സ്ത്രീ സൗഹൃദ ശബരിമലയിലെ ഒരുക്കങ്ങള്‍: അയല്‍ സംസ്ഥാനത്തു നിന്ന് കൂടുതല്‍പ്പേര്‍ വരുമെന്ന് എ. പത്മകുമാര്‍

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്താവനകള്‍ ഏറെ വിവാദമായി. ഈ അഭിമുഖത്തില്‍ പത്മകുമാര്‍ പറയുന്ന കാര്യങ്ങള്‍ സ്ത്രീപ്രവേശനത്തെ കുറിച്ച് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ വ്യക്തമാക്കുന്നു

സ്ത്രീ സൗഹൃദ ശബരിമലയിലെ ഒരുക്കങ്ങള്‍: അയല്‍ സംസ്ഥാനത്തു നിന്ന് കൂടുതല്‍പ്പേര്‍ വരുമെന്ന് എ. പത്മകുമാര്‍

റിവ്യൂ ഹര്‍ജി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തടസ വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ ?

ഞങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ല, മാധ്യമങ്ങളില്‍ വെറുതേ കാര്യങ്ങള്‍ കൊടുക്കുന്നതാണ്. ഞങ്ങളെ സംബന്ധിച്ച് ഇക്കാര്യങ്ങള്‍ ഒന്നുമല്ല മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തത്. സ്ത്രീകള്‍ വരുമ്പോള്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കണം എന്നതിനെ പറ്റി മാത്രമാണ്.

റിവ്യൂ ഹര്‍ജി കൊടുക്കുമെന്ന് താങ്കള്‍ പറഞ്ഞു എന്ന നിലക്കാണ് വാര്‍ത്തകള്‍ വരുന്നത്?

ഞാന്‍ സ്വപ്നത്തിൽ ചിന്തിക്കാത്ത കാര്യമാണ്. അവര്‍ ചോദിച്ചു റിവ്യൂ ഹര്‍ജി കൊടുക്കുമോ എന്ന് അപ്പോള്‍ മൂന്നാം തിയതിയിലെ മീറ്റിങ് കഴിയട്ടെ. വിധി പകര്‍പ്പ് ഇതുവരെ കണ്ടിട്ടില്ല. കണ്ടിട്ടാകാം ഇത്രയുമാണ് എന്റെ വായില്‍ നിന്നും വീണത്.

താങ്കള്‍ സിപിഐഎം നേതാവ് കൂടിയാണല്ലോ, നിലവില്‍ സര്‍ക്കാര്‍, ഇടതുമുന്നണി എടുത്ത നിലപാടും ഈ വിഷയത്തില്‍ ഉണ്ടല്ലോ ?

ഉണ്ട്. അതില്‍ ഒന്നും എതിരു നില്‍ക്കാന്‍ നമ്മള്‍ പോകുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ കാര്യമുണ്ട്. നമുക്ക് ശബരിമലയില്‍ സ്ത്രീകളുടെ വരവോടെ 40 ശതമാനം വര്‍ദ്ധനവ് ഉണ്ടാകും. അതിന് തയ്യാറായി ഇരിക്കണം. അതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം ഇത്രയും കാര്യങ്ങളാണ് ഞങ്ങള്‍ മുഖ്യമന്ത്രിയുമായി അന്ന് സംസാരിച്ചത്. ഇത് തന്നെയാണ് അന്ന് പത്രക്കാരോടും പറഞ്ഞതും. എന്റെ വീട്ടില്‍ നിന്നും ആളുകള്‍ പോകുമോ എന്ന്ചോദിച്ചു എന്റെ വീട്ടില്‍ നിന്നും ആരും പോകാന്‍ ഉദ്ദേശിക്കുന്നില്ല.

ഇപ്പോ സിപിഎമ്മയാലും കോണ്‍ഗ്രസായാലും പറയാന്‍ ബാധ്യതയുള്ള കാര്യമാണത്. ഞാന്‍ ശബരിമലയുമായി ബന്ധപ്പെട്ടയാളാണ്. കുടുംബം അങ്ങനെയാണ്. അപ്പോ കുടുംബത്തില്‍ നിന്നും പോകാന്‍ ആരും ഉദേശിക്കുന്നില്ലെന്ന വാചകം പറഞ്ഞു എന്നുള്ളത് സത്യമാണ്.

വൈരുദ്ധ്യാമിക ഭൗതികവാദം ശബരിമലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല പോലുള്ള വാക്കുകളും ഉണ്ടല്ലോ?

പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഒരു ചാനലുകാരന്‍ ചോദിച്ചു- മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള് എന്ന നിലയ്ക്ക് ഞാന്‍ പറഞ്ഞു, അമ്പലത്തിലെ വൈരുദ്ധ്യാമിക ഭൗതികവാദം അല്ലല്ലോ നടത്താന്‍ പോകുന്നത്, അതല്ലല്ലോ എന്റെ ചുമതല എന്നാണ് പറഞ്ഞത്. അത്രയേ പറഞ്ഞുള്ളു. അതാണ് അതിന്റെ സാഹചര്യം.

ഇടതുമുന്നണി എടുത്ത നിലപാടിനു വിരുദ്ധമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ താങ്കളുടേതായി പ്രസ്താവന വന്നൂ എന്നാണ് കേട്ടത്?

ഒന്നും ഇല്ല, മൂന്നാം തിയതി മീറ്റിങ് കഴിയുമ്പോള്‍ എല്ലാം ക്ലിയര്‍ ആകും. ഞങ്ങള്‍ നിയമോപദേശം പറഞ്ഞിട്ടുണ്ട്. നിയമോപദേശം വരട്ടെ. 411 പേജ് ഉണ്ടല്ലോ

ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഇപ്പോള്‍ത്തന്നെ അവരുടെ കുടുംബവുമായിട്ടാണ് വരാറുള്ളത്. നിലവില്‍ പമ്പയില്‍ അവരെ തടയുകയാണ്. ഇനിയത് പറ്റില്ലല്ലോ?

ഇനി തടയാന്‍ കഴിയില്ലല്ലോ

മറ്റു സംസ്ഥാനങ്ങളിലെ ഭക്തര്‍ വിധിയോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് ദേവസ്വം ബോര്‍ഡ് മനസിലാക്കിയോ?

നമ്മള്‍ മറ്റ് പല സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു. പൊലീസ് ബന്ധപ്പെട്ട് റിപ്പോര്‍ട്ട് എടുത്തിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസുമായി ഞങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നാം തിയതി കഴിഞ്ഞിട്ട്.

ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റുള്ള സംസ്ഥാനങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്.?

ചില മേഖലകളില്‍ ഒരു കാലത്തും ഞങ്ങള്‍ വരില്ലെന്നു പറയുന്നവരുണ്ട്. ആന്ധ്രയിലൊക്കെ ചിലയിടത്ത്, മാലയിട്ടു കഴിഞ്ഞാല്‍ കൊച്ച് വീട് വെക്കും. ശബരിമല ഭക്താന്മാര്‍ക്കെല്ലാം ആ പറമ്പില്‍ തന്നെ കൊച്ച് മുറി പണിയും. ഇവര്‍ മാലയിട്ട് കഴിഞ്ഞാല്‍ അതിനുള്ളിലാണ് താമസിക്കുന്നത്. ഭാര്യയെ പോലും കാണാതെ കഠിന വൃതം നോക്കി വരുന്ന ആളുകള്‍ ഉണ്ട്. അവരുടെ ആളുകള്‍ ഒന്നും വരൂല്ല. പക്ഷെ, അത് അല്ലാത്ത പല മേഖലകള്‍ ഉണ്ട്. ഞാന്‍ ഉദാഹരണം പറയാം. മംഗളാ ദേവി കണ്ണയ്യാ ട്രസ്റ്റുകാര്‍ ഉണ്ടല്ലോ തമിഴ്നാട്. ഇപ്പോ രാജേന്ദ്രന്‍ ഐഎഎസാണ് പ്രസിഡന്റ്. രാജേന്ദ്രന്‍ വളരെ സന്തോഷത്തോടുകൂടിയാണ് സ്ത്രീകളുടെ പ്രവേശനത്തെ കാണുന്നത്. വിധിയെ വളരെ ആത്മാര്‍ത്ഥയോടെ കാണുകയും ആ മേഖലയിലുള്ള ആളുകള്‍ എല്ലാവരും വരും എന്ന് അദ്ദേഹം പറയുകയും ചെയ്തു.

അവരുടെ വരവ് ഈ മണ്ഡലകാലത്ത് ഉണ്ടാകും എന്ന് ഉറപ്പാണല്ലേ?

ഉറപ്പാണ്. ഈ മാസപൂജ മുതല്‍ അവര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതിന് ആവശ്യമായ ക്രമീകരണമാണ് നമ്മള് ചെയ്യാന്‍ ഉദേശിക്കുന്നതും. ശബരിമല ക്ഷേത്രത്തില്‍ വിശ്വാസമുള്ള ആളുകളാണല്ലോ വരുന്നത്. ശബരിമലയുടെ പ്രത്യേകത അവര്‍ക്ക് അറിയുകയും ചെയ്യാം. അപ്പോ അവിടുത്തെ സാഹചര്യവുമായിട്ട് ഇണങ്ങി പോകാന്‍ അവര്‍ക്ക് കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇപ്പോ ഈ നാല്‍പ്പത്തിയഞ്ച് ദിവസം കൊണ്ട് ക്രമീകരണം ഉണ്ടാക്കാന്‍ നമുക്ക് കഴിയില്ല. പക്ഷെ ഉള്ളത് വച്ച് പ്ലാന്‍ ചെയ്യുന്നു. നമുക്ക് ശബരിമലയില്‍ 620 മുറിയാണ് ഉള്ളത്. ഇതില്‍ ആഫീസര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും കൊടുത്തതിന് ശേഷം ബാക്കിയുള്ള 320 മുറികള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ളത്. ആ മുറികളല്ലേ കൊടുക്കാന്‍ സാധിക്കു. ഇന്ന് ഉള്ളത് മൂന്ന് വിരിപന്തലാണ്. അതിന്റെ കൂടെ രണ്ടെണ്ണം കൂടി

ഉണ്ടാക്കിയിട്ടുണ്ട്. എല്ലാകൂടി 8000 പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ട്. ആയിരം ശൗചാലങ്ങളാണ് ഇപ്പോള്‍ ഉള്ളത്. ആയിരത്തില്‍ അഞ്ച് ബ്ലോക്കായിട്ടാണ്. ഒരു ബ്ലോക്കിന് മുഴുവന്‍ പിങ്ക് കളര്‍ കൊടുത്തു കഴിഞ്ഞാല്‍ പിങ്ക് ടോയ്ലറ്റും പിങ്ക് ഷെല്‍റ്ററും വരും. 1000 ശൗചാലയങ്ങള്‍ സ്ത്രീകള്‍ക്കായി ശബരിമലയില്‍ ഉടന്‍ സജ്ജമാകും. മറ്റൊരു പ്രശ്നം എന്ന് പറയുന്നത് ശബരിമല പോലുള്ള സ്ഥലത്ത് കുടുംബമായിട്ട് പോകുകയാണെങ്കില്‍ അവര്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. തള്ളിന്റെ ഇടയ്ക്ക്. പതിനെട്ടാം പടിക്ക് കേറാനായിട്ട് സെപ്പറേറ്റ് സംവിധാനം ക്രമീകരിക്കും. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് ആ നിലയ്ക്ക് സംവിധാനം ഒരുക്കും. പക്ഷെ, ആ സംവിധാനത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ളതാണ് പ്രശ്നം.

നിലവില്‍ വി എപി ക്യൂ എന്ന സംവിധാനം ഉണ്ടല്ലോ, പതിനെട്ടാം പടി കയറാതെ തന്നെ ?

അത് സ്ത്രീകള്‍ക്കു വേണ്ടി കൊടുക്കാം.

പ്രതിസന്ധി എന്ന് പറയുന്നത് പതിനെട്ടാം പടിയിലെ തിരക്കില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കും?

അത് എന്ത് ചെയ്യാന്‍ സാധിക്കും. ഒരു മിനിറ്റില്‍ 45 പേരാണ് കയറുന്നത്. അത് അല്ലാതെ വേറെ എന്ത് ചെയ്യാന്‍ സാധിക്കും. ഒരു മിനിറ്റില്‍ എടുത്ത്കയറ്റിയിട്ടും 92 പേര്‍ക്കാണ് പടികയറാനാകുന്നത്.

ആദ്യം മുതല്‍ ഇടതു സര്‍ക്കാര്‍ പറയുന്നത് ഇതിന്റെ ശബരിമല സീസണ്‍ സമയം ദീര്‍ഘിപ്പിക്കുക എന്നതാണ്, അതിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ ?

ഇല്ല, എങ്ങനെ പറ്റില്ല. അത് മുഖ്യമന്ത്രിയുമായി ആലോചിച്ചിട്ടില്ല. മുഖ്യമന്ത്രിയുമായി മാത്രം ആലോചിച്ചാല്‍ പോരാ. പന്തളം കൊട്ടാരവും തന്ത്രിമാരുമായി ആലോചിക്കേണ്ട കാര്യമാണ്.

എരുമേലി വാവര് പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനെ എങ്ങനെയാണ് കാണുന്നത്.?

അത് നല്ലൊരു കാര്യമാണ്. പള്ളിയുടെ അകത്തേക്ക് നമ്മളെ ആരും കയറ്റുന്നില്ലല്ലോ. പള്ളിയുടെ മുന്‍വശം അടിച്ചിരിക്കുകയാണ് ചുറ്റും കറങ്ങുക മാത്രമേ സാധിക്കു.

സ്ത്രീകള്‍ വരുന്നതുമായി ബന്ധപ്പെട്ട് വലിയൊരു ഭീഷണികള്‍ നടക്കുന്നുണ്ട്. കൊന്നുകളയും ബലാത്സംഗം ചെയ്യും എന്നൊക്കെ അത്തരം കാര്യങ്ങളോട് താങ്കളുടെ പ്രതികരണം എന്താണ് ?

അതൊക്കെ വളരെ തെറ്റായ ധാരണയുടെയും തെറ്റായ പ്രചരണത്തിന്റെ ഭാഗമാണ്. അയ്യപ്പന്‍ അങ്ങനെ ദ്രോഹം ചെയ്യുമെന്നുള്ള പ്രചരണമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. അതൊന്നും അങ്ങനെ ഉണ്ടാവാന്‍ പോകുന്നില്ല. ലോ ആന്റ് ഓര്‍ഡര്‍ കൃത്യമായി കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നോക്കുമല്ലോ.

വനിതാ ദേവസ്വം ഗാര്‍ഡിനെ പറ്റി ആലോചിച്ചോ?

ദേവസ്വം ഗാര്‍ഡിനെ പറ്റി ആലോചിച്ചിട്ടില്ല. മൂന്നാം തിയതിയാണ് ആലോചിക്കുന്നത്.

താങ്കളുടെ കുടുംബത്തില്‍ നിന്നുള്ള അമ്മുമ്മമാരില്‍ ഒരാളാണ് ഹരിവരാസനം എഴുതുന്നത്. യുവതിയായിരിക്കെയല്ലേ എഴുതിയത്... യുവതി എഴുതിയ പാട്ട് കേട്ടാണ് അയ്യപ്പന്‍ ഉറങ്ങുന്നതല്ലേ?

1930 ലാണ്. ഗര്‍ഭിണിയായിരുന്ന സമയത്ത്, അമ്മയുടെ അപ്പൂപ്പന്‍ എന്ന് പറയുന്നത് അന്ന് മേല്‍ശാന്തിയായിരുന്നു. അന്തകൃഷ്ണയ്യര്‍. അദ്ദേഹം ശബരിമലയില്‍ പോകുന്ന സമയത്ത് ഇവര്‍ ഗര്‍ഭിണി ആയിരുന്ന സമയത്ത് എഴുതി കൊടുത്തയച്ചതാണ് ഹരിവരാസനം. അവര്‍ക്ക് 26 വയസുള്ളപ്പോഴാണ് ഇത് എഴുതിയത്.

താങ്കളുടെ വീട്ടില്‍ നിന്നും സ്ത്രീകള്‍ ആരും പോകില്ല എന്ന് പറഞ്ഞല്ലോ. അവരോട് ചോദിച്ചിരുന്നോ പോകുമോ എന്ന് ?

അവരുടെ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്

Read More >>