'സർക്കാരിനെ ഞെട്ടിച്ച' ടി പി സെന്‍കുമാറിന് ജനകീയ വോട്ടെടുപ്പിനെ ഭയം; മനോരമ ന്യൂസ് മേക്കര്‍ മത്സരത്തില്‍ നിന്നും പിന്മാറി

സര്‍വീസില്‍ നിന്നും വിരമിച്ചതോടെ ആര്‍എസ്എസിനെ പുകഴ്ത്തിയും മുസ്ലിങ്ങളെ ഒന്നടങ്കം അധിക്ഷേപിച്ചും കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന വാദമുന്നയിച്ചും ടി പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഈ നിലപാടുകള്‍ വോട്ടെടുപ്പില്‍ തിരിച്ചടിയാവുമോ എന്ന ഭയമാണ് പിന്മാറ്റത്തിനു പിന്നിലെന്നാണ് സൂചന.

സർക്കാരിനെ ഞെട്ടിച്ച ടി പി സെന്‍കുമാറിന് ജനകീയ വോട്ടെടുപ്പിനെ ഭയം; മനോരമ ന്യൂസ് മേക്കര്‍ മത്സരത്തില്‍ നിന്നും പിന്മാറി

കടുത്ത നിയമപോരാട്ടത്തിലൂടെ സംസ്ഥാന സര്‍ക്കാരിനെ മലര്‍ത്തിയടിച്ച് ഡിജിപി തൊപ്പിയണിഞ്ഞ ടി പി സെന്‍കുമാറിന് ജനകീയ വോട്ടെടുപ്പിനെ ഭയം. മനോരമ ന്യൂസ് ചാനല്‍ വര്‍ഷം തോറും നടത്തിവരാറുള്ള ന്യൂസ് മേക്കര്‍ പരിപാടിയുടെ പ്രാഥമിക പട്ടികയില്‍ നിന്ന് സെന്‍കുമാര്‍ സ്വയം പിന്‍മാറി. അവസാന റൗണ്ടിലേക്കുള്ള വോട്ടിങ് നടന്നുകൊണ്ടിരിക്കെയാണ് ജനങ്ങളുടെ പ്രതികരണം ഭയന്ന് സെന്‍കുമാര്‍ പിന്മാറിയത്.

10 പേരുള്ള പ്രാഥമിക പട്ടികയില്‍ ഏഴാമന്‍ ആയിരുന്നു ടി പി സെന്‍കുമാര്‍. മോദി മന്ത്രിസഭയിലെ ഏക മലയാളി അല്‍ഫോന്‍സ് കണ്ണന്താനം, തോമസ് ചാണ്ടിയുടെ കസേര തെറിപ്പിക്കാനിടയായ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ആലപ്പുഴ കളക്ടര്‍ ടി വി അനുപമ, കെഎംആര്‍എല്‍ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നടി പാര്‍വതി, ദേശീയ ബാറ്റ്മിന്റണ്‍ ചാംപ്യന്‍ എച്ച് എസ് പ്രണോയ്, മൂന്നാറില്‍ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച മുന്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍, ഐഎസ് തടവില്‍ നിന്ന് രക്ഷപെട്ട ഫാദര്‍ ടോം ഉഴുന്നാലില്‍, സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്നിവരാണ് ന്യൂസ് മേക്കര്‍ പട്ടികയിലെ പ്രാഥമിക പട്ടികയിലെ മറ്റുള്ളവര്‍. ടി പി സെന്‍കുമാര്‍ പിന്‍മാറിയതോടെ പട്ടികയിലെ മത്സരാര്‍ത്ഥികളുടെ എണ്ണം ഒമ്പതായി ചുരുങ്ങി.

സര്‍വീസില്‍ നിന്നും വിരമിച്ചതോടെ ആര്‍എസ്എസിനെ പുകഴ്ത്തിയും മുസ്ലിങ്ങളെ ഒന്നടങ്കം അധിക്ഷേപിച്ചും കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന വാദമുന്നയിച്ചും ടി പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഈ ഈ സംഘപരിവാര്‍ അനുകൂല- മുസ്ലിം വിരുദ്ധ നിലപാടുകള്‍ വോട്ടെടുപ്പില്‍ തിരിച്ചടിയാവുമോ എന്ന ഭയമാണ് പിന്മാറ്റത്തിനു പിന്നിലെന്നാണ് സൂചന. സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തിനിടയിലാണ് തീവ്ര ഹിന്ദുത്വവാദവുമായി മുന്‍ ഡിജിപി രംഗത്തെത്തിയത്. ലൗ ജിഹാദ് പോലുള്ള പരിപാടികളില്‍ നിന്ന് മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണം, ലൗ ജിഹാദ് ഉള്ള കാര്യമാണ്, മുസ്ലീങ്ങള്‍ തീവ്രവാദം അവസാനിപ്പിക്കണം തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു സെന്‍കുമാര്‍ നടത്തിയത്.

മാത്രമല്ല, തീവ്രവാദത്തിന്റെ കാര്യം പറയുമ്പോള്‍ ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നതു ശരിയല്ല. മുസ്ലീം തീവ്രവാദവും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവുമില്ല, കാരണം ആര്‍എസ്എസ് ദേശീയ കാഴ്ചപ്പാടുള്ള സംഘടനയാണ് എന്നും സംഘപരിവാറിനോടുള്ള തന്റെ ആരാധന വ്യക്തമാക്കി സെന്‍കുമാര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ മുസ്ലിം ജനസംഖ്യാ നിരക്ക് കൂടുതലാണെന്നും ഈ നില തുടര്‍ന്നാല്‍ ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ ആശങ്കപ്പെട്ടിരുന്നു. സെന്‍കുമാറിന്റെ ഈ വാദങ്ങള്‍ പിന്നീട് വന്‍ പ്രതിഷേധത്തിനാണ് വഴിതുറന്നത്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണ് സെന്‍കുമാര്‍ ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയത്.

ഇതിനു പിന്നാലെ ജന്മഭൂമിയുടേത് ഉള്‍പ്പെടെ സംഘപരിവാര്‍ പരിപാടികളില്‍ തന്റെ പരസ്യ സാന്നിധ്യമറിയിച്ച സെന്‍കുമാര്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. ന്യൂസ് മേക്കര്‍ മത്സരത്തില്‍ താഴെപ്പോയാല്‍ തന്റെ രാഷ്ട്രീയപ്രവേശനത്തിന് ഇരുട്ടടിയാവുമോ എന്ന ആശങ്കയും സെന്‍കുമാറിന്റെ പിന്മാറ്റത്തിനു പിന്നിലുണ്ടെന്നാണ് പറയപ്പെടുന്നത്. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തം എന്നിവയിലെ അന്വേഷണത്തിലെ പോരായ്മകള്‍ കണക്കിലെടുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ മാറ്റിയ ആളാണ് ടി പി സെന്‍കുമാര്‍. തുടര്‍ന്ന് നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങിയതോടെയാണ് വാര്‍ത്താതാര നിരയിലേക്ക് വളര്‍ന്നത്. മാസങ്ങളോളം സര്‍ക്കാരിന്റെ കണ്ണിലെ കരടായി നിന്ന സെന്‍കുമാര്‍ തിരികെ സര്‍വീസില്‍ കയറി പിന്നീട് പുറത്തിറങ്ങിയതോടെയാണ് തന്റെ സംഘപരിവാര്‍ ആഭിമുഖ്യം വ്യക്തമാക്കി വര്‍ഗീയ നിലപാടുമായി രംഗത്തെത്തിയത്.

സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും മുസ്ലീങ്ങള്‍ക്കെതിരെയുള്ള വംശവെറിയുടെയും അതേ ഭാഷയായിരുന്നു മൂന്നര പതിറ്റാണ്ട് പൊലീസ് സേവനം അനുഷ്ടിച്ച്, ഡിജിപിയായ സെന്‍കുമാറിന്റെ നാവില്‍ നിന്നു പുറത്തുവന്നത്. ന്യൂസ് മേക്കര്‍ മത്സരത്തില്‍ ഇടംനേടി പത്തു പേരില്‍ നിന്ന് ഫൈനല്‍ റൗണ്ടിലേക്ക് നാലു പേരെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചുകഴിഞ്ഞു. എസ്എംഎസിലൂടെയും ചാനലിന്റെ വെബ്‌സൈറ്റിലൂടെയുമാണ് വോട്ടിങ് നടക്കുന്നത്. ഓരോ വര്‍ഷവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തികളില്‍ നിന്നാണ് ന്യൂസ് മേക്കര്‍ പട്ടികയിലേക്ക് മനോരമ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡ്് 10 പേരെ തെരഞ്ഞെടുക്കുന്നത്. ഇവരില്‍ നിന്ന് പിന്നീട് നാലു പേരെയും തെരഞ്ഞെടുക്കും. നാലുപേര്‍ ഉള്‍പ്പെട്ട രണ്ടാംഘട്ട വോട്ടെടുപ്പില്‍ മുന്നിലെത്തുന്നവര്‍ ആണ് ഇത്തവണത്തെ വാര്‍ത്താ താരം ആവുക.


Read More >>