന്മാറ വനംവകുപ്പ് പരിധിയില്‍ വരുന്ന അല്ലിമൂപ്പന്‍, തേക്കടി, മുപ്പതേക്കര്‍ ആദിവാസി കോളനികളിലേക്കാണ് ജീപ്പുകളിൽ സംഘം എത്തിയത്. ഇവര്‍ കോളനികളിലെ ആദിവാസി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നെന്മാറ റെയ്ഞ്ച് ഓഫീസര്‍ ബി രഞ്ചിത്താണ് ചടങ്ങ് ഉല്‍ഘാടനം ചെയ്തത്. മറ്റു ചില വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

സാധാരണഗതിയില്‍ ഈ പ്രദേശത്തേക്ക് വരണമെങ്കില്‍ തമിഴ്‌നാടിന്റെ പരിധിയിലൂടെ അവിടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെങ്കിലെ സാധിക്കൂ. എന്നാല്‍ റിസോര്‍ട്ട് മാഫിയ വിട്ടുകൊടുത്ത ജീപ്പിൽ, റിസോര്‍ട്ട് മാഫിയ വെട്ടിയ അനധികൃത റോഡിലൂടെയാണ് സംഘം വനത്തിലെത്തിയത്.

പിറ്റേന്ന് റിസോര്‍ട്ട് മാഫിയ നിര്‍മ്മിച്ച റോഡിനെക്കുറിച്ചും സംഘത്തിന്റെ യാത്രയെക്കുറിച്ചുമുള്ള വാര്‍ത്ത മാതൃഭൂമി പാലക്കാട് എഡിഷനില്‍ പ്രസിദ്ധികരിക്കുകയും ചെയ്തിരുന്നു. പറമ്പിക്കുളത്തേക്ക് കേരളത്തിന്റെ സ്വന്തം വഴി ഉടന്‍ എന്ന തലക്കെട്ടില്‍, പത്ത് ദിവസത്തിനകം പുതുതായി നിര്‍മ്മിച്ച റോഡ് കോണ്‍ക്രീറ്റ് ചെയ്യുമെന്നും മാതൃഭൂമി വാര്‍ത്ത നല്‍കി. എന്നിട്ടും ഇത്തരത്തില്‍ വനത്തിനകത്ത് ഒരു റോഡ് നിര്‍മ്മിച്ചതിനെക്കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ കേന്ദ്ര വനം മന്ത്രാലയത്തിനും ഹരിത ട്രൈബ്യൂണലിനും വനത്തിനകത്തെ കയ്യേറ്റത്തെ കുറിച്ച് പരാതി നല്‍കിയതോടെ വനം വകുപ്പ് വെട്ടിലായിരിക്കുകയാണ്.

കാടിനകത്ത് ഭൂമാഫിയകള്‍ കയ്യേറിയിട്ടുള്ള 782 ഏക്കര്‍ എസ്റ്റേറ്റ് എന്നു പറയുന്ന വനഭൂമിയിലേക്ക് നെല്ലിയാമ്പതിയില്‍ നിന്ന് എത്തുന്ന വിധത്തിലാണ് റോഡ് നിര്‍മ്മാണം. നേരത്തെ ഈ ഭൂമിയിലേക്ക് തമിഴ്നാട് വഴി മാത്രമേ വരാനാകുമായിരുന്നുള്ളൂ.

നെല്ലിയാമ്പതി പുലയന്‍പാറയില്‍ നിന്ന് ആനമട എസ്റ്റേറ്റിലേക്ക് ഇപ്പോള്‍ വനംവകുപ്പിന്റെ 14 കിലോമീറ്റര്‍ വനമ്പാതയുണ്ട്. ഇവിടെ നിന്നുമാണ് ആറു കിലോ മീറ്റര്‍ റോഡ് റിസോര്‍ട്ട് മാഫിയ നിര്‍മ്മിച്ചത്. കാട്ടുപോത്തും കരിങ്കുരങ്ങും കടുവകളുമൊക്കെ വിഹരിക്കുന്ന ജൈവ വൈവിധ്യങ്ങളുടെ അപൂര്‍വ്വയിടത്തിലാണ് ഈ അനധികൃത റോഡ്. മൃഗവേട്ടയ്ക്കും വന്‍മരങ്ങളുടെ കള്ളക്കടത്തിനും റോഡ് ദുരുപയോഗം ചെയ്യാനിടയുണ്ട്.

വനപാലകര്‍ക്കോ അനുമതി വാങ്ങിയവര്‍ക്കോ മാത്രമേ ഈ കാട്ടിലൂടെ സഞ്ചരിക്കാന്‍ അനുവാദമുള്ളു. നാട്ടുകാര്‍ക്കോ ടൂറിസ്റ്റുകള്‍ക്കോ ഒരിക്കലും പ്രവേശനം നല്‍കാറില്ല. ഈ റോഡ് ചെന്നു ചേരുന്ന പെരിയച്ചോല എസ്റ്റേറ്റില്‍ സ്വകാര്യ എസ്റ്റേറ്റുകളും റിസോര്‍ട്ടുകളുമുണ്ട്. ഇവിടെയുള്ള 782 ഏക്കര്‍ ഭൂമി കയ്യടക്കി വെചചിട്ടുള്ള സ്വകാര്യ വ്യക്തി അത് മറ്റു പലര്‍ക്കും വിറ്റു വരുന്നുണ്ട്. എല്ലാ രേഖകളും വ്യാജമായി ചമച്ചാണ് വില്‍പ്പനയും മറ്റും നടക്കുന്നത് എന്നാണ് മറ്റൊരു പരാതി.

റോഡ് നിര്‍മ്മിച്ചത് തങ്ങള്‍ കുറച്ചു പേര്‍ കയ്യില്‍ നിന്നുള്ള പണം എടുത്താണ്. വരുന്ന മൂന്ന് മാസത്തിനകം റോഡിന്റെ കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കും.

ഇവിടത്തെ ഒരു എസ്റ്റേറ്റ് ഉടമ നാരദാ ന്യൂസിനോട് പറഞ്ഞു.

ഇപ്പോള്‍ തന്റെ കയ്യിലുള്ള 520 ഏക്കറോളം ഭൂമി വിറ്റു പോകാന്‍ റോഡ് വന്നാല്‍ ഉപകരിക്കും. സ്ഥലം വാങ്ങുന്നവര്‍ക്ക് റിസോര്‍ട്ട് കെട്ടി ടൂറിസ്റ്റുകളെ കൊണ്ടുവരാം. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെയുള്ള ഈ റോഡ് തങ്ങളുടെ സ്വപ്നഫലമാണ്, അദ്ദേഹം തുടർന്നു

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ വന്നു നോക്കി പോയിരുന്നുവെന്നും അവരെ കൊണ്ട് ഉപദ്രവമുണ്ടാകില്ലെന്നും അയാള്‍ വ്യക്തമാക്കി.

വനത്തിനകത്തെ മണ്ണ് നീക്കം ചെയ്യാന്‍ വനംവകുപ്പിന് പോലും ജെ സി ബി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലായെന്നിരിക്കെയാണ് റിസോര്‍ട്ട് മാഫിയ 40 ദിവസത്തോളം ജെ സി ബി ഉപയോഗിച്ച് വനഭൂമി റോഡാക്കിയത്. റോഡ് നിര്‍മ്മാണം നടക്കുമ്പോള്‍ പലതവണ ഡി എഫ് ഓ യും ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ഇതുവഴി സഞ്ചരിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തെ കുറിച്ച് നാരദാന്യൂസ് അന്വേഷിച്ചപ്പോഴും അങ്ങനെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് ഡി എഫ് ഓ പറഞ്ഞിരുന്നത്.