ടി പി കേസ് പ്രതികള്‍ക്കും നിസാമിനും ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാര്‍; സന്തോഷ് മാധവനും പട്ടികയില്‍

യുഡിഎഫ് കാലത്ത് തയ്യാറാക്കിയ പട്ടിക തിരുത്തി 1860 പേരുടെ പേരുകളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ജയില്‍വകുപ്പ് സമര്‍പ്പിച്ച പട്ടികയില്‍ ആരൊക്കെ ഒഴിവാക്കിയാണ് ഗവര്‍ണര്‍ക്ക് പട്ടിക സമര്‍പ്പിച്ചത് എന്ന് ഇനിയും വ്യക്തമല്ല.

ടി പി കേസ് പ്രതികള്‍ക്കും നിസാമിനും ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാര്‍; സന്തോഷ് മാധവനും പട്ടികയില്‍

ടി പി വധക്കേസ് പ്രതികളുള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ്നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരെന്ന് രേഖകള്‍. 2016 ഫെബ്രുവരിയില്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ടിപി വധക്കേസ് പ്രതികള്‍ക്കു പുറമേ ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാം, സന്തോഷ് മാധവന്‍, കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ് പ്രതി ബിനീഷ് തുടങ്ങിയവരും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പട്ടികയിലുണ്ടായിരുന്നു.

2016 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 2800 തടവുകാരാണ് ജയിലുകളില്‍ തടവുശിക്ഷ അനുഭവിച്ചിരുന്നത്. ഇതില്‍ 2580 പേര്‍ക്കും ശിക്ഷാ ഇളവ് നല്‍കാന്‍ യുഡിഎഫിന്റെ പട്ടികയില്‍ ശുപാര്‍ശയുണ്ടായിരുന്നു. സന്തോഷ് മാധവന്‍, കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ് പ്രതി ബിനീഷ് എന്നിവരും പട്ടികയിലുണ്ടായിരുന്നു. ഈ പട്ടിക തിരുത്തി 1860 പേരുടെ പേരുകളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത്. കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഇടതുസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.

അതേസമയം ഇടതുസര്‍ക്കാരാണ് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ആരോപണമുന്നയിച്ച പ്രതിപക്ഷം ഇതോടെ വെട്ടിലായി. ഈ തീരുമാനമെടുത്ത അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇന്ന് പ്രതിപക്ഷനേതാവായി സര്‍ക്കാരിനെ കടന്നാക്രമിച്ചത്. എന്നാല്‍ ജയില്‍വകുപ്പ് സമര്‍പ്പിച്ച പട്ടികയില്‍ ആരൊക്കെ ഒഴിവാക്കിയാണ് ഗവര്‍ണര്‍ക്ക് പട്ടിക സമര്‍പ്പിച്ചത് എന്ന് ഇനിയും വ്യക്തമല്ല. മന്ത്രിസഭാ തീരുമാനം നടന്നുകഴിഞ്ഞ ശേഷമേ വിവരാവകാശ നിയമപ്രകാരം മറുപടി ലഭ്യമാക്കേണ്ടതുള്ളൂ എന്ന തീരുമാനം ചൂണ്ടിക്കാട്ടി, അപേക്ഷ സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.

Story by