ആ കാവിക്കൊടി കെട്ടിയതു ദേശീയപതാക അഴിച്ചു കളഞ്ഞിട്ട്; എംജി കോളേജിലെ എബിവിപി കൊടിയുടെ ചരിത്രം

സ്വാതന്ത്ര്യ സ്മരണകള്‍ പോലും അസ്വസ്തതയുണ്ടാക്കുന്ന മനസ്സുകള്‍ക്ക് ഉടമകളായ 'രാജ്യസ്‌നേഹികളാ'യിരുന്നു എം ജി കോളേജിലെ എബിവിപിക്കാര്‍ എന്നായിരുന്നു ഒരു കോളേജ് വിദ്യാർത്ഥിയുടെ കമന്റ്. 1985-86 കാലഘട്ടത്തിൽ കോളേജിനുള്ളില്‍ കടന്നുകയറുകയും ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ കലാലയം പിടിച്ചടക്കുകയും ചെയ്യുകയായിരുന്നു ആര്‍എസ്എസ്-എബിവിപി. തുടര്‍ന്നങ്ങോട്ട് ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇവരുടെ വിളയാട്ടം. കോളേജിലെത്തുന്ന ആണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിത ശാഖാപരിശീലനവുമുണ്ടായിരുന്നു

ആ കാവിക്കൊടി കെട്ടിയതു ദേശീയപതാക അഴിച്ചു കളഞ്ഞിട്ട്; എംജി കോളേജിലെ എബിവിപി കൊടിയുടെ ചരിത്രം

1997ല്‍ തിരുവനന്തപുരം എംജി കോളേജിലെ ഗവേണിങ് ബോഡി കൂടുകയും കോളേജിനു മുന്‍വശത്തെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ സ്വാതന്ത്ര്യസമര സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15ന് ദേശീയപതാക ഉയര്‍ത്താന്‍ തീരുമാനിക്കുകയുമുണ്ടായി. അതിന്‍ പ്രകാരം മാനേജ്‌മെന്റ് കൊടിമരം സ്ഥാപിക്കാന്‍ തീരുമാനിക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ആ സ്ഥാപിച്ച കൊടിമരത്തില്‍ പിറ്റേന്നു കണ്ടത് തീപ്പന്തം ആലേഖനംചെയ്ത കാവിക്കൊടിയായിരുന്നു. അന്നു രാത്രി, സ്വതന്ത്ര്യത്തിന്റെ സ്മാരകമാക്കാന്‍ ഉദ്ദേശിച്ചിരുന്ന ആ കൊടിമരത്തില്‍ കാവിക്കൊടി പാറിച്ച് എബിവിപി തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സ്വാതന്ത്ര്യ സ്മരണകള്‍ പോലും അസ്വസ്തതയുണ്ടാക്കുന്ന മനസ്സുകള്‍ക്ക് ഉടമകളായ 'രാജ്യസ്‌നേഹികളാ'യിരുന്നു എം ജി കോളേജിലെ എബിവിപിക്കാര്‍ എന്നായിരുന്നു ഒരു കോളേജ് വിദ്യാർത്ഥിയുടെ കമന്റ്. 1985-86 കാലഘട്ടത്തിൽ കോളേജിനുള്ളില്‍ കടന്നുകയറുകയും ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ കലാലയം പിടിച്ചടക്കുകയും ചെയ്യുകയായിരുന്നു ആര്‍എസ്എസ്-എബിവിപി. തുടര്‍ന്നങ്ങോട്ട് ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇവരുടെ വിളയാട്ടം. കോളേജിലെത്തുന്ന ആണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിത ശാഖാപരിശീലനവുമുണ്ടായിരുന്നു. എതിര്‍ക്കുന്നവരെ ഒരു ദയയുമില്ലാതെ അവര്‍ അടിച്ചൊതുക്കുകയും ചെയ്തിരുന്നു.

2013ല്‍ എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണം കോളേജിന്റെ മതേതരത്വം തകര്‍ന്നെന്നും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷയില്ലെന്നും കാണിച്ച് കോളേജ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ പരാതി നല്‍കുകയുണ്ടായി. ഈ പരാതിയിന്‍മേല്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയാണ് ഉണ്ടായത്. തുടര്‍ന്നു മാനേജ്‌മെന്റ് കോളേജില്‍ രാഷ്ട്രീയം നിരോധിക്കുകയും എബിവിപി പ്രവര്‍ത്തകര്‍ കൈയടക്കിവച്ചിരുന്ന രണ്ടു ക്ലാസുമുറികളുള്‍പ്പെടെയുള്ളവ സ്വതന്ത്രമാക്കുക്കയുമായിരുന്നു.

ക്ലാസുമുറികള്‍ വിട്ടുനല്‍കാനും കൊടിമരങ്ങളും മറ്റും മാറ്റാനും എബിവിപി ജില്ലാ കണ്‍വീനര്‍ അനീഷ്, കോളേജ് യൂണിറ്റ് ഭാരവാഹികളായ ആര്‍ അഭിലാഷ്, വി വിപില്‍കുമാര്‍ എന്നിവര്‍ക്ക് ഹൈക്കോടതി പ്രത്യേക ദൂതന്‍ വഴി ഉത്തരവ് നല്‍കിയിരുന്നു. ഇത് പാലിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കോടതി ഉത്തരവ് പ്രകാരം പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത്.

ദ്വാരക, അമ്പാടി എന്നീ പേരുകളിലായിരുന്നു എബിവിപി പ്രവര്‍ത്തകര്‍ ക്ലാസ് മുറികള്‍ സ്വന്തമാക്കി വച്ചിരുന്നത്. തങ്ങളുടെ രാഷ്ട്രീയം സ്വീകരിക്കാത്തവരേയും എതിര്‍പ്പ് ഉന്നയിക്കുന്നവരേയും ഈ മുറികളില്‍ കൊണ്ടുപോയായിരുന്നു മര്‍ദ്ദിച്ചിരുന്നത്. അന്നു നടത്തിയ റെയ്ഡില്‍ കോളേജിൽ നിന്നും 12 കമ്പിപ്പാരയും നിരവധി ജനല്‍ക്കമ്പികളും വടികളുമാണ് പൊലീസിന് ലഭിച്ചത്.

ഇതോടൊപ്പം കോളേജ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ അന്നു സ്ഥാപിച്ച എബിവിപിയുടെ കൊടിമരവും പൊലീസ് ഹൈക്കോടതി ഉത്തരവ് പ്രകാരം മുറിച്ചു നീക്കിയിരുന്നു. എബിവിപിയുടെ നോട്ടീസ് ബോര്‍ഡ്, കോളേജിന്റെ വളപ്പിലും പ്രവേശനകവാടത്തിലും സ്ഥാപിച്ച കാവിക്കൊടികള്‍, കാവിക്കോട്ടയിലേക്ക് സ്വാഗതം എന്ന ബോര്‍ഡുകള്‍ എന്നിവയും പൊലീസ് എടുത്തുമാറ്റിയിരുന്നു. കോളേജിനുള്ളില്‍ പുറത്തു നിന്നും എത്തുന്ന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശാഖാ പ്രവര്‍ത്തനം നടന്നിരുന്നു. ഇതും ഹൈക്കോടതി വിലക്കിയിരുന്നു. വിദ്യാര്‍ഥികളില്‍നിന്ന് അനധികൃത പിരിവ് പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

തുടര്‍ന്നുള്ള ദിനങ്ങളില്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധമെന്നവണ്ണം ആര്‍എസ്എസ്-എബിവിപിക്കാര്‍ ക്യാംപസിൽ കൂട്ടാമായി എത്തിയിരുന്നു. പലപ്പോഴും പുറത്തുനിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ക്ലാസുകള്‍ തടസ്സപ്പെടുന്ന ഘട്ടംവരെയെത്തി. കോളേജിനുള്ളില്‍ രാഷ്ട്രീയത്തിന് പരസ്യമായി നിരോധനമുണ്ടായിരുന്നുവെങ്കിലും അത് വാക്കുകളില്‍ മാത്രമായിരുന്നുവെന്നുള്ളതാണ് സത്യം. കോടതി നടപടിയുടെ ഭാഗമായി കോളേജ് പ്രിന്‍സിപ്പലിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ട അവസ്ഥവരെയുണ്ടായിരുന്നു.

Read More >>