ദിലീപിന് മാവോയിസ്റ്റ് പിന്തുണയെന്ന് കൈരളി വാർത്ത; ''കൈരളിക്ക് ധൈര്യമുണ്ടോ ആ പ്രസം​ഗം കേൾപ്പിക്കാൻ''

''എന്ത് പി.ആർ പണിയെടുത്താലും ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ പക്ഷത്തു നിലയുറപ്പിക്കുന്നവർ സാമൂഹ്യവൈരുധ്യങ്ങളുടെ അരകല്ലിൽ കിടന്നു ചതഞ്ഞരയുമെന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്. കൈരളി ഉൾപ്പടെയുള്ള എല്ലാ പിന്തിരിപ്പന്മാരെയും കാത്തിരിക്കുന്ന അനിവാര്യമായ വിധിയാണത് ''-കൈരളിക്കെതിരെ തുഷാർ നിർമ്മൽ

ദിലീപിന് മാവോയിസ്റ്റ് പിന്തുണയെന്ന് കൈരളി വാർത്ത; കൈരളിക്ക് ധൈര്യമുണ്ടോ ആ പ്രസം​ഗം കേൾപ്പിക്കാൻ

കേരള മനുഷ്യാവകാശ സമിതി നടത്തിയ പ്രതിഷേധ സമ്മേളനത്തില്‍ ദിലീപിനെ പിന്തുണച്ച് മാവോയിസ്റ്റുകള്‍ എന്ന് വാര്‍ത്ത നല്‍കിയ കൈരളിക്ക് മറുപടിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകനും അഡ്വക്കേറ്റുമായ തുഷാര്‍ നിര്‍മല്‍. പരിപാടിയില്‍ താന്‍ നടത്തിയ പ്രസംഗം മുഴുവനായി സംപ്രേഷണം ചെയ്യാന്‍ കൈരളിക്ക് ധൈര്യമുണ്ടോ എന്നും തുഷാര്‍ ചോദിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പരോക്ഷമായി പിന്തുണച്ച് നീറ്റാ ജലാറ്റിന്‍ കേസ് പ്രതി തുഷാര്‍ രംഗത്ത് എന്ന് കൈരളി നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിശദീകരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് തുഷാറിന്റെ ചോദ്യം. താന്‍ നീറ്റാ ജലാറ്റിന്‍ കേസിലെ പ്രതിയല്ലെന്നും ഈ കേസിലെ പ്രതികളുടെ വക്കീല്‍ ആണെന്നും തുഷാര്‍ വ്യക്തമാക്കി. പരോക്ഷമായി പിന്തുണച്ചുകൊണ്ട് എന്താണ് സംസാരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളെയും ഭരണകൂടത്തെയും പൊലീസിനെയും തുഷാര്‍ വിമര്‍ശിച്ചു എന്നും കൈരളിയുടെ കൊല്ലം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു. അത് തുടരുക തന്നെ ചെയ്യുമെന്നും തുഷാര്‍ പറഞ്ഞു.കൊല്ലത്ത് നടന്ന പരിപാടിയുടെ വീഡിയോയില്‍ നിന്ന് ഒരു ഭാഗം മാത്രം സംപ്രേഷണം ചെയ്ത കൈരളിയുടെ വീഡിയോയില്‍ ദിലീപിനെ പിന്തുണക്കുന്ന ഭാഗമുണ്ടെങ്കില്‍ അതും കൈരളി സംപ്രേഷണം ചെയ്യണമെന്നും തുഷാര്‍ പറഞ്ഞു. ക്രിമിനല്‍ കേസുകള്‍ നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയ ചര്‍ച്ചയുടെ പ്രധാനഭാഗമാകുന്നത് എന്തുകൊണ്ടാണെന്നും ഭീകരത ആരോപിക്കപ്പെടുന്ന കേസുകളില്‍ പ്രതികളുടെ അവകാശങ്ങള്‍ എങ്ങനെയാണ് വ്യവസ്ഥാപിതമായി അട്ടിമറിക്കപ്പെടുന്നത് എന്നും ആണ് യോഗത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചതെന്ന് തുഷാര്‍ പറഞ്ഞു. ഇത് എങ്ങനെയാണ് ദിലീപിനെ പിന്തുണയ്ക്കലാകുന്നത് എന്ന് തുഷാര്‍ ചോദിക്കുന്നു.

കേരളത്തില്‍ മാവോയിസ്റ്റ് സംഘടന ദുര്‍ബലമാകുന്നു എന്നും അതിനെ മറികടക്കാനായി മനുഷ്യാവകാശ സംഘടനാ ലേബലില്‍ വൈപ്പിന്‍ സമരം പോലുള്ള ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മാവോയിസ്റ്റ് സംഘടന തീരുമാനിച്ചതെന്നും നഴ്‌സുമാരുടെ സമരത്തെ പിന്തുണച്ച് സംഘടന സജീവമായി രംഗത്തുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായി കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പശ്ചിമഘട്ടം കേന്ദ്രീകരിച്ച് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമായി നടക്കുന്നു എന്ന തരത്തിലാണ് കൈരളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏത് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ആണ് ശരി എന്നും തുഷാര്‍ ചോദിക്കുന്നു. താനോ സംഘടനയോ ദിലീപിനെ പിന്തുണക്കുന്നില്ല. ക്രിമിനല്‍ കേസുകളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന കക്ഷി രാഷ്ട്രീയ ജീര്‍ണതയും അതിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ കുറ്റകൃത്യഭീതിയും വെറുപ്പും രാഷ്ട്രീയ ആയുധമാക്കി ഭരണകൂടത്തിന്റെ അധികാരം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തെയാണ് വിമര്‍ശിക്കാന്‍ ശ്രമിച്ചത്. അത് മനസ്സിലാക്കാന്‍ കഴിയാത്തത്രയും രാഷ്ട്രീയ ധാരണയില്ലാത്തവരും മഞ്ഞപ്പത്രത്തിന്റെ നിലവാരമുള്ളവരമാണ് തങ്ങളെന്ന് കൈരളി തെളിയിച്ചിരിക്കുന്നു. ചെങ്ങറ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള രാത്രിസമരത്തെ ഒളിക്യാമറ വെച്ച് വ്യാജവാര്‍ത്ത നല്‍കിയ കൈരളിയുടെ മാധ്യമപ്രവര്‍ത്തന ചരിത്രവും തുഷാര്‍ ഓര്‍മിപ്പിക്കുന്നു. സര്‍ക്കാരിന് വേണ്ടി പിആര്‍ പണിയെടുക്കുന്ന തരത്തില്‍ അധപതിച്ചുകഴിഞ്ഞ കൈരളി ഒരു ജനതയുടെ ആത്മാവിഷ്‌കാരം എന്ന ടാഗ് ലൈനിലൂടെ ജനങ്ങളെ അപമാനിക്കുകയാണ്. ജനവിരുദ്ധ രാഷ്ട്രീയ പക്ഷത്ത് നിലയുറപ്പിക്കുന്നവര്‍ സാമൂഹ്യവൈരുദ്ധ്യങ്ങളുടെ അരകല്ലില്‍ കിടന്നു ചതഞ്ഞരയുമെന്ന ചരിത്രയാഥാര്‍ത്ഥ്യം തന്നെയാണ് കൈരളിയെ കാത്തിരിക്കുന്ന അനിവാര്യ വിധിയെന്നും തുഷാര്‍ പറയുന്നു.


Read More >>