ധനവകുപ്പിലെ ക്വറിത്തമ്പുരാന്മാർക്കു പിടിവീഴും: ചുവപ്പുനാടയുടെ കുരുക്കഴിക്കാനുറച്ച് തോമസ് ഐസക്; ജീവനക്കാരുടെ യോഗം നാളെ

മറ്റു വകുപ്പുകളിൽ നിന്ന് ധനവകുപ്പിലെത്തുന്ന ഫയലുകളിൽ ക്വറിയെഴുത്തു മൂലം കാലതാമസം വരുന്നുവെന്ന ആക്ഷേപം വ്യാപകമായ പശ്ചാത്തലത്തിലാണ് ഭരണനടപടികൾക്കു വേഗം കൂട്ടാൻ മന്ത്രിയുടെ ഇടപെടൽ. ഇതിനായി ധനവകുപ്പിലെ അഡീഷണൽ സെക്രട്ടറി മുതൽ സെക്ഷൻ ഓഫീസർ വരെയുള്ള യോഗം വിളിച്ചുചേർത്ത് നയം വ്യക്തമാക്കാനൊരുങ്ങുകയാണ് ധനമന്ത്രി. നിർദ്ദേശം ലംഘിക്കുന്നവരെ കർശനമായ നടപടികൾ കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പും നൽകും.

ധനവകുപ്പിലെ ക്വറിത്തമ്പുരാന്മാർക്കു പിടിവീഴും: ചുവപ്പുനാടയുടെ കുരുക്കഴിക്കാനുറച്ച് തോമസ് ഐസക്; ജീവനക്കാരുടെ യോഗം നാളെ

തീരുമാനമെടുക്കുന്നതിൽ സ്വന്തം ചുമതല നിർവഹിക്കാതെ ഫയലുകളിൽ ക്വറികളെഴുതി തട്ടിക്കളിക്കുന്ന ധനവകുപ്പുദ്യോഗസ്ഥരുടെ ശീലം തിരുത്താൻ തോമസ് ഐസക് രംഗത്തിറങ്ങുന്നു. മറ്റു വകുപ്പുകളിൽ നിന്ന് ധനവകുപ്പിലെത്തുന്ന ഫയലുകളിൽ ക്വറിയെഴുത്തു മൂലം കാലതാമസം വരുന്നുവെന്ന ആക്ഷേപം വ്യാപകമായ പശ്ചാത്തലത്തിലാണ് ഭരണനടപടികൾക്കു വേഗം കൂട്ടാൻ മന്ത്രിയുടെ ഇടപെടൽ.

ഇതിനായി ധനവകുപ്പിലെ അഡീഷണൽ സെക്രട്ടറി മുതൽ സെക്ഷൻ ഓഫീസർ വരെയുള്ള യോഗം വിളിച്ചുചേർത്ത് നയം വ്യക്തമാക്കാനൊരുങ്ങുകയാണ് ധനമന്ത്രി. നിർദ്ദേശം ലംഘിക്കുന്നവരെ കർശനമായ നടപടികൾ കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പും നൽകും. നാളെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് വിജെടി ഹാളിലാണ് യോഗം.

ഫയലുകളിൽ തീരുമാനമെടുക്കുന്നതിന് ഓരോ തലങ്ങളിലുമുള്ള ഓഫീസർമാർ അവരവരുടെ ചുമതലയും അധികാരവും ഉപയോഗിക്കണമെന്നാണ് ഏറ്റവും പ്രധാന നിർദ്ദേശം. സംശയങ്ങൾ ഓരോന്നായി എഴുതി ഫയൽ താഴേയ്ക്കു വിടുന്ന പതിവ് അവസാനിപ്പിക്കണം.

സെക്രട്ടറിതല കൂടിയാലോചനകളിലൂടെ സംശയങ്ങൾ ദൂരീകരിക്കണമെന്നാണ് അടുത്ത നിർദ്ദേശം. നിലവിൽ ഇത്തരം ആലോചനകളില്ല. പകരം വിവിധ തട്ടുകളിലൂടെ താഴേയ്ക്കിറങ്ങി മാതൃവകുപ്പിലെത്തി, തട്ടുകളിലൂടെ മുകളിലേയ്ക്കു പോകും. മറുപടിയുമായി ഇതേ വഴി തിരിച്ചിറങ്ങി, ധനവകുപ്പിലെത്തി വീണ്ടു മുകളിലേയ്ക്ക്.

ഉദാഹരണത്തിന് കൃഷി വകുപ്പിൽ നിന്നൊരു ഫയൽ ധനവകുപ്പിലെത്തിയെന്നിരിക്കട്ടെ. സംശയം ഉദിക്കുന്നത് ധനവകുപ്പിലെ അഡീഷണൽ സെക്രട്ടറിയ്ക്കാണെന്നുമിരിക്കട്ടെ. അദ്ദേഹം സംശയം ഫയലിൽ എഴുതും. തുടർന്ന് ഫയൽ വന്ന വഴി കീഴോട്ടു പോകും. ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അണ്ടർ സെക്രട്ടറി, സെക്ഷൻ ഓഫീസർ എന്നിവരിലൂടെ സഞ്ചരിച്ച് സെക്ഷൻ ക്ലർക്കിലെത്തും. അവിടെ നിന്ന് കൃഷി വകുപ്പിലെ ക്ലർക്ക്, സെക്ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവരിലൂടെ അഡീഷണൽ സെക്രട്ടറി സമക്ഷം. സംശയം അവിടെയാണ് ദുരീകരിക്കേണ്ടത്. ആ ഫയൽ വീണ്ടും വന്ന വഴിയേ സഞ്ചരിക്കണം. സെക്രട്ടറി തലത്തിൽ ഒരു സംശയം പരിഹരിക്കണമെങ്കിൽ യു എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ മാതൃകയിൽ ഫയൽ രണ്ടുവട്ടം സഞ്ചരിക്കേണ്ടി വരും. വലിയ കാലതാമസമാണ് ഇതുവഴി ഉണ്ടാകുന്നത്.

ഇതൊഴിവാക്കാൻ സമാന തസ്തികകളിലെ സെക്രട്ടറിതല കൂടിയാലോചനകൾ നടത്തണമെന്നാണ് നിർദ്ദേശം. മേൽ ഉ‌‌ദാഹരണത്തിലെ ധനവകുപ്പിലെ അഡീഷണൽ സെക്രട്ടറിയുടെ സംശയം കൃഷി വകുപ്പിലെ അഡീഷണൽ സെക്രട്ടറിയുമായി കൂടിയാലോചിച്ചു തീർക്കുക. അതുവഴി ഫയലുകളിലെ കാലതാമസം കാര്യമായി കുറയ്ക്കാമെന്നാണ് പ്രതീക്ഷ.

ധനവകുപ്പിലെ വിവിധ വിംഗുകളുടെ അമിതാധികാരപ്രയോഗം അവസാനിപ്പിക്കണമെന്ന നിർദ്ദേശവും യോഗത്തിൽ മുന്നോട്ടുവയ്ക്കും. റെഗുലേറ്ററി വിഭാഗത്തിന്റെ അധികാരം വികസന, റിസോഴ്സ് വിഭാഗങ്ങൾ ഉപയോഗിക്കുന്ന പതിവു രീതിയ്ക്ക് ഫുൾസ്റ്റോപ്പിടാനാണ് തിരുമാനം. സർക്കാർ നയത്തിന്റെ നടത്തിപ്പു സുഗമമാക്കേണ്ട ഉത്തരവാദിത്തം ഈ വിഭാഗങ്ങൾ നിർവഹിച്ചാൽ മതിയെന്നാണ് കാഴ്ചപ്പാട്.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് വകുപ്പുതല നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി നിലപാടു വ്യക്തമാക്കും. ഇതുവഴി ധനവകുപ്പിന്റെ അനുമതിയും അംഗീകാരവും വേണ്ട ഫയലുകളിൽ നിലവിലുള്ള കാലതാമസം പൂർണമായും ഇല്ലാതാകുമെന്നാണ് കരുതുന്നത്. ജീവനക്കാരുടെ സഹകരണത്തോടെ ഈ ലക്ഷ്യം നേടാനാവുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.