'കർത്താവിന്റെ മലയിൽ ഒരു കുരിശു സ്ഥാപിക്കണമെന്നു കർത്താവ് നിർദേശം നൽകി'; പാപ്പാത്തിച്ചോലയിലെ കുരിശ് സ്പിരിറ്റ് ഇൻ ജീസസിന്റേത് തന്നെയെന്ന് ടോം സക്കറിയയുടെ വെളിപ്പെടുത്തൽ

വിവാദകുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്നും അവിടെ ആരാധന നടത്തുക മാത്രമാണ് ചെയ്തതെന്നും സിപിരിറ്റ് ഇൻ ജീസസ് ആവർത്തിക്കുന്നതിനിടെ, പാപ്പാത്തിച്ചോലയിൽ കുരിശു സ്ഥാപിച്ചത് സ്പിരിറ്റ് ഇൻ ജീസസ് തന്നെയാണെന്ന് വ്യക്തമാക്കിക്കൊണ്ട് സംഘടനയുടെ മുഖപത്രമായ 'ഇതാ നിന്റെ അമ്മ' മാസികയിൽ ടോം സക്കറിയ എഴുതിയ മുഖപ്രസംഗത്തിലെ ഭാഗങ്ങൾ നാരദാ ന്യൂസിന്

കർത്താവിന്റെ മലയിൽ ഒരു കുരിശു സ്ഥാപിക്കണമെന്നു കർത്താവ് നിർദേശം നൽകി; പാപ്പാത്തിച്ചോലയിലെ കുരിശ് സ്പിരിറ്റ് ഇൻ ജീസസിന്റേത് തന്നെയെന്ന് ടോം സക്കറിയയുടെ വെളിപ്പെടുത്തൽ

ഭൂമികൈയേറി കുരിശു സ്ഥാപിച്ചിട്ടില്ലെന്ന സ്പിരിറ്റ് ഇൻ ജീസസിന്റെ വാദങ്ങൾ പൊളിയുന്നു. പാപ്പാത്തിച്ചോലയിലെ കുരിശിനെ സംബന്ധിച്ച് സംഘടനയുടെ മുഖപത്രത്തിൽ ടോം സക്കറിയ തന്നെ കുരിശ് സ്ഥാപിച്ചത് സ്പിരിറ്റ് ഇൻ ജീസസ് ആണെന്ന് വ്യക്തമാക്കി എഴുതിയ ലേഖനത്തിന്റെ ഭാഗങ്ങൾ നാരദാ ന്യൂസിന് ലഭിച്ചു.

പാപ്പാത്തിച്ചോലയിൽ വർഷങ്ങൾക്കുമുമ്പേ മരക്കുരിശ് സ്ഥാപിക്കപ്പെട്ടിരുന്നുവെന്നും ഇത് പിന്നീട് വിശ്വാസികളായ ചിലർ സ്റ്റീൽ കുരിശായി മാറ്റി സ്ഥാപിക്കുകയായിരുന്നുമെന്നാണ് സ്പിരിറ്റ് ഇൻ ജീസസ് വാദിച്ചിരുന്നത്. ഒരുപാടുപേർ ആരാധിച്ചിരുന്ന കുരിശിനെ തങ്ങളും ആരാധിക്കുകയായിരുന്നുവെന്നാണ് സ്പിരിറ്റ് ഇൻ ജീസസ് പ്രവർത്തകർ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിലും പ്രഖ്യാപിച്ചത്.

2016 ഒക്ടോബറിലാണ് സ്പിരിറ്റ് ഇൻ ജീസസ് പാപ്പാത്തിച്ചോലയിൽ കുരിശു സ്ഥാപിക്കുന്നത്. സംഘടനയുടെ മുഖപത്രമായ 'ഇതാ നിന്റെ അമ്മ' മാസികയുടെ 2017 ജനുവരി ലക്കത്തിൽ 'സൂര്യനിൽ മഹാത്ഭുതം' എന്ന എഡിറ്റോറിയലിൽ ഇത് സംബന്ധിച്ച വിശദവിവരങ്ങൾ സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകനും മാസികയുടെ എഡിറ്ററുമായ ടോം സക്കറിയ തന്നെ വിശദീകരിച്ചിട്ടുണ്ട്.


പാപ്പാത്തിച്ചോലയെ സ്പിരിറ്റ് ഇൻ ജീസസ് വിളിക്കുന്നത് 'കർത്താവിന്റെ മല' എന്നാണ്. രണ്ടു വർഷം മുൻപ് കർത്താവ് ഇവിടെ കുരിശു സ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും അന്ന് നിർദ്ദേശം പാലിക്കാൻ കഴിഞ്ഞില്ല.പിന്നീട് 2016 ഒക്ടോബർ ഏഴിനാണ് കുരിശു സ്ഥാപിച്ചതെന്ന് ലേഖനത്തിൽ ടോം സക്കറിയ എഴുതുന്നു. 'വിശുദ്ധ കുരിശ്' എന്നറിയപ്പെടുന്ന ഈ കുരിശ് അനുഗ്രഹത്തിന്റെയും വിടുതലിന്റെയും അനുഭവമാണെന്നും കുരിശിന്റെ മുകളറ്റം സ്വർഗം വരെയും അടിഭാഗം പാതാളം വരെയും ഇരുവശങ്ങളും ലോകത്തിന്റെ അതിരുകൾ വരെയും നീട്ടപ്പെട്ടിരിക്കുന്നുവെന്നും ടോം സക്കറിയ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. കുരിശു സ്ഥാപിച്ചപ്പോൾ ഇപ്രകാരം സംഭവിക്കട്ടെയെന്നു താൻ വിളിച്ചു പറഞ്ഞെന്നും അപ്പോൾ സ്വർഗത്തിൽ നിന്നും വന്ന ഒരു ഇടിമിന്നൽ കുരിശിൽ പതിച്ച് പാതാളത്തിലേക്കിറങ്ങി സമുദ്രങ്ങൾ കടന്നു ലോകമെമ്പാടും പോകുന്നത് അനേകർ ദർശിച്ചെന്നും ടോം സ്കറിയ അവകാശപ്പെടുന്നു.


മലയാളത്തിൽ 'ഇതാ നിന്റെ അമ്മ' എന്ന പേരിൽ പുറത്തിറങ്ങുന്ന മാസിക ഇംഗ്ലീഷിൽ 'ഹോളി ക്വീൻ' എന്നും തമിഴിൽ 'ഇതാ ഉൻ തായ്' എന്ന പേരിലും പ്രസിദ്ധീകരിക്കുന്നുണ്ട്. കത്തോലിക്കാ സഭയുമായി പ്രശ്നങ്ങൾ നിലനിന്നിരുന്ന കാലം മുതൽ ഇതിലൂടെയാണ് സ്പിരിറ്റ് ഇൻ ജീസസ് ആശയ പ്രചാരണം നടത്തുന്നത്. സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന മാസികകൾ ഇടക്കാലത്ത് വില്പനയിലേക്ക് കടക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും, ആശയപ്രചരണം ലക്ഷ്യമിട്ട് സൗജന്യ വിതരണം തുടരുകയാണ് ഉണ്ടായത്.

പോർച്ചുഗൽ ഫാത്തിമയിൽ 'സൂര്യാത്ഭുതം' നടന്നതിന്റെ നൂറു വര്ഷങ്ങള്ക്കിപ്പുറത്ത് അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ആത്മീയ ടൂറിസത്തിന്റെ കച്ചവട സാധ്യതകളാണ് ടോം സക്കറിയ തേടിയത് എന്നതിന്റെ വ്യക്തമായ സൂചനകളും ഇതേ എഡിറ്റോറിയലിൽ ഉണ്ട്.

Read More >>