നാരദയ്‌ക്കെതിരെ അജ്ഞാത ഭീഷണി; മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംവി ജയരാജന്‍; അന്വേഷിക്കുമെന്ന് ഡിജിപി

തന്നേയും കുടുംബത്തേയും അജ്ഞാതര്‍ പിന്തുടരുന്നെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും ആലുവാ ഡിവൈഎസ്പിയ്ക്കും നാരദാന്യൂസ് സിഇഒയും എഡിറ്ററുമായ മാത്യു സാമുവേല്‍ പരാതി നല്‍കിയിരുന്നു. സംഭവം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഭീഷണി കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം വി ജയരാജന്‍ പറഞ്ഞു

നാരദയ്‌ക്കെതിരെ അജ്ഞാത ഭീഷണി; മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംവി ജയരാജന്‍; അന്വേഷിക്കുമെന്ന് ഡിജിപി

തനിക്കും കുടുംബത്തിനും അജ്ഞാതരുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാരദാന്യൂസ് സിഇഒ മാത്യു സാമുവേല്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ആലുവ ഡിവൈഎസ്പിയ്ക്കും പരാതി നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് കൊച്ചിയിലുള്ള തന്നെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ കാറില്‍ ഒരു സംഘം പിന്തുടര്‍ന്നുവെന്ന് മാത്യു സാമുവേല്‍ പരാതിയില്‍ പറയുന്നു. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങുന്ന സ്റ്റിംഗ് ക്യാമറ ഓപ്പറേഷന് നേതൃത്വം നല്‍കിയ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി.

മാത്യു സാമുവേല്‍ നല്‍കിയ പരാതി പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും ഡിജിപി നാരദാ ന്യൂസിനോട് പറഞ്ഞു. നാരദയ്‌ക്കെതിരെയുള്ള ഭീഷണി മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

ഡല്‍ഹില്‍ താമസിക്കുന്ന തന്റെ കുടുംബത്തേയും പരിചിതരല്ലാതെ ചിലര്‍ പിന്തുടര്‍ന്നിരുന്നെന്നും മാത്യു സാമുവേല്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലുവയിലെ വീട്ടില്‍ നിന്നും കലൂരിലുള്ള ആശുപത്രിയിലേക്കുള്ള യാത്രയില്‍ വെള്ള നിറമുള്ള കാറാണ് തന്നെ പിന്തുടര്‍ന്നത്. രണ്ട് പേര്‍ കാറിലുണ്ടായിരുന്നെന്നും 'K' രജിസ്‌ട്രേഷന്‍ നമ്പറായിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് കേരള രജിസ്‌ട്രേഷനാണോ കര്‍ണ്ണാടക രജിസ്‌ട്രേഷനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നാരദാന്യൂസിലെ മാദ്ധ്യമപ്രവര്‍ത്തകയായ ഏയ്ഞ്ചല്‍ എബ്രഹാമും അജ്ഞാതന്‍ പിന്തുടരുന്നെന്നു കാട്ടി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മെട്രോയില്‍ ഓഫീസിലേക്കുള്ള യാത്രയില്‍ പരിചയമില്ലാത്ത രണ്ടു പേര്‍ തന്നെ പിന്തുടരുന്നെന്നാണ് ഏയ്ഞ്ചലിന്റെ പരാതി. താന്‍ ഇറങ്ങുന്ന സ്റ്റേഷനില്‍ ഇവരും ഇറങ്ങുമെന്നും ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലും ഇവര്‍ പിന്തുടരുന്നുണ്ടെന്നും ഏയ്ഞ്ചല്‍ പരാതിയില്‍ വ്യക്തമാക്കി.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദ ന്യൂസ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടത്.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്പി എം എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍പ്പെട്ടത്. ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാത്യു സാമുവലിനെതിരെ മൂന്ന് കള്ളക്കേസുകളാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്തത്.

തുടര്‍ന്ന്, പൊലീസ് നടപടികള്‍ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സിബിഐക്കു വിടുകയും ചെയ്തു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലിച്ചില്ല. കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി സിബിഐക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് അജ്ഞാതരുടെ ഭീഷണിയുണ്ടായത്.

Read More >>