ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്ത്; പട്ടികയില്‍ നിരവധി കൊടും കുറ്റവാളികള്‍, വിവരാവകാശ അപേക്ഷയില്‍ സത്യംപറഞ്ഞ് ജയില്‍വകുപ്പ്

ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ ഇടയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ സൂചന കളവാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ് പ്രതി ഓം പ്രകാശ്, കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ് പ്രതികള്‍, ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം തുടങ്ങിയവരും ശിക്ഷാ ഇളവ് പട്ടികയില്‍

ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്ത്; പട്ടികയില്‍ നിരവധി കൊടും കുറ്റവാളികള്‍, വിവരാവകാശ അപേക്ഷയില്‍ സത്യംപറഞ്ഞ് ജയില്‍വകുപ്പ്

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുള്‍പ്പെടെ തടവില്‍ കഴിയുന്ന കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്നതിന് തെളിവുകള്‍ പുറത്ത്. മറുനാടന്‍ മലയാളിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 21 ന് ജയില്‍ ആസ്ഥാനത്തെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയുടെ മറുപടിയിലാണ് കൊടുംകുറ്റവാളികള്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാകുന്നത്.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജയില്‍വകുപ്പ് ശിക്ഷാ ഇളവിന് ശുപാര്‍ശ ചെയ്ത് 1911 പേരുടെ ലിസ്റ്റ് നല്‍കിയിരുന്നു എന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാകുന്നു. സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇവരുടെ ലിസ്റ്റ് നല്‍കാനാവില്ലെന്ന് പറഞ്ഞ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി പി വധക്കേസ് പ്രതികള്‍ ലിസ്റ്റിലുണ്ടെന്ന് സമ്മതിക്കുന്നു. കെ സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍,സിജിത്ത്,മനോജ്, റഫീക്ക്,അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ്ഷാഫി, ഷിനോജ് എന്നിവര്‍ ശിക്ഷ ഇളവ് പട്ടികയില്‍ ഇടം നേടിയെന്നായിരുന്നു വിവരാവകാശ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണം. ഇതോടെ ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ ഇടയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ സൂചന കളവാണന്ന് വ്യക്തമായിരിക്കുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി വിവരം മറച്ചുവെച്ചത്.

കെ സി രാമചന്ദ്രന്‍ കേസിലെ എട്ടാം പ്രതിയും സിപിഐ എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. ഗൂഢാലോചനയില്‍ കുറ്റം ചുമത്തപ്പെട്ട കുഞ്ഞനന്തന്‍ സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. സിജിത്ത്, കേസിലെ ആറാം പ്രതിയായ അണ്ണന്‍ സിജിത്താണ്. മനോജ്, രണ്ടാം പ്രതിയായ കിര്‍മ്മാണി മനോജാണ്, സുനില്‍കുമാര്‍ ആണ് മൂന്നാം പ്രതിയായ കൊടി സുനി. ഇതില്‍ രജീഷും കിര്‍മ്മാണി മനോജും അണ്ണന്‍ സിജിത്തും ഇപ്പോള്‍ തിരുവനന്തപും സെന്‍ട്രല്‍ ജയിലിലാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റം ആവശ്യപ്പെട്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയാണിവര്‍. കൊടി സുനിയും കൂട്ടരും വിയ്യൂര്‍ ജയിലിലാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ കണ്ണൂരിലേക്ക് ജയില്‍ മാറ്റത്തിന് ഇവരും അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം.

വിവരാവകാശ രേഖ പ്രകാരം മൂന്നാമത്തെ ചോദ്യം ഇതായിരുന്നു. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ് പ്രതി ഓം പ്രകാശ്, കല്ലുവാതുക്കല്‍ കേസ് പ്രതികള്‍ എന്നിവര്‍ ശുപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? ഉണ്ട് എന്നായിരുന്നു മറുപടി. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചനു പുറമെ സഹോദരന്‍ വിനോദും പട്ടികയിലുണ്ട്. ഇപ്പോള്‍ നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ കഴിയുന്ന മണിച്ചനെ നേരത്തെ വിട്ടയയ്ക്കാന്‍ ജയില്‍ ഉപദേശക സമിതിയില്‍ വന്ന ശുപാര്‍ശ ജില്ലാ ജഡ്ജിയുടെയും പൊലീസ് സുപ്രണ്ടിന്റെയും എതിര്‍പ്പിനെ തുര്‍ന്ന് തള്ളപ്പെട്ടിരുന്നു. മണിച്ചന്റെ സഹോദരന്‍ വിനോദിനെ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റവെ കയ്യില്‍ നിന്നും മൊബൈല്‍ പിടിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്ററല്‍ ജയിലിലാക്കുകയായിരുന്നു.

നാലാമത്തെ ചോദ്യം ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം ശുപാര്‍ശ പട്ടികയില്‍ ഉണ്ടായിരുന്നോ? കാപ്പ ചുമത്തപ്പെട്ട നിസാമിനെ ഏതുവ്യവസ്ഥയുടെയും ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നതായിരുന്നു. ഇതിന് ലഭിച്ച മറുപടി ഉണ്ട് എന്നായിരുന്നു. മുഹമ്മദ് നിസാമിനെ ജയിലില്‍ പ്രവേശിപ്പിച്ച സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ രെമിഷനുള്ള ലിസ്റ്റ് സമര്‍പ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നുവെന്നും മറുപടിയില്‍ പറയുന്നു. ഇതേ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് അധികൃതര്‍ നല്‍കിയത് വിചിത്രമായ മറുപടിയായിരുന്നു.ആവശ്യപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമം 2005 ന്റെ 8 (1)വകുപ്പ് പ്രകാരം മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലന്നായിരുന്നു. ആഭ്യന്തര വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ സുഭാഷാണ് ഇത്തരത്തില്‍ ഒരു മറുപടി നല്‍കിയത്.

ബലാത്സംഗക്കേസ്, ലഹരി മരുന്ന് കേസ്, രാജ്യദ്രോഹം, വിദേശ തടവുകാര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍, വര്‍ഗീയ കലാപങ്ങളില്‍ പ്രതികളായവര്‍ ,വാടക കൊലയാളികള്‍, വയോധികരെ കൊലപ്പെടുത്തിയവര്‍,എന്നിവരെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാന്‍ പാടില്ലെന്ന ചട്ടത്തിന്റെ നഗ്‌നമായ ലംഘനം ജയില്‍ വകുപ്പിന്റെ ശുപാര്‍ശയില്‍ ഉണ്ടായിരുന്നു. ഈ ശുപാര്‍ശ പരിശോധിച്ച ആഭ്യന്തര വകുപ്പ് നിസാമിന്റേത് ഉള്‍പ്പെടെ അടുത്തകാലത്ത് ശിക്ഷിക്കപ്പെട്ട ചില പേരുകള്‍ ഒഴിവാക്കിയശേഷം 1850 പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് അയച്ചു. ഈ ലിസ്റ്റാണ് കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ മടക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും സുപ്രീം കോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പ്പെടുന്നവരല്ലയെന്നു കണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ മടക്കിയത്.

ജീവപര്യന്തം തടവുകാരന്റെ ശിക്ഷ ജീവിതാവസാനം വരെയാണന്ന് നിര്‍വ്വചിച്ചിട്ടുണ്ടെങ്കിലും 14 വര്‍ഷം വരെ ശിക്ഷ അനുഭവിച്ചാല്‍ ജയിലില്‍ നല്ലനടപ്പാണെങ്കില്‍ അവരെ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മോചിപ്പിക്കാവുന്നതാണ്. അവര്‍ക്കു പോലും ഒരു വര്‍ഷംവരെ ഇളവ് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ശുപാര്‍ശ. ഇതിന് മുന്‍പ് 2011 ലും 2012 ലും സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയിച്ചിട്ടുണ്ടെങ്കിലും 1850 തടവുകാര്‍ക്ക് കൂട്ടത്തോടെ ശിക്ഷ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത് ഇത് ആദ്യമാണ്.