നാരദക്കെതിരേ അജ്ഞാതഭീഷണി; സർക്കാർ നടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തകയൂണിയന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കയ്യേറ്റവും ഭീഷണിയും ജനാധിപത്യവിരുദ്ധമാണ്. സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നവരെ കായികമായി നേരിട്ട് സത്യം മൂടിവെക്കാമെന്ന ധാരണ വേണ്ടെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍

നാരദക്കെതിരേ അജ്ഞാതഭീഷണി; സർക്കാർ നടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തകയൂണിയന്‍

നാരദാന്യൂസ് സിഇഒ മാത്യുസാമുവലിനും കുടുംബത്തിനും നേരെ ഭീഷണിയുയര്‍ത്തിയവര്‍ക്കെതിരേ സര്‍ക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കയ്യേറ്റവും ഭീഷണിയും ജനാധിപത്യവിരുദ്ധമാണ്. സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നവരെ കായികമായി നേരിട്ട് സത്യം മൂടിവെക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റങ്ങള്‍ അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ ദൃഷ്ടാന്തമാണ് മാത്യു സാമുവലിനു നേരെയുണ്ടായ ഭീഷണി. സത്യം പുറത്തുകൊണ്ടുവരുന്നവരെ ഭീഷണിയിലൂടെ പിന്തിരിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരണമെന്നും സി നാരായണന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദ ന്യൂസ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടത്.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്പി എം എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍പ്പെട്ടത്.

ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാത്യു സാമുവലിനെതിരെ മൂന്ന് കള്ളക്കേസുകളാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്തത്. തുടര്‍ന്ന്, പൊലീസ് നടപടികള്‍ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സിബിഐക്കു വിടുകയും ചെയ്തു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലിച്ചില്ല. കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി സിബിഐക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More >>