കാസർഗോട്ട് രണ്ടു വ്യത്യസ്തസംഭവങ്ങളിൽ ബാലികമാർ പീഡനത്തിനിരയായി; പ്രതികൾ പൊലീസ് പിടിയിൽ

രണ്ടു സംഭവങ്ങളിലും അയൽവാസികളാണ് പ്രതികൾ. പതിനാറുകാരനും അറുപതുകാരനും ഉൾപ്പെടെ മൂന്നു പ്രതികളാണ് രണ്ടു പീഡനക്കേസുകളിലുമായി അറസ്റ്റിലായത്.

കാസർഗോട്ട് രണ്ടു വ്യത്യസ്തസംഭവങ്ങളിൽ ബാലികമാർ പീഡനത്തിനിരയായി; പ്രതികൾ പൊലീസ് പിടിയിൽ

കാസർഗോട്ട് രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു ബാലികമാർ പീഡനത്തിനിരയായി. വെള്ളരിക്കുണ്ടിലും കാഞ്ഞങ്ങാടുമാണ് രണ്ടു എട്ടുവയസ്സുകാരികൾ ക്രൂരതയ്ക്ക് ഇരയായത്. രണ്ടു സംഭവങ്ങളിലും അയൽവാസികളാണ് പ്രതികൾ. പരാതി ലഭിച്ചയുടനെ പൊലീസ് നടത്തിയ നീക്കത്തിൽ മുഴുവൻ പ്രതികളെയും പിടികൂടി.

വെള്ളരിക്കുണ്ടിനു സമീപം ബളാലിൽ ആദിവാസി വിഭാഗത്തിൽ പെട്ട എട്ടു വയസ്സുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കുട്ടിയുടെ അയൽവാസികൾ കൂടിയായ പതിനാറു വയസ്സുള്ള പ്ലസ് വൺ വിദ്യാർത്ഥിയെയും ഇരുപത്തൊന്നു വയസ്സുള്ള പ്രിയേഷ് എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പ്രിയേഷിനെ ഹോസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പതിനാറുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം നല്‍കി. പീഡിപ്പിക്കപ്പെട്ട ബാലികയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവർക്കും നേരെ പോസ്കോ നിയമപ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രായപൂർത്തിയാവാത്ത പ്രതിയും പ്രിയേഷും വ്യത്യസ്ത ദിനങ്ങളിൽ അവരവരുടെ വീടുകളിൽ വച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെയും കൂട്ടി വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലെത്തുകയും പരാതിനല്‍കുകയുമായിരുന്നു. ചൈൽഡ് ലൈനും കുട്ടിയുടെ വിശദമായ മൊഴിയെടുത്തിട്ടുണ്ട്.

കാഞ്ഞങ്ങാടിന് സമീപം എട്ടു വയസ്സുള്ള ഒരു ബാലിക കൂടി പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സ്വദേശിയായ അറുപതുവയസ്സുള്ള ഗോവിന്ദനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ബാലികയുടെ കുടുംബ വീടിന്റെ അയല്പക്കത്താണ് ഗോവിന്ദൻ താമസിക്കുന്നത്. കുടുംബവീട്ടിൽ താമസിക്കാനെത്തിയ ബാലികയെ തന്റെ വീട്ടിൽ വച്ച് ഗോവിന്ദൻ പീഡനത്തിനിരയാക്കുകയായിരുന്നു.

കുടുംബവീട്ടിൽ നിന്നും തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. ഉടന്‍ തന്നെ രക്ഷിതാക്കള്‍ കുട്ടിയെയും കൂട്ടി ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഗോവിന്ദനെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.