പൊലീസുകാര്‍ക്ക് തിരിച്ചടി; ഉദയകുമാറിനെ ഉരുട്ടാനുപയോഗിച്ച ഇരുമ്പ് ദണ്ഡ് തിരിച്ചറിഞ്ഞു

നേരത്തെ, ഉദയകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ദ ശ്രീകുമാരിയും ഉദയകുമാറിന്റേത് ലോക്കപ്പ് മരണമാണെന്നുള്ള നിര്‍ണായക മൊഴി സിബിഐ കോടതിയില്‍ നല്‍കിയിരുന്നു.

പൊലീസുകാര്‍ക്ക് തിരിച്ചടി; ഉദയകുമാറിനെ ഉരുട്ടാനുപയോഗിച്ച ഇരുമ്പ് ദണ്ഡ് തിരിച്ചറിഞ്ഞു

തിരുവനന്തപുരം ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാര്‍ക്ക് തിരിച്ചടി. ഉദയകുമാറിനെ ഉരുട്ടാനുപയോഗിച്ച ഇരുമ്പ് ദണ്ഡ് തിരിച്ചറിഞ്ഞു. ഫോറന്‍സിക് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ് അലക്‌സാണ്ടറാണ് ഇരുമ്പു ദണ്ഡ് തിരിച്ചറിഞ്ഞത്. സിബിഐ കോടതിയിലെ വിചാരണയ്ക്കിടെയാണ് തോമസ് അലക്‌സാണ്ടറുടെ നിര്‍ണായക മൊഴി.

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടാനുപയോഗിച്ച ഇരുമ്പു ദണ്ഡ്, കിടത്തിയ കട്ടില്‍, വസ്ത്രങ്ങള്‍ എന്നിവയാണ് തോമസ് അലക്‌സാണ്ടര്‍ തിരിച്ചറിഞ്ഞത്. നേരത്തെ, ഉദയകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ദ ശ്രീകുമാരിയും ഉദയകുമാറിന്റേത് ലോക്കപ്പ് മരണമാണെന്നുള്ള നിര്‍ണായക മൊഴി സിബിഐ കോടതിയില്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തോമസ് അലക്‌സാണ്ടറുടെ വെളിപ്പെടുത്തല്‍.

ഉദയകുമാര്‍ മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പു നടന്ന മാരകമായ മര്‍ദ്ദനാണ് മരണകാരണമെന്ന് ഡോക്ടര്‍ ശ്രീകുമാരി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഉദയകുമാറിന്റെ ദേഹത്ത് മാരകമായി മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നു. സ്വാഭാവിക കാരണങ്ങളാലല്ല മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ഇരുമ്പ് പൈപ്പ് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയതായും ശ്രീകുമാരി പറഞ്ഞിരുന്നു.

2005 സെപ്തംബര്‍ 29നായിരുന്നു മോഷണക്കേസില്‍ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഉദയകുമാര്‍ എന്ന യുവാവ് ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഉദയകുമാറിനൊപ്പം കൂട്ടാളി സുരേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎസ്പി ഇ കെ സാബു, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അജിത്കുമാര്‍, ഹെഡ്കോണ്‍സ്റ്റബിള്‍ വി പി മോഹന്‍, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.


ശേഷം, അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. 2007ല്‍ തിരുവനന്തപുരം അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചെങ്കിലും മുഖ്യസാക്ഷി സുരേഷ്‌കുമാര്‍ നാടകീയമായി കൂറുമാറിയത് വിചാരണയ്ക്ക് തിരിച്ചടിയായി. ഇതോടൊപ്പം സാക്ഷികളായ ഭൂരിഭാഗം പൊലീസുകാരും കൂറുമാറി. തുടര്‍ന്ന്, ഉദയകുമാറിന്റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


Read More >>