ശശീന്ദ്രനാക്കാനാണോ? പെണ്‍കുട്ടിയാണെങ്കില്‍ അഭിമുഖം തരില്ലെന്ന് സിപിഐഎം നേതാവ് ടി കെ ഹംസ; ദുരനുഭവം വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തകയുടെ കുറിപ്പ്

മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖത്തിന് വിളിച്ചപ്പോഴായിരുന്നു മാദ്ധ്യമപ്രവര്‍ത്തകയോട് ടി കെ ഹംസയുടെ പ്രതികരണം. എന്നിട്ടെന്താ എ കെ ശശീന്ദ്രനാക്കാനാണോ, പെണ്‍കുട്ടി ആയാല്‍ വരേണ്ട...ആണ്‍കുട്ടിയായാല്‍ അഭിമുഖം തരാം എന്നും അദ്ദേഹം പറഞ്ഞെന്ന് സുവി വിശ്വനാഥ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അതിനിടെ മന്ത്രിയെ ഫോണില്‍ വിളിച്ച വീട്ടമ്മയായ മാദ്ധ്യമപ്രവര്‍ത്തകയെന്ന പേരില്‍ തന്റെ ഫോട്ടോ ഡെയ്‌ലി ഹെറാള്‍ഡ് പ്രസിദ്ധീകരിച്ചെന്നു ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവര്‍ത്തക സുനിത ദേവദാസും രംഗത്തെത്തി.

ശശീന്ദ്രനാക്കാനാണോ? പെണ്‍കുട്ടിയാണെങ്കില്‍ അഭിമുഖം തരില്ലെന്ന് സിപിഐഎം നേതാവ് ടി കെ ഹംസ; ദുരനുഭവം വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തകയുടെ കുറിപ്പ്

മംഗളം പുറത്തുവിട്ട മന്ത്രിയുടെ സ്വകാര്യസംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് അഭിമുഖം നിഷേധിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ടി കെ ഹംസ. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി കെ ഹംസയെ വിളിച്ചപ്പോള്‍ ' എന്നിട്ടെന്താ എ കെ ശശീന്ദ്രനാക്കാനാണോ' എന്നായിരുന്നു മറുപടിയെന്ന് ന്യൂസ് 18 ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥന്‍ പറഞ്ഞു. പെണ്‍കുട്ടി ആയാല്‍ വരേണ്ട എന്നും ആണ്‍കുട്ടിയായാല്‍ അഭിമുഖം തരാമെന്നുമായിരുന്നു ടി കെ ഹംസ മാദ്ധ്യമപ്രവര്‍ത്തകയോട് പറഞ്ഞത്.

സദാചാര പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന മുതിര്‍ന്ന നേതാവില്‍ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുവി പറഞ്ഞു. ആറേഴ് വര്‍ഷം ജോലി ചെയ്തിട്ടും വാര്‍ത്തയ്ക്കായി മനഃസാക്ഷിയ്ക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. സ്ത്രീ ആയി എന്നത് മാധ്യമ പ്രവര്‍ത്തനം ചെയ്യാന്‍ പരിമിതിയാണെന്ന് തോന്നിയിട്ടില്ലെന്നും അത്രത്തോളം ഹ്യദയത്തോട് ചേര്‍ത്തു പിടിച്ചാണ്, ആഗ്രഹിച്ചാണ് ഈ ജോലി ചെയ്യുന്നതെന്നും സുവി വിശ്വനാഥ് ഫേസ്ബുക്കില്‍ വ്യക്തമാക്കി.

മംഗളം നല്‍കിയ വാര്‍ത്തയോടെ ജേര്‍ണലിസത്തിന്റെ വിശ്വാസ്യത തകര്‍ന്നു എന്ന് കരുതുന്നില്ല. മാധ്യമ പ്രവര്‍ത്തനം തുടര്‍ന്ന് ചെയ്യാന്‍ പറ്റാത്ത പണിയായി എന്നും തോന്നുന്നില്ല. ഏതാനും പാപ്പരാസികള്‍ ചെയ്യുന്ന പാപ്പരാസിത്തരത്തിന് നമുക്കെന്ത് ചെയ്യാനാകും? ഇത്തരം വഷളന്‍ വര്‍ത്തമാനങ്ങള്‍ എങ്ങനെ സഹിക്കും? ചിലര്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ക്ക് എല്ലാവരേയും അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല- സുവി വിശ്വനാഥ്


അതിനിടെ മംഗളം ചാനല്‍ പുറത്തുവിട്ട മന്ത്രിയുടെ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കൂടുതല്‍ വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. ശശീന്ദ്രനോട് ചാനല്‍ ചെയ്ത തെമ്മാടിത്തരത്തിനോട് യോജിപ്പില്ലെന്നും, ശശീന്ദ്രനോടും മതിപ്പില്ലെന്നുമായിരുന്നു മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ എ പി ഭവിതയുടെ പ്രതികരണം. ഇപ്പോല്‍ പുറത്തുവരുന്ന വിവരങ്ങള്‍ എല്ലാ വനിതാ മാദ്ധ്യമപ്രവര്‍ത്തകരേയും പ്രതിക്കൂട്ടിലാക്കുകയാണെന്ന് ഭവിത പറയുന്നു.

മംഗളം മോഡല്‍ മാദ്ധ്യമപ്രവര്‍ത്തനം നടത്തിയല്ല ഇവിടെയാരും മാദ്ധ്യമപ്രവര്‍ത്തകരായത്.'മംഗളം മോഡല്‍ ' പ്രവര്‍ത്തനം നടത്തിയല്ല ഇവിടെയാരും മാധ്യമ പ്രവര്‍ത്തകരായത്; ഒരു വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടാല്‍ , ആങ്കറിംഗില്‍ അല്പം തിളങ്ങിയാല്‍ ചീഫുമായി അവള്‍ക്ക് അവിഹിതം ഉറപ്പ്. അയാളുമായി ഡിങ്കോള്‍ഫിയാണെന് പ്രചരിപ്പിക്കുന്നവര്‍ സഹപ്രവര്‍ത്തകയാണെന്ന പരിഗണന പോലും കൊടുക്കാറില്ല. അവിവാഹിതയായ മാധ്യമ പ്രവര്‍ത്തക മെഡിക്കല്‍ ലീവെടുത്താല്‍ അബോര്‍ഷനാണെനങ്ങ് ഉറപ്പിക്കും ഈ കൂട്ടം . മംഗളം ചാനല്‍ ഞങ്ങളെയാണ് പരിഹാസ്യരാക്കിയത്. ഈ അപവാദ പ്രചരണങ്ങള്‍ക്കൊക്കെ ഇനി തെളിവായി നിരത്തുക നിങ്ങളുടെ ഈ ചെയ്ത്താണ്. മാപ്പില്ലാത്ത ചെയ്ത്ത്.- എ പി ഭവിത


മംഗളം ശബ്ദരേഖയുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന വെബ്‌സൈറ്റിനെതിരെ മാദ്ധ്യമപ്രവര്‍ത്തകയായ സുനിതാ ദേവദാസ് രംഗത്തെത്തി. ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ച വീട്ടമ്മയായ റിപ്പോര്‍ട്ടറുടെ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നു എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തന്റെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുനിതാ ദേവദാസ് പറയുന്നു.