മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രൂക്ഷവിമര്‍ശനവുമായി സെന്‍കുമാറിന്റെ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനിടയില്‍ നടന്ന 13 രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയും സെന്‍കുമാര്‍ സുപ്രീംകോടതിക്ക് കൈമാറി. പൊതുജനങ്ങള്‍ തനിക്ക് എതിരാണെന്ന സർക്കാർ വാദം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും സെന്‍കുമാര്‍

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രൂക്ഷവിമര്‍ശനവുമായി സെന്‍കുമാറിന്റെ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍

മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്ങ്മൂലം നല്‍കി. പൊതുജനങ്ങള്‍ തനിക്ക് എതിരാണെന്ന വാദം ഏതെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനിടയില്‍ നടന്ന 13 രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയും സെന്‍കുമാര്‍ സുപ്രീംകോടതിക്ക് കൈമാറി.

സെന്‍കുമാര്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളിയല്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിതന്നെ താന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളിയാണെന്ന് നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതായി സെന്‍കുമാര്‍ മറുപടി സത്യവാങ് മൂലത്തില്‍ ആരോപിക്കുന്നു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ പൊലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാനാണ് ഡിജിപി സ്ഥാനത്ത് നിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്.

മന്ത്രിസഭയാണ് തന്നെ മാറ്റാനുള്ള തീരുമാനം എടുത്തതെന്ന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വാദം തെറ്റാണ്. മെയ് 25 ന് അധികാരം ഏറ്റെടുത്ത പിണറായി സര്‍ക്കാര്‍ 27 ന് തന്നെ മാറ്റുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി തയ്യാറാക്കിയ നോട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജിഷ കേസില്‍ തന്റെ കാലത്ത് നടന്ന അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാര്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ ഫയലുകളില്‍ നിന്ന് അപ്രത്യക്ഷമായി. ഒന്‍പത് പോയിന്റുകള്‍ അടങ്ങിയ ഈ നോട്ടും സെന്‍കുമാര്‍ സുപ്രിം കോടതിക്ക് കൈമാറിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ അച്ചടക്ക നടപടിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്ന വാദം തെറ്റാണെന്നും സെന്‍കുമാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഗാസസെന്‍കുമാറിന്റെ ഹര്‍ജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും.