എലിവിഷവും കീടനാശിനിയും കൊടുത്ത് കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ചെന്നു കേദലിന്റെ മൊഴി

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയായിരുന്നു കേദല്‍ കൊലപാതക ശ്രമം നടത്തിയത്. ചെട്ടിക്കുളങ്ങരയിലെ കൃഷി കേന്ദ്രയില്‍ നിന്നാണ് വിഷം വാങ്ങിയത്. കേദലിനെ കടയിലെ ജീവനക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്.

എലിവിഷവും കീടനാശിനിയും കൊടുത്ത് കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ചെന്നു കേദലിന്റെ മൊഴി

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ കൊലപാതകം നടത്താന്‍ മുമ്പും ശ്രമം നടന്നതായി പ്രതി കേദല്‍ മൊഴി നല്‍കി. കുടുംബാംഗങ്ങളെ വെട്ടിനുറുക്കുന്നതിന് മുമ്പ് ഒരു ദിവസം വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതായാണ് പ്രതി കേദലിന്റെ മൊഴി. ഇക്കാര്യം പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയായിരുന്നു കേദല്‍ കൊലപാതക ശ്രമം നടത്തിയത്. എന്നാല്‍ ഛര്‍ദ്ദിയും വയറിളക്കവും പോലുള്ള പോലുള്ള ബുദ്ധിമുട്ടുകള്‍ മാത്രമാണുണ്ടായത്. ഭക്ഷ്യവിഷബാധയാണെന്ന് കരുതി കുടുംബാംഗങ്ങള്‍ ചികിത്സ തേടുകയായിരുന്നു.

തിരുവനന്തപുരം ചെട്ടിക്കുളങ്ങരയിലെ കൃഷികേന്ദ്രയില്‍ നിന്നാണ് കേദല്‍ വിഷം വാങ്ങിയത്. എലിവിഷവും കീടനാശിനിയുമാണ് കടയില്‍ നിന്ന് വാങ്ങിയതെന്നും കേദല്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കേദലിനെ കൃഷികേന്ദ്രയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇയാളെ കടയിലെ ജീവനക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. കേദലിനെ ഇപ്പോൾ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. ഇവിടുത്തെ ഒരു ഹോട്ടലിലാണ് ഇയാൾ ഒളിവില്‍ താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഈ മാസം ഒമ്പതിനാണ് കേഡലിന്റെ കുടുംബാംഗങ്ങളായ ജീന്‍ പദ്മ, ഭര്‍ത്താവ് രാജതങ്കം, മകള്‍ കരോളിന്‍, ബന്ധു ലളിത എന്നിവരെ ദാരുണമായ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.