'മാണിയുടെ നോട്ടെണ്ണല്‍ യന്ത്രം എകെജി സെന്ററില്‍'; കോട്ടയത്തെ കൂട്ടിന് ഫേസ്ബുക്കില്‍ പരിഹാസം; ട്രോളില്‍ വിയര്‍ത്ത് സൈബര്‍ സഖാക്കൾ

കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ പിന്തുണച്ച സിപിഐഎം നിലപാടില്‍ സൈബര്‍ലോകത്ത് ചര്‍ച്ച കൊഴുക്കുന്നു. കോട്ടയത്തെ കൂട്ട് മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിനുള്ള മുന്നൊരുക്കമാണെന്ന ചര്‍ച്ചകളാണ് ഭൂരിഭാഗവും. മാണിയെ കോഴ മാണിയെന്നും കോഴി മാണിയെന്നും പരിഹസിച്ചവര്‍ മാണി സഖാവെന്ന് വിളിക്കേണ്ട ഗതികേടിലാണെന്ന് ചിലരുടെ പരിഹാസം. മാര്‍ക്‌സിനെ മാറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( മാണി ) എന്നെഴുതാനുള്ള നീക്കമാണെന്നുള്‍പ്പെടെയുള്ള ട്രോളുകളും നിറയുകയാണ്.

മാണിയുടെ നോട്ടെണ്ണല്‍ യന്ത്രം എകെജി സെന്ററില്‍; കോട്ടയത്തെ കൂട്ടിന് ഫേസ്ബുക്കില്‍ പരിഹാസം; ട്രോളില്‍ വിയര്‍ത്ത് സൈബര്‍ സഖാക്കൾ

മാണി കോണ്‍ഗ്രസും സിപിഐഎമ്മും കൂട്ടു ചേര്‍ന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ വിമര്‍ശകര്‍ ആദ്യം ഓടി കയറിയത് സംവിധായകന്‍ ആഷിക് അബുവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിലേക്ക്. മാണിസാറിന് എന്റെ വക അഞ്ഞൂറ് ക്യാംപെയ്ന്‍ തുടങ്ങിവെച്ച ആഷിക് അബുവിന്റെ നിലപാട് എന്താണെന്നാണ് ആളുകള്‍ക്കറിയേണ്ടത്. 2015 ജനുവരി 20ലെ ആഷിക്കിന്റെ പോസ്റ്റില്‍ കോണ്‍ഗ്രസ് അനുഭാവമുള്ള സൈബര്‍ പോരാളികളുടെ കമന്റുകള്‍ നിറയുകയാണ്.


പാലായില്‍ നിന്ന് പൈസ എണ്ണുന്ന മെഷീന്‍ എകെജി സെന്റില്‍ എത്തിയ്ക്കാനുള്ള ചെലവിനായി എന്റെ വക പത്ത് എന്നാണ് ഒരു ട്രോള്‍ പോസ്റ്റ്. മാണിയുടെ നോട്ടെണ്ണല്‍ യന്ത്രം എകെജി സെന്ററിലെത്തിയെന്ന് പോസ്റ്റിട്ടവരും കുറവല്ല.


മാണിയിലും മാര്‍ക്‌സിലും 'മാ'യുണ്ട്. രണ്ടുപേരും രണ്ടുതരത്തിലെങ്കിലും അധ്വാനവര്‍ഗ്ഗ സൈദ്ധാന്തികരാണ് എന്നാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. അഷ്‌ക്കര്‍ ഖാദറിന്റെ പോസ്റ്റ്. ശെല്‍വരാജിനെ മരുകണ്ടം ചാടിച്ച ഉമ്മൻചാണ്ടിയുടെ ധാര്‍മ്മികതയെക്കുറിച്ച് ഇനി എങ്ങനെ പറയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.


സിപിഐഎം കോട്ടയം ഡിസിയുടെ പ്രൊഫൈല്‍ ഇന്‍ എ റിലേഷന്‍ഷിപ്പ് വിത്ത് കോഴ മാണിയെന്ന് ഫോട്ടോഷോപ്പ് ചെയ്‌തെടുത്ത വിരുതന്മാരുമുണ്ട്. സിപിഐഎമ്മിലെ 'മാര്‍ക്‌സിസ്റ്റ്' സിപിഐ(മാണി) എന്നു തിരുത്തിയെന്ന് ചിലര്‍. മണിയുടെ ഗ്രാമീണ ഭാഷ മാണിയുമായി ഗ്രാമീണ ബന്ധമെന്ന് സിപിഐഎം അനുഭാവികളുടെ ന്യായീകരണ ശ്രമത്തെ പൊളിച്ചടുക്കുന്നുണ്ട് ചിലര്‍.


ഒരു വര്‍ഷം മുമ്പ് മാണിയ്‌ക്കെതിരെ വാളോങ്ങി നിന്ന സിപിഐഎം സൈബര്‍ പോരാളികളാണ് ട്രോളുകളില്‍ വിയര്‍ക്കുന്നത്. പ്രാദേശിക നീക്കുപോക്കാണെന്നൊക്കെ പറഞ്ഞ് സൈബര്‍ സഖാക്കള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഏശാത്ത മട്ടാണ്. കോലീബി സഖ്യം തുടങ്ങി പഞ്ചാബിലെ ആര്‍എംപി-സിപിഐഎം കൂട്ടുക്കെട്ട് വരെ വിശദീകരിച്ച് സിപിഐഎമ്മിന്റെ സൈബര്‍ പോരാളികള്‍ രംഗത്തുണ്ട്.