കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം; ഗവര്‍ണറെ പ്രതിഷേധമറിയിക്കുമെന്ന് പ്രതിപക്ഷം

തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാം, എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കൊടുംകുറ്റവാളികള്‍, ഭീകരര്‍ എന്നിവര്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ വ്യവസ്ഥയില്ല. ഇതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍, അധികാര ദുര്‍വിനിയോഗം നടത്തി കൊടുംകുറ്റവാളികളെ തുറന്നുവിടാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു

കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം; ഗവര്‍ണറെ പ്രതിഷേധമറിയിക്കുമെന്ന് പ്രതിപക്ഷം

ടിപി കേസ് പ്രതികളുള്‍പ്പെടെ കൊടും കുറ്റവാളികളെ തുറന്നു വിടാനുള്ള നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഗര്‍ണറെ കാണുമെന്നും പ്രതിഷേധമറിയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാം, എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കൊടുംകുറ്റവാളികള്‍, ഭീകരര്‍ എന്നിവര്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ വ്യവസ്ഥയില്ല. ഇതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍, അധികാര ദുര്‍വിനിയോഗം നടത്തി കൊടുംകുറ്റവാളികളെ തുറന്നുവിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരമൊരു ലിസ്റ്റ് നല്‍കിയെന്ന ആരോപണം ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

ഫെബ്രുവരി 21 ന് ജയില്‍ ആസ്ഥാനത്തെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയുടെ മറുപടിയിലാണ് കൊടുംകുറ്റവാളികള്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാകുന്നത്. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജയില്‍വകുപ്പ് ശിക്ഷാ ഇളവിന് ശുപാര്‍ശ ചെയ്ത് 1911 പേരുടെ ലിസ്റ്റ് നല്‍കിയിരുന്നു എന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാകുന്നു. സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇവരുടെ ലിസ്റ്റ് നല്‍കാനാവില്ലെന്ന് പറഞ്ഞ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി പി വധക്കേസ് പ്രതികള്‍ ലിസ്റ്റിലുണ്ടെന്ന് സമ്മതിക്കുന്നു.

കെ സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍,സിജിത്ത്,മനോജ്, റഫീക്ക്,അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ്ഷാഫി, ഷിനോജ് എന്നിവര്‍ ശിക്ഷ ഇളവ് പട്ടികയില്‍ ഇടം നേടിയെന്നായിരുന്നു വിവരാവകാശ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണം. ഇതോടെ ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ ഇടയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ സൂചന കളവാണന്ന് വ്യക്തമായിരിക്കുകയാണ്. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ് പ്രതി ഓം പ്രകാശ്, കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ് പ്രതികള്‍, ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം തുടങ്ങിയവരും ശിക്ഷാ ഇളവ് പട്ടികയിലുണ്ട്.