ഗൈഡുമാരെ കിട്ടാനില്ലാതെ ഗവേഷക വിദ്യാര്‍ഥികളുടെ പഠനം വഴിമുട്ടുന്നു; ഏറ്റവും വലിയ തിരിച്ചടി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക്

ഏറ്റവും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി പഠനത്തിനു യോഗ്യത നേടിയവര്‍ക്കാണ്. 2017-18 കാലയളവില്‍ 300ലധികം വിദ്യാര്‍ഥികളാണ് കാലിക്കറ്റില്‍ മാത്രം പിഎച്ച്ഡി പഠനത്തിന് അര്‍ഹരായത്. ഗൈഡുമാരില്ലാതെ ഇതിലധികം പേര്‍ക്കും പിഎച്ച്ഡി പഠനം ബാലികേറാമലയാകും. ജെആര്‍എഫ് (ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്) നേടി രണ്ടു വര്‍ഷത്തിനകം പിഎച്ച്ഡി പ്രവേശനം നേടിയിട്ടില്ലെങ്കില്‍ ഫെലോഷിപ്പ് നഷ്ടമാകുമെന്നിരിക്കെ ഗവേഷക വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. പിഎച്ച്ഡി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അധികം വിദ്യാര്‍ഥികളും ജെആര്‍എഫ് യോഗ്യതയുള്ളവരാണ്

ഗൈഡുമാരെ കിട്ടാനില്ലാതെ ഗവേഷക വിദ്യാര്‍ഥികളുടെ പഠനം വഴിമുട്ടുന്നു; ഏറ്റവും വലിയ തിരിച്ചടി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക്

ഗവേഷണത്തിന് ഗൈഡ് ചെയ്യാനുള്ള വിദ്യാര്‍ഥികളുടെ എണ്ണം എട്ടില്‍ നിന്ന് ആറ്, നാല് എന്നിങ്ങനെ വെട്ടിച്ചൊരുക്കിയ യുജിസി നടപടി ഗവേഷക വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നു. യുജിസി മാനദണ്ഡം അനുസരിച്ച് പ്രവേശനം നേടാനാവാതെ വിവിധ സര്‍വകലാശാലകളിലായി നൂറുകണക്കിനു വിദ്യാര്‍ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഏറ്റവും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി പഠനത്തിനു യോഗ്യത നേടിയവര്‍ക്കാണ്. 2017-18 കാലയളവില്‍ 300ലധികം വിദ്യാര്‍ഥികളാണ് കാലിക്കറ്റില്‍ മാത്രം പിഎച്ച്ഡി പഠനത്തിന് അര്‍ഹരായത്. ഗൈഡുമാരില്ലാതെ ഇതിലധികം പേര്‍ക്കും പിഎച്ച്ഡി പഠനം ബാലികേറാമലയാകും.

ജെആര്‍എഫ് (ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്) നേടി രണ്ടു വര്‍ഷത്തിനകം പിഎച്ച്ഡി പ്രവേശനം നേടിയിട്ടില്ലെങ്കില്‍ ഫെലോഷിപ്പ് നഷ്ടമാകുമെന്നിരിക്കെ ഗവേഷക വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. പിഎച്ച്ഡി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അധികം വിദ്യാര്‍ഥികളും ജെആര്‍എഫ് യോഗ്യതയുള്ളവരാണ്. പിഎച്ച്ഡിക്ക് അപേക്ഷിച്ചവരും നൂറുകണക്കിന് പേരുണ്ട്. ഒരു ഗൈഡിന്റെ കീഴില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷക്കാലം തുടരാമെന്ന വ്യവസ്ഥയില്‍പ്പോലും ഗൈഡുമാരെ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നതായി ഗവേഷക വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് നാലും ആറുമാക്കി വെട്ടിച്ചുരുക്കിയതാണ് ഏറെ തിരിച്ചടിയായിരിക്കുന്നത്.

പിഎച്ച്ഡി ലഭിച്ച് ഒരുവര്‍ഷം കഴിഞ്ഞാല്‍ ഗൈഡാവാന്‍ യൂണിവേഴ്‌സിറ്റിക്ക് അപേക്ഷ നല്‍കാവുന്നതാണ്. ഗൈഡ് ചെയ്യുന്ന വിഷയത്തില്‍ പിഎച്ച്ഡി ഉണ്ടായിരിക്കണമെന്നാണ് മാനദണ്ഡം. യുജിസിയുടെ പുതിയ മാനദണ്ഡം അനുസരിച്ച് ഉന്നത വിദ്യഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവുതന്നെ ഉണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. പുതിയ ഗവേഷകരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെങ്കിലും ഇത് പരിഹരിക്കാന്‍ കൂടുതല്‍ റിസര്‍ച്ച് സെന്ററുകള്‍ തുടങ്ങുമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ മുഹമദ് ബഷീര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ഗവേഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രാപ്തരായ അധ്യാപകരുമുള്ള ഗവണ്‍മെന്റ്-എയ്ഡഡ് കോളേജുകളെ റിസര്‍ച്ച് സെന്ററിനായി പരിശോധിച്ചുവരികയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.