ടി പി സെൻകുമാർ ബിജെപിയിലേക്ക്; വിരമിച്ച ശേഷം ആദ്യ പൊതുപരിപാടി ജന്മഭൂമിയുടേത്

സെൻകുമാറിന്റെ മുസ്ലിം വിരുദ്ധ -ആർഎസ്എസ് പ്രീണന പരാമർശത്തിനെതിരെ നാലുകോണിൽ നിന്നും വിമർശനവും പ്രതിഷേധവും ഉണ്ടാവുന്ന സാഹചര്യത്തിൽ സെൻകുമാറിനെ പരസ്യമായി സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തന്നെയാണ് സെൻകുമാറിനെ പിന്തുണച്ച് രം​ഗത്തെത്തിയിട്ടുള്ളത്.

ടി പി സെൻകുമാർ ബിജെപിയിലേക്ക്; വിരമിച്ച ശേഷം ആദ്യ പൊതുപരിപാടി ജന്മഭൂമിയുടേത്

വിരമിച്ച ശേഷമുള്ള ആദ്യ അഭിമുഖത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയതിനു തൊട്ടു പിന്നാലെ മുൻ ‍ഡിജിപി ബിജെപിയിലേക്കു പോകുന്നുവെന്ന സൂചനകളെ ശക്തിപ്പെടുത്തി സെൻകുമാറിന്റെ ആദ്യ പൊതുപരിപാടിയും. ബിജെപി മുഖപത്രമായ ജന്മഭൂമി സംഘടിപ്പിക്കുന്ന പ്രതിഭാസം​ഗമത്തിലാണ് സെൻകുമാർ പങ്കെടുക്കുന്നത്.

ഇന്നു വൈകീട്ട് നാലിന് തിരുവനന്തപുരം വഴുതക്കാട് ടാ​ഗോർ തിയേറ്ററിലാണ് പരിപാടി. സെൻകുമാറിനെ കൂടാതെ ബിജെപി രാജ്യസഭാ എംപിയും നടനുമായ സുരേഷ് ​ഗോപി, ഒ രാജ​ഗോപാൽ എംഎൽഎ, സംഘപരിവാർ വേദികളിലെ സ്ഥിരം മുഖമായ ഡോ. ഡി ബാബു പോൾ, ജന്മഭൂമി എംഡി എം രാധാകൃഷ്ണൻ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ​യിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അഭിനന്ദിക്കാൻ നടത്തുന്ന പരിപാടിയിലാണ് സെൻകുമാർ അതിഥിയായെത്തുന്നത്. ആർഎസ്എസ് ദേശീയ കാഴ്ചപ്പാടുള്ള സംഘടനയാണെന്നായിരുന്നു സംഘപരിവാറിനോടുള്ള തന്റെ ആരാധന വ്യക്തമാക്കി സെൻകുമാർ സമകാലിക മലയാളം വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

തീവ്രവാദത്തിന്റെ കാര്യം പറയുമ്പോൾ ആർഎസ്എസിനെ പരാമർശിക്കുന്നതു ശരിയല്ലെന്നും മുസ്ലീം തീവ്രവാദവും ആർഎസ്എസും തമ്മിൽ യാതൊരു താരതമ്യവുമില്ലെന്നുമായിരുന്നു സെൻകുമാറിന്റെ കണ്ടുപിടിത്തം. ഇതിനെതിരെ നാലുകോണിൽ നിന്നും വിമർശനവും പ്രതിഷേധവും ഉണ്ടാവുന്ന സാഹചര്യത്തിൽ സെൻകുമാറിനെ പരസ്യമായി സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തന്നെയാണ് സെൻകുമാറിനെ പിന്തുണച്ച് രം​ഗത്തെത്തിയിട്ടുള്ളത്. സെൻകുമാർ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കേരളത്തിലെ ബൗദ്ധിക ലോകം മുന്നോട്ടുവരണമെന്ന് ആവശ്യപ്പെടുന്ന സുരേന്ദ്രൻ കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായാൽ ഇന്നുകാണുന്ന ജനാധിപത്യവും മതേതരത്വവും തകരുമെന്നും അഭിപ്രായപ്പെടുന്നു.

ജനസംഖ്യാ കണക്കിലെ അസ്വാഭാവിക വർധനവ് ഒരു പ്രശ്നമല്ലെന്ന് എങ്ങനെ വിലയിരുത്താനാവും. ഒരു സമുദായത്തിന്റെ ജനനനിരക്ക് മറ്റു രണ്ടു സമൂഹങ്ങളെ അപേക്ഷിച്ച് ഇരട്ടിയാവുന്നതിൽ ഒരസ്വാഭാവികതയും കാണാനാവുന്നില്ലെങ്കിൽ നമുക്ക് എവിടെയോ തകരാറുണ്ടെന്ന് സമ്മതിക്കേണ്ടി വരുമെന്നാണ് സുരേന്ദ്രന്റെ വാദം.

കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ വരാൻപോകുന്ന ഒരു വലിയ മാറ്റത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഒരു വിഭാഗീയ നിലപാടായി മാറുന്നത്? സത്യം പറയുന്നവർക്കെല്ലാം സംഘപരിവാർ പട്ടം നൽകുന്നതുകൊണ്ട് സത്യം സത്യമല്ലാതാവുന്നില്ലെന്നും സുരേന്ദ്രൻ പറയുന്നു. എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസ് നേതാവും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേഷനാണ് സെൻകുമാറിന്റെ ​ഗോഡ്ഫാദറെന്ന് മുൻ ഡിജിപി വ്യക്തമാക്കിയിരുന്നു.

നിലവിൽ വെള്ളാപ്പള്ളി നടേശൻ ബിജെപി പാളയത്തിലായതിനാലാണ് സെൻകുമാർ സംഘപരിവാർ അനുകൂല രാഷ്ട്രീയം സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെൻകുമാറിന്റെ ആർഎസ്എസ് പ്രീണനം ബിജെപിയിലേക്കു കാലെടുത്തുവയ്ക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെയും സെൻകുമാറിൽ നിന്നുണ്ടായിള്ള മുസ്ലിം വിരുദ്ധ നീക്കങ്ങൾ ഇതിനോടു കൂട്ടിവായിക്കാവുന്നതുമാണ്.

Read More >>