പിണറായി സർക്കാരിന്റെ ഒന്നാം വർഷം യു എ പി എ കേസുകളുടെ സുവർണ്ണകാലം; ഇനിയും 'ശരിയാവാതെ' പൊലീസ്

ഒരു വർഷത്തെ ഭരണം കൊണ്ട് 'ശരിയാകാത്ത' കാര്യങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നതാണ് ഈ യു എ പി എ കേസുകൾ.

പിണറായി സർക്കാരിന്റെ ഒന്നാം വർഷം യു എ പി എ കേസുകളുടെ സുവർണ്ണകാലം; ഇനിയും ശരിയാവാതെ പൊലീസ്

പിണറായി വിജയന്‍ നയിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 52 യു എ പി എ(അണ്‍ലോഫുള്‍ ആക്ടിവീറ്റീസ് ഓഫ് പ്രിവന്‍ഷന്‍ ആക്ട്) കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യു എ പി എ കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചവര്‍ തന്നെയാണ് ഇത്രയും കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നുവെന്നതാണ് വിരോധാഭാസം. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമാരോപിച്ച് കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസൊഴികെ മറ്റെല്ലാ യു എ പി എ കേസുകളും പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും തുടര്‍നടപടികളൊന്നുംതന്നെ ഇതുവരെ ഉണ്ടായിട്ടില്ല. 2012 മുതല്‍ യു എ പി എ പ്രകാരം എടുത്ത കേസുകള്‍ 162 എണ്ണമാണ്. ഇതില്‍ 110 കേസുകള്‍ അഞ്ച് വര്‍ഷത്തിനിടെ യു ഡി എഫ് സര്‍ക്കാറെടുത്തപ്പോള്‍ ഒരുവര്‍ഷംകൊണ്ടാണ് ഇടതുസര്‍ക്കാര്‍ 52 കേസുകളെടുത്തത്.

സംസ്ഥാനത്തെ 42 യു എ പി എ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കിയിരുന്നു. പിന്നീട് വന്ന ഡിജിപി സെന്‍കുമാറാകട്ടെ ഇക്കാര്യം പരിഗണിക്കില്ലെന്ന സൂചനയാണ് നല്‍കിയതും. അതുകൊണ്ടുതന്നെ യു എ പി എ കേസുകള്‍ നിലനില്‍ക്കുന്നതിലേക്ക് തന്നെയാണ് കാര്യങ്ങളുടെ പോക്ക്. യു എ പി എ കേസുകള്‍ പുന:പരിശോധിക്കാന്‍ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചാണ് നടപടികള്‍ നീക്കിയതെങ്കിലും സെന്‍കുമാര്‍ ഇതിനോട് യോജിക്കാത്ത നിലപാടെടുത്തുവെന്നാണ്.

ഒരു അഡിഷണല്‍ എസ് ഐ വിചാരിച്ചാല്‍പോലും യു എ പി എ പ്രകാരം പൗരനുമേല്‍ രാജ്യദ്രോഹം കുറ്റം ചേര്‍ത്ത് കേസെടുക്കാന്‍ കഴിയും. അതേസമയം കേസ് ഐ എസ് ഐ ടി(ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം)യിലെ ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെങ്കിലും അന്വേഷിച്ച് ബോധ്യപ്പെടണമെന്നാണ് നിയമം. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട കേസുകളിലൊന്നും അത്തരം അന്വേഷണ നടപടികള്‍ നടക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി നാരദാ ന്യൂസിനോട് പറഞ്ഞു. യു എ പി എ ചുമത്തരുതെന്ന നിലപാടാണ് ഇടതുപക്ഷ സർക്കാരിനുള്ളതെന്നു സിപിഐ വ്യക്തമാക്കിയിരുന്നു. യു എ പി എ ഭീകവാദികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിയമമാണെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ ഇത് പ്രയോഗിക്കിക്കുന്നത് ശരിയല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു.

നോവലിലൂടെ ദേശീയഗാനത്തെ അപമാനിച്ചെന്ന പേരിലാണ് നോവലിസ്റ്റ് കമല്‍ സി ചവറയ്‌ക്കെതിരെ യു എ പി എ പ്രകാരം കേസെടുത്തത്. സംഭവം വിവാദമായതോടെ ഇതൊഴിവാക്കിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് എസ്‌ഐ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗം റേഞ്ച് തലത്തിലുള്ള യോഗങ്ങൾ വിളിച്ചു ചേർക്കുകയും യു എ പി എ ഉൾപ്പെടെയുള്ള നിയമങ്ങൾ ലാഘവത്തോടെ ചുമത്തുന്നതിനെ കർശനമായി വിമർശിക്കുകയും ഇത് സർക്കാരിന്റെ നയമല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു.

യു എ പി എ ഉൾപ്പെടെയുള്ള നിയമങ്ങളെ കരിനിയമങ്ങൾ എന്നു വിശേഷിപ്പിക്കുകയും അവയ്‌ക്കെതിരെ ദേശീയതലത്തിൽ തന്നെ പരസ്യമായി എതിർക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്, പിണറായി സർക്കാർ ചുമത്തിയിട്ടുള്ള ഈ കേസുകളുടെ എണ്ണം തലവേദനയുണ്ടാക്കുകതന്നെ ചെയ്യും. ഒരു വർഷത്തെ ഭരണം കൊണ്ട് 'ശരിയാകാത്ത' കാര്യങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നതാണ് ഈ യു എ പി എ കേസുകൾ.