കൊച്ചി മെട്രോയിലെ ആദ്യയാത്രക്കാരായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

കേരളം വീണ്ടും രാജ്യത്തിന് മാതൃകയാവുന്നു. 23 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കി കൊച്ചിമെട്രോ. പരിശീലനത്തോടപ്പം ആദ്യ യാത്രക്കാരായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്.

കൊച്ചി മെട്രോയിലെ ആദ്യയാത്രക്കാരായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

കൊച്ചി മെട്രോയില്‍ ആദ്യ യാത്രക്കാരായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. മുട്ടംയാര്‍ഡില്‍ നിന്നും പാലരിവട്ടംവരെയായിരുന്നു ഇവരുടെ ആദ്യയാത്ര. പതിമൂന്ന് ട്രാന്‍സ്‌ജെന്‍ഡേഴുകളായിരുന്നു മെട്രോയില്‍ യാത്ര ചെയ്തത്. കൊച്ചി മെട്രോയില്‍ ജോലിയില്‍ തിരഞ്ഞെടുത്ത ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ട 23 പേര്‍ക്കുള്ള പരിശീലന പരിപാടികള്‍ ഇന്നലെയാണ് തുടക്കമായത്.


പരിശീലന പരിപാടിയില്‍ ആദ്യത്തെ പതിമൂന്ന് ഭിന്നലിംഗക്കാര്‍ക്കാണ് മുട്ടംയാര്‍ഡിലും മൊട്രോ സ്‌റ്റേഷനിലുമാണ് പരിശീലനം കൊടുത്തത്. തുടര്‍ന്ന് മെട്രോ കോച്ചുകളില്‍ യാത്ര ചെയ്ത സംഘം അമ്പാട്ടുകാവ്, പാലരിവട്ടം സ്റ്റേഷനുകളില്‍ എത്തി. സുരക്ഷ, ടിക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങളില്‍ കെഎംആര്‍എല്‍ അധികൃതര്‍ ക്ലാസുകളെടുത്തത്.

കൊച്ചി മെട്രോയുടെ ആദ്യയാത്രയില്‍ ഭിന്നലിംഗക്കാര്‍ക്ക് അവസരം നല്‍കിയതിന്റെ സന്തോഷത്തിലാണ് ഇവര്‍. ഞങ്ങളെ സമൂഹം അംഗീകരിച്ചതിന്റെ ഭാഗമാണ് ഇത്തരത്തില്‍ ജോലി കിട്ടിയതും ആദ്യയാത്രയില്‍ പങ്കെടുക്കുവാനും അവസരം കിട്ടിയതും. നഗരത്തിന്റെ മുകളിലൂടെയുള്ള യാത്ര ഏറ്റവും മനോഹരമായാണ് തോന്നിയത്. നമ്മുക്ക് നല്ലൊരു യാത്ര സമ്മാനിക്കുവാന്‍ മെട്രോ യാത്രയിലൂടെ കഴിയും. ആലുവമുതല്‍ പാലരിവട്ടം വരെ ഏകദേശം 10 മിനിറ്റുകൊണ്ട് എത്തുവാന്‍ സാധിച്ചു. ഓരോ കോച്ചുകളിലും പ്രത്യേകമായാണ് സീറ്റ് തയ്യാറാക്കിയിരിക്കുന്നത്. പാലരിവട്ടത്ത് എത്തിയ ശേഷം സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ക്ലാസുകള്‍ ഉണ്ടായിരുന്നു. ഇനി വരും ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് ഞങ്ങള്‍ക്ക് ട്രെയിനിങ് നല്‍കുന്നത്. ആദ്യയാത്രയില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിന്‍സി നാരദ ന്യുസിനോട് പറഞ്ഞത്.


അഞ്ച് ദിവസമാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുമാരെ ജോലിക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനാണു കൊച്ചി മെട്രോ. കേരളത്തിലെ മറ്റു സ്ഥാപനങ്ങളിലും ട്രാന്‍സ്‌ജെന്‍ഡേഴിസിനു തൊഴിലവസരങ്ങള്‍ കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

ആലുവ മുതല്‍ പാലരിവട്ടം വരെയുള്ള മെട്രോയുടെ ആദ്യ ഘട്ടത്തിലേക്ക് 530 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് 23 പേരുണ്ട്. 507 പേര്‍ കുടുംബശ്രീയില്‍ നിന്നുമാണ്. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് 530 പേരെ തിരഞ്ഞെടുത്തിട്ടുള്ളത്. ഹൗസ് കീപ്പിങ്, പാര്‍ക്കിങ്, കസ്റ്റമര്‍ റിലേഷന്‍സ്, ടിക്കറ്റിങ്, ഗാര്‍ഡനിങ്, ക്യാന്റിന്‍ ജോലികള്‍ എന്നിവയിലേക്കാണ് ഇവരെ നിയമിച്ചിട്ടുള്ളത്.


സാങ്കേതിക വൈദഗ്ധ്യത്തിലും സുരക്ഷാക്രമീകരണങ്ങളിലും ഉള്‍പ്പെടെ ഇപ്പോള്‍ പരിശീലനം നല്‍കി വരുന്നു. ഇന്ത്യയില്‍ ആദ്യമായി പൊതുമേഖലാ സ്ഥാപനത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കി കേരളം മാതൃകയായ വാര്‍ത്ത ലോക മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. കൊച്ചി മെട്രേയില്‍ 23 ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയത് പ്രമുഖ മാധ്യമമായ ദ ഗാര്‍ഡിയനില്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധികരിച്ചത്.