പൊലീസ് മേധാവിയായി ടി പി സെൻകുമാർ ചുമതലയേറ്റു: സർക്കാരിനും ജനങ്ങൾക്കും ​ഗുണകരമായ കാര്യങ്ങൾക്കു മുൻ​ഗണന; സ്ത്രീസുരക്ഷയ്ക്കും പ്രാധാന്യം

പൊലീസ് ആസ്ഥാനത്ത് ​ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഡിജിപിയുടെ ഓഫീസിലെത്തിയ സെൻകുമാർ ലോക്നാഥ് ബെഹ്റയിൽ നിന്നും അധികാര ദണ്ഡ് സ്വീകരിച്ചു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സെൻകുമാറിനെ ഡിജിപിയായി പുനർനിയമിച്ചുകൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഒപ്പുവച്ചിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവ് ഇന്നുച്ചയോടെ സെൻകുമാറിനു കൈമാറുകയും ചെയ്തിരുന്നു.

പൊലീസ് മേധാവിയായി ടി പി സെൻകുമാർ ചുമതലയേറ്റു: സർക്കാരിനും ജനങ്ങൾക്കും ​ഗുണകരമായ കാര്യങ്ങൾക്കു മുൻ​ഗണന; സ്ത്രീസുരക്ഷയ്ക്കും പ്രാധാന്യം

സംസ്ഥാന പൊലീസ് മേധാവിയായി ടി പി സെൻകുമാർ ചുമതലയേറ്റു. വൈകീട്ട് നാലരയോടെയാണ് സെൻകുമാർ ഡിജിപി ആസ്ഥാനത്തെത്തി ചുമതലയേറ്റത്.

പൊലീസ് ആസ്ഥാനത്ത് ​ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഡിജിപിയുടെ ഓഫീസിലെത്തിയ സെൻകുമാർ ലോക്നാഥ് ബെഹ്റയിൽ നിന്നും അധികാര ദണ്ഡ് സ്വീകരിച്ചാണ് പൊലീസ് മേധാവിയായി ചുമതലയേറ്റത്.

ഈ നാട്ടിലെ എല്ലാ ജനങ്ങൾക്കും സർക്കാരിനും ഒരുപോലെ നല്ല കാര്യങ്ങൾ ചെയ്യുക എന്നതിനാണ് താൻ മു​ൻ​ഗണന നൽകുകയെന്ന് ചുമതലയേറ്റ ശേഷം സെൻകുമാർ പ്രതികരിച്ചു. സ്ത്രീസുരക്ഷയ്ക്കുള്ള നടപടികൾ വർധിപ്പിക്കാൻ ശ്രമിക്കും. ഗതാ​ഗത അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളും ഇതിനൊപ്പം കൈക്കാെള്ളും. സ്ത്രീ സുരക്ഷയ്ക്കായിസാങ്കേതിക വിദ്യയുടെ സഹായം കൂടുതൽ സ്വീകരിക്കും. അതിന്റെ ഭാ​ഗമായി ന​ഗര-അർധ ന​ഗര പ്രദേശങ്ങളിലും ക്യാമറകളുടെ എണ്ണം കൂട്ടും.

മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ സൗകര്യവും സമയവും അനുസരിച്ചു കാണാൻ ശ്രമിക്കും. മുഖ്യമന്ത്രിയെ കൂടി അറിയിച്ച ശേഷം അദ്ദേഹത്തിന്റെ കൂടി അനുവാദത്തോടെയാണ് താൻ അധികാരമേറ്റത്. ചീഫ് സെക്രട്ടറിയിൽ നിന്നും തന്റെ പ്രവർത്തനത്തിനു വിഘാതമാകുന്നതൊന്നും ഉണ്ടാവുമെന്നു താൻ പ്രതീക്ഷിക്കുന്നില്ല.

നിയമപ്രശ്നങ്ങളെക്കുറിച്ചൊന്നും തനിക്കിപ്പോൾ പറയാൻ കഴിയില്ല. കാരണം അത് സുപ്രീംകോടതിയുടെ പരി​ഗണനയിൽ ഇരിക്കുന്ന വിഷയമാണ്. അതിനാൽ അതേക്കുറിച്ചൊന്നും താൻ പറയാൻ പാടില്ലെന്നും സെൻകുമാർ വ്യക്തമാക്കി.

പൊലീസിന്റെ ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയെ പറ്റി ചോദിച്ചപ്പോൾ പൊലീസിന് അങ്ങനെയൊരു ഉപദേഷ്ടാവുള്ളതായി അറിയില്ലെന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ ചുമതല മുഖ്യമന്ത്രിക്കു ഉപദേശം നൽകുക എന്നതാണെന്നും സെൻകുമാർ പറഞ്ഞു.

യുഎപിഎ കേസുകൾ സംബന്ധിച്ച് പത്രവാർത്തകളിലൂടെയുള്ള അറിവേ തനിക്കുള്ളൂ. നിയമപരമായ കാര്യങ്ങളേ പൊലീസ് നടപ്പാക്കൂ. അപ്പോൾ സർക്കാരിന്റെ തീരുമാനങ്ങളെല്ലാം നടപ്പാക്കുമോ എന്ന ചോദ്യത്തിന്, സർക്കാരിന്റേത് തെറ്റായ തീരുമാനമാകുമോ എന്നായിരുന്നു മറുചോദ്യം.

നൂറോളം ഡിവൈഎസ്പിമാരെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, അതെല്ലാം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതേപറ്റി തനിക്കോ മാറിപ്പോയ ഡിജിപിക്കോ ബേജാറ് ആവേണ്ടതില്ലെന്നും സെൻകുമാർ വ്യക്തമാക്കി.

പൊലീസ് ജനങ്ങളോട് നന്നായിട്ടും നിയമപരമായും പ്രവർത്തിച്ചാൽ തന്നെ നല്ല പ്രതിച്ഛായ ഉണ്ടാവും. എന്നാൽ പൊലീസ് ചെയ്യുന്ന കാര്യങ്ങളെല്ലാം എപ്പോഴും എല്ലാവരേയും തൃപ്തിപ്പെടുത്താൻ കഴിയുന്നതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സെൻകുമാറിനെ ഡിജിപിയായി പുനർനിയമിച്ചുകൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഒപ്പുവച്ചിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവ് ഇന്നുച്ചയോടെ സെൻകുമാറിനു കൈമാറുകയും ചെയ്തിരുന്നു.

വലിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സെൻകുമാർ ഡിജിപി സ്ഥാനം തിരിച്ചുപിടിച്ചത്. സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഇന്നലെയാണ് സർക്കാരിന്റെ ഹരജി കോടതി തള്ളിയത്.

ഹരജി തള്ളിയ സുപ്രീം കോടതി, സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിനു നോട്ടീസ് നൽകുകയും കോടതി ചെലവിന് 25,000 രൂപ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. സെൻകുമാറിനെ പോലീസ് മേധാവിയായി പുനർ നിയമിച്ചതോടെ, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് മേധാവിയുടെ ചുമതല നൽകുകയും ചെയ്തിരുന്നു.

ജിഷ കേസ്, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം എന്നിവയിൽ സ്വീകരിച്ച പൊലീസ് സമീപനത്തിൽ ജനത്തിന് അതൃപ്തി ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു തൊട്ടുപിന്നാലെ സെൻകുമാറിനെ മാറ്റിയത്. ഇതിനെതിരെ സെൻകുമാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

11 മാസങ്ങള്‍ക്കു ശേഷമാണ് സെൻകുമാർ പൊലീസ് മേധാവിയുടെ കുപ്പായമണിയുന്നത്. 2017 ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്‍റെ കാലാവധി.

Read More >>