രണ്ടാഴ്ചക്കിടെ കേരളത്തില്‍ പൊലീസ് ഭീകരതയില്‍ നഷ്ടമായത് മൂന്നു ജീവന്‍; കാക്കിയുടെ സമീപകാല ക്രൂരതകള്‍ ഇങ്ങനെ

കേവലമൊരു പരിശീലനത്തിലൂടെ മാത്രം പൊലീസിനെ നിലയ്ക്കു നിര്‍ത്താന്‍ ആവില്ലെന്നാണ് വിമര്‍ശനം. പൊലീസ് ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയും ആളുകള്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യം തുടരുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ഈ നല്ലനടപ്പ് പരിശീലനമെന്നാണ് ആക്ഷേപം.

രണ്ടാഴ്ചക്കിടെ കേരളത്തില്‍ പൊലീസ് ഭീകരതയില്‍ നഷ്ടമായത് മൂന്നു ജീവന്‍; കാക്കിയുടെ സമീപകാല ക്രൂരതകള്‍ ഇങ്ങനെ

സംസ്ഥാനത്ത് പൊലീസിന് അടിയന്തര നല്ല നടപ്പ് പരിശീലനം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചതിനു പിന്നില്‍ അടുത്തിടെയുണ്ടായ പ്രധാന അതിക്രമങ്ങളും പെരുമാറ്റ ദൂഷ്യങ്ങളും. രണ്ടാഴ്ചക്കിടെ കേരളത്തില്‍ മൂന്നു പേരുടെ ജീവനാണ് പൊലീസ് കാരണം ഇല്ലാതായത്. ഇതില്‍ ഒരു ആത്മഹത്യയും ഉള്‍പ്പെടുന്നു. കൂടാതെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിയും പൊലീസ് വാഹനം കൊണ്ട് ഇടിച്ചുതെറിപ്പിക്കലും മൂക്കിടിച്ചു തകര്‍ക്കലുമൊക്കെ ഉള്‍പ്പെടുന്നു. പരിശോധനയുടേയും മറ്റും പേരില്‍ ജനങ്ങളെ അകാരണമായി കൈയേറ്റം ചെയ്യുകയും അതിക്രമിക്കുകയും ചെയ്യുന്ന തരത്തിലേക്കു വരെ പൊലീസ് മാറിയെന്ന കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കേവലം നല്ല നടപ്പ് പരിശീലനം നല്‍കി വിമര്‍ശനങ്ങളെ നേരിടാന്‍ ഡിജിപി ഒരുങ്ങുന്നത്.

വാഹന പരിശോധനയ്ക്കിടെ യാത്രികരോടുള്ള പൊലീസ് സമീപനത്തെ കുറിച്ച് ഒരിടത്തും നല്ല അഭിപ്രായമല്ല ഉള്ളത്. നിര്‍ത്താതെ പോകുന്ന വാഹനത്തെ പിന്തുടര്‍ന്ന് അവരെ കൊലയ്ക്കു കൊടുക്കുന്ന സ്ഥിതിവിശേഷം പലയിടത്തും സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ ആ സമയം വിവാദമാകുമെങ്കിലും സര്‍ക്കുലറുകള്‍ അല്ലാതെ പൊലീസിനെ നിലയ്ക്കു നിര്‍ത്താനുള്ള മറ്റു പ്രായോഗിക നടപടികള്‍ സര്‍ക്കാരിന്റേയോ പൊലീസ് മേധാവിയുടേയോ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ നടന്ന ചില സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധത്തിനും നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനും വാക്കൗട്ടിനും വരെ കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസിന് നല്ല നടപ്പ് പരിശീലനം നല്‍കാന്‍ ഡിജിപിക്ക് തീരുമാനിക്കേണ്ടിവന്നത്. എന്നാല്‍ കേവലമൊരു പരിശീലനത്തിലൂടെ മാത്രം പൊലീസിനെ നിലയ്ക്കു നിര്‍ത്താന്‍ ആവില്ലെന്നാണ് വിമര്‍ശനം. പൊലീസ് ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയും ആളുകള്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യം തുടരുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ഈ നല്ലനടപ്പ് പരിശീലനമെന്നാണ് ആക്ഷേപം. കുറ്റക്കാരായ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കാതെ കേവലമൊരു പരിശീലന പദ്ധതി നടപ്പാക്കുന്നത് പ്രഹസനമാണെന്നും ആരോപണമുണ്ട്.ഈ മാസം 11ന് ആലപ്പുഴ കഞ്ഞിക്കുഴിയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച മൂലം പൊലിഞ്ഞത് രണ്ടു ജീവനുകളാണ്. വാഹനപരിശോധനയ്ക്കിടെ ബൈക്ക് പിന്തുടര്‍ന്ന് തടയാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണം. കഞ്ഞിക്കുഴി സ്വദേശി ഷേബുവിന്റെ ഭാര്യ സുമി (36), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ബിച്ചു (26) എന്നിവരാണ് മരിച്ചത്. 11ന് പുലര്‍ച്ചെ പ്രദേശത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ഷേബുവിന്റെ ബൈക്ക് തടയുകയായിരുന്നു. ബൈക്ക് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പൊലീസ് ജീപ്പില്‍ പിന്തുര്‍ന്ന കുത്തിയതോട് എസ്‌ഐ സോമന്റെ നേതൃത്വത്തിലുണ്ടായിരുന്ന സംഘം ജീപ്പ് കുറുകെയിട്ടാണ് ബൈക്ക് തടഞ്ഞത്. ഈ സമയം മറ്റൊരു ബൈക്ക് ഷേബുവിന്റെ ബൈക്കിലിടിക്കുകയും രണ്ട് ബൈക്കുകളിലുണ്ടായിരുന്നവരും അപകടത്തില്‍പ്പെടുകയുമായിരുന്നു. ഷേബുവിന്റെ ബൈക്കില്‍ ഇടിച്ച ബൈക്ക് ഓടിച്ചിരുന്ന ബിച്ചു റോഡില്‍ തലയടിച്ച് വീണ് തല്‍ക്ഷണം തന്നെ മരിച്ചു. ഷേബുവിന്റെ ഭാര്യ സുമി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് സംഘത്തിലുണ്ടായിരുന്ന എസ്‌ഐ സോമനെ സസ്‌പെന്റ് ചെയ്തിരുന്നു.

തുടര്‍ന്ന്, ഈമാസം 14നാണ് ഈരാറ്റുപേട്ടയില്‍ വാഹനപരിശോധയനക്കിടെ ഹെല്‍മറ്റില്ലാത്തതിന് പിടികൂടിയ യുവാക്കള്‍ക്കു നേരെ എസ്ഐ മഞ്ജുനാഥ് കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തിയത്. ഇതിന്റെ വീഡിയോ കുറച്ചുദിവസങ്ങള്‍ക്കു ശേഷം വൈറലായതോടെയാണ് എസ്ഐയ്ക്കെതിരെ പ്രതിഷേധം ശക്തമായത്. അമ്മയെ ഭോഗിച്ചവന്‍ എന്നര്‍ത്ഥമുള്ള തെറിയുള്‍പ്പെടെയാണ് പൊലീസ് യുവാക്കളെ ആവര്‍ത്തിച്ച് വിളിക്കുന്നത്. വാഹനം സ്റ്റേഷനിലേക്ക് മാറ്റിവയ്ക്കാന്‍ പറഞ്ഞതിനു ശേഷമാണ് എസ്ഐ യുവാവിനു നേരെ ഭീഷണി മുഴക്കുകയും തെറി വിളിക്കുകയും ചെയ്തത്. സംഭവത്തില്‍ എസ്പി റിപ്പോര്‍ട്ട് തേടുകയും ഇത് കൊച്ചി റേഞ്ച് ഐജിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്ഐയെ ഒരു മാസത്തെ നിര്‍ബന്ധിത നല്ലനടപ്പ് പരിശീലനത്തിനായി കണ്ണൂര്‍ മങ്ങാട്ടുപറമ്പ് കെഎപി ക്യാംപിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്റെ ചുമതലയില്‍ നിന്നും മാറ്റിയതിനു ശേഷമായിരുന്നു നടപടി.

ഈ മാസം 20ന് തിരുവനന്തപുരത്താണ് നാടിനെ നടുക്കിയ മറ്റൊരു സംഭവം പൊലീസില്‍ നിന്നുണ്ടായത്. അമിതവേഗതയില്‍ തെറ്റായ ദിശയിലെത്തിയയ പൊലീസ് വാഹനം എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ തെറിച്ച് ഒരു കാറിന്റെ മുകളില്‍ ചെന്നുവീണു. ബൈക്ക് ഓടിച്ചിരുന്ന കാര്യവട്ടം സ്വദേശി ആശംസ് ജോയി (18) തലയ്ക്കും നടുവിനും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് ഈസ്റ്റ്ഫോര്‍ട്ട് എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. തലയില്‍ നാലിടത്ത് രക്തം കട്ടപിടിച്ച ആശംസിന്റെ മുഖത്ത് 25 പൊട്ടലുണ്ട്. തോളില്‍ നിന്ന് കൈ ഇളകിപ്പോയി. അതിനു താഴെയുള്ള എല്ലില്‍ മൂന്നു പൊട്ടലും ഇടത് കൈക്കുഴയിലും കഴുത്തിനും പൊട്ടലുണ്ട്. മാത്രമല്ല, കാലിന് ഒടിവുണ്ട്. കാലിലെ രണ്ടു വിരലുകളും കൈയിലെ ഒരു വിരലും നഷ്ടമായി. പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാര്‍ ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. എന്നാല്‍ കുറ്റം വിദ്യാര്‍ത്ഥികളുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളല്ല, പൊലീസാണ് അമിതവേഗതയിലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

അതിനു ശേഷം 23ന് പൊലീസ് ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതാണ് മറ്റൊരു സംഭവം. മലയിന്‍കീഴ് കരിപ്പൂര്‍ സ്വദേശി റെജിഭവനില്‍ അപ്പു നാടാര്‍ (63) ആണ് പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്ത അപ്പു അഞ്ചുവര്‍ഷമായി ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു ഇയാള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പാട്ടഭൂമി ഒഴിഞ്ഞുകൊടുക്കാന്‍ ഉടമ ആവശ്യപ്പെട്ടു. വിളവെടുപ്പ് ആരംഭിക്കാത്തതിനാല്‍ ഒരു വര്‍ഷം കൂടി സമയം കൂട്ടിച്ചോദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭൂവുടമയുടെ പരാതിയില്‍ മലയിന്‍കീഴ് പൊലീസ് അപ്പുവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് അപ്പുവിനെ പൊലീസുകാര്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് അപ്പു ആത്മഹത്യ ചെയ്തെന്ന് ബന്ധുക്കള്‍ പറയുന്നു. പൊലീസിനെതിരെ പരാമര്‍ശമുള്ള അപ്പുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരോപണവിധേയനായ മലയിന്‍കീഴ് എസ്ഐ മാറ്റിനിര്‍ത്തി സമഗ്രാന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

ഇത്രയൊക്കെ ഉണ്ടായിട്ടും തൊട്ടടുത്ത ദിവസം മലപ്പുറം കോട്ടയ്ക്കലില്‍ മറ്റൊരു അതിക്രമവും പൊലീസില്‍ നിന്നുണ്ടായി. കാര്‍ യാത്രികന്റെ മൂക്ക് ഇടിച്ചുതകര്‍ത്തതാണ് സംഭവം. കൊളത്തുപ്പറമ്പ് സ്വദേശിയായ ജനാര്‍ദ്ദനന്റെ മൂക്കാണ് പൊലീസ് ഇടിച്ചു തകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചതോടെ ജനാര്‍ദ്ദനനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗവര്‍ണറുടെ വാഹനത്തിന് വഴിയൊരുക്കുന്നതിനിടെയായിരുന്നു പൊലീസ് അതിക്രമം. ഇതിനെതിരെ പ്രദേശത്തും സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും കുറ്റക്കാരനായ പൊലീസുകാരനെതിരെ യാതൊരു നടപടിയും ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ല. ഇത്തരത്തില്‍ പൊലീസ് പരാക്രമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നല്ലനടപ്പെന്ന പദ്ധതി കൊണ്ടുമാത്രം സേനയെ നന്നാക്കാന്‍ ഡിജിപി തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ, വടയമ്പാടിയില്‍ ജാതിമതില്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമം വന്‍ വിവാദമായിരുന്നു. സമരസമിതി പ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും തല്ലിച്ചതച്ച പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദളിത് ഭൂ അവകാശ സമരമുന്നണി ആഹ്വാനം ചെയ്ത 'ദളിത് ആത്മാഭിമാന കണ്‍വന്‍ഷനെതിരെയായിരുന്നു പോലീസിന്റെ നരനായാട്ട്. വടയമ്പാടിയിലെ സമരമുന്നണിക്ക് നേതൃത്വം നല്‍കുന്ന സമരസമിതി ചെയര്‍മാന്‍ സി എസ് മുരളി, അയ്യപ്പന്‍ കുട്ടി, ഷണ്മുഖന്‍, ധന്യ അടക്കമുള്ള ഭൂ അധികാര സംരക്ഷണ സമര മുന്നണി പ്രവര്‍ത്തകരെയും ഐക്യദാര്‍ഢ്യവുമായെത്തിയ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അടക്കമുള്ള ദളിത്/മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകരെയും നടുറോഡിലിട്ട് വലിച്ചിഴച്ചും തല്ലിച്ചതയ്ക്കുകയും ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

വാഹനപരിശോധനാ വേളയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും, ഹെല്‍മറ്റ് ധരിക്കാത്തവരേയും അമിതവേഗതയില്‍ പോവുന്നവരേയും എങ്ങനെ പരിശോധിക്കണം, പൊലീസിന്റെ പൊതു പെരുമാറ്റം എങ്ങനെയാവണം, വാഹനയാത്രികരുടെ ഭാഗത്തുനിന്നുണ്ടാവുന്ന നിയമലംഘനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളിലാണ് ഡിജിപി പൊലീസിനു പരിശീലനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആളുകളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കെയാണ് നിരന്തരം ആവര്‍ത്തിക്കുന്ന ഇത്തരം പരാക്രമങ്ങള്‍. എന്നാല്‍ കേവലം നല്ലനടപ്പ് പരിശീലനം നല്‍കിയാല്‍ മാത്രം പൊലീസിന്റെ ഈ നിലപാട് മാറുമോ എന്നതാണ് പൊതുവെ ഉയരുന്ന ചോദ്യം.


Read More >>