ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ശിക്ഷാ ഇളവു പട്ടികയിൽ ഉൾപ്പെടുത്തിയത് ഉമ്മൻചാണ്ടി സർക്കാർ?

കഴിഞ്ഞ സർക്കാരിന്റെ കാലത്തു തയ്യാറാക്കിയ 2300 പേരുടെയും പട്ടിക ഉടൻ പുറത്തുവിടാനൊരുങ്ങുകയാണ് സർക്കാർ. ഇപ്പോഴത്തെ വിവാദത്തിനു കാരണമായ എല്ലാവരും ആ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുങ്ങുന്നത്.

ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ശിക്ഷാ ഇളവു പട്ടികയിൽ ഉൾപ്പെടുത്തിയത് ഉമ്മൻചാണ്ടി സർക്കാർ?

2015 ലെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറാക്കിയ 2300 തടവുകാരുടെ പട്ടികയിലും ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഉൾപ്പെട്ടിരുന്നുവെന്നു വിവരം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു തയ്യാറാക്കിയ 2300 പേരുടെയും പട്ടിക ഉടൻ പുറത്തുവിടാനൊരുങ്ങുകയാണ് സർക്കാർ. ഇപ്പോഴത്തെ വിവാദത്തിനു കാരണമായ എല്ലാവരും ആ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുങ്ങുന്നത്.

യുഡിഎഫ് ഭരണകാലത്ത് തയ്യാറാക്കിയ പട്ടികയും ഗവർണർ തിരിച്ചയച്ചിരുന്നു. ഓരോ കേസും മന്ത്രിസഭാ പരിശോധിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം ഫയൽ സർക്കാരിനു മടക്കിയത്. പിന്നീട് ഈ ഫയലിൽ നടപടികളൊന്നുമെടുത്തില്ല. ശിക്ഷാ ഇളവു സംബന്ധിച്ച സുപ്രിംകോടതി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ സർക്കാരിന്റെ കാലത്ത് വീണ്ടും ഫയൽ സമർപ്പിക്കുകയാണ് ചെയ്തത്. യുഡിഎഫ് തയ്യാറാക്കിയ പട്ടികയിൽ നിന്ന് അറുപതു പേരെ നീക്കം ചെയ്യുന്ന പ്രക്രിയ മാത്രമേ എൽഡിഎഫ് സർക്കാർ ചെയ്തിട്ടുള്ളൂവെന്നുമാണ് സിപിഐഎം വാദം.

ഇതിനായി ആഭ്യന്തര വകുപ്പ് അഡി . സെക്രട്ടറി, ജയില്‍ ഡി ഐ ജി, ലോ സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയാണ് ഓരോ കേസും വെവ്വേറെ പരിശോധിച്ച് പുതിയ സർക്കാർ സമർപ്പിച്ച 1850 പേരുടെ പട്ടിക തയ്യാറാക്കിയത്.

ശിക്ഷാ കാലയളവിൽ ജയിലിനുള്ളിൽ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെക്കുറിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. സഹതടവുകാരെയും ജയിൽ ജീവനക്കാരെയും ആക്രമിച്ചെന്ന ആക്ഷേപം പലതവണ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. അക്രമത്തെ തുടർന്ന് കോഴിക്കോട് ജയിലിൽ നിന്ന് ഇവരെ മാറ്റണമെന്നാവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് ബാബുരാജ് കോടതിയെ സമീപിച്ച സംഭവവും ഉണ്ടായി.

എന്നാൽ ജയിൽ മാറ്റം ലക്ഷ്യമിട്ടാണ് പ്രതികൾ നിരന്തരമായ അക്രമത്തിനു മുതിരുന്നത് എന്നു തിരിച്ചറിഞ്ഞ് കേസ് പിൻവലിക്കുകയാണ് ചെയ്തത്. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗവും ഫേസ് ബുക്കു വഴി പ്രതികളുടെ ഉല്ലാസജീവിതത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതും യുഡിഎഫ് ഭരണകാലത്താണ്. ശിക്ഷാ ഇളവിന് അർഹത നേടാൻ ജയിലിനുള്ളിലെ നല്ല നടപ്പ് പ്രധാന മാനദണ്ഡമാണ്.

ഇത്രയും വിവാദങ്ങൾ പ്രതികളുടെ പേരിൽ പ്രചരിക്കപ്പെട്ടിട്ടും യുഡിഎഫ് സർക്കാർ തയ്യാറാക്കിയ ശിക്ഷാ ഇളവിന് അർഹതയുള്ളവരുടെ പട്ടികയിൽ ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഉൾപ്പെട്ടത് അത്ഭുതകരമാണ്.

പക്ഷേ, പ്രത്യേകം കമ്മിറ്റി രൂപീകരിച്ച് ഏറെ അവധാനതയോടെ എൽഡിഎഫ് തയ്യാറാക്കിയ പട്ടികയിലും ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഉൾപ്പെട്ടുവെന്ന യാഥാർത്ഥ്യത്തെ ഈ വാദം കൊണ്ടു മറികടക്കാനാവുമോ എന്ന സംശയവും ഉയരുന്നു. കുറ്റവാളികൾക്ക് മാപ്പുകൊടുക്കുക എന്ന ഉയർന്ന നീതിബോധം പ്രകടിപ്പിച്ചതിന്റെ ഒരു നേട്ടവും സർക്കാരിനോ സിപിഐഎമ്മിനോ ഉണ്ടായില്ലെന്നു മാത്രമല്ല, വേണ്ടതിലേറെ ചീത്തപ്പേരു കേൾക്കുകയും ചെയ്തു.

ഗവർണർക്കു സമർപ്പിക്കാൻ ഇരുസർക്കാരുകളും തയ്യാറാക്കിയ പട്ടിക വിവാദങ്ങൾ ഉയർന്ന കാലത്തുതന്നെ എന്തുകൊണ്ട് പരസ്യപ്പെടുത്തിയില്ല എന്ന ചോദ്യവും ബാക്കിയാകുന്നു.