'എസ്ബിഐയുടേത് ഭ്രാന്തന്‍ തീരുമാനം'; സഹകരണബാങ്കിലേക്ക് മടങ്ങാനും തോന്ന്യവാസത്തിനെതിരേ പ്രതികരിക്കാനും ആഹ്വാനംചെയ്ത് ധനമന്ത്രി തോമസ് ഐസക്ക്

കാശ് ഇനിയാരെങ്കിലും ബാങ്കിലിടുമോ? കമ്പോളത്തില്‍ പണമെത്തുമോ ? വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. കേരളത്തിലെ സഹകരണബാങ്കുകളുടെ പ്രസക്തി ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായല്ലോയെന്നും അദ്ദേഹം ചോദിച്ചു.

എസ്ബിഐയുടേത് ഭ്രാന്തന്‍ തീരുമാനം; സഹകരണബാങ്കിലേക്ക് മടങ്ങാനും തോന്ന്യവാസത്തിനെതിരേ പ്രതികരിക്കാനും ആഹ്വാനംചെയ്ത് ധനമന്ത്രി തോമസ് ഐസക്ക്

സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച എസ്ബിഐയുടെ നടപടി ഭ്രാന്തന്‍ തീരുമാനമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്ക്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് എസ്ബിഐ നടത്തിയിരിക്കുന്നത്. ജനങ്ങളെ ബാങ്കില്‍ നിന്ന് അകറ്റുന്ന, ഒരിക്കലും ന്യായീകരിക്കാനാകാത്ത നടപടിയാണിതെന്നും അദ്ദേഹം തിരുവനതപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ പിഴിയുകയാണ് എസ്ബിഐ. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരണം. വിവാദ ഉത്തരവിറക്കി മണിക്കൂറുകളായിട്ടും വിശദീകരണത്തിന് ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല. ബാങ്കിംഗ് മേഖലയുടെ ഇത്തരം തോന്ന്യവാസങ്ങള്‍ അപകടകരമാണെന്നും ധനമന്ത്രി പറഞ്ഞു.

നിഷ്‌ക്രിയ ആസ്തികളുടെ വര്‍ധനയാണ് ബാങ്കിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാനകാരണം. പന്ത്രണ്ടു ലക്ഷത്തോളം കോടി രൂപയാണ് ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി. എസ്ബിഐയില്‍ 2016 അവസാനം അമ്പത്തിയാറായിരം കോടിയായിരുന്ന നിഷ്‌ക്രിയ ആസ്തി ഇപ്പോള്‍ ഒരു ലക്ഷം കോടിക്ക് മേലെയായി. വായ്പ തിരിച്ചടക്കാത്തവരില്‍ ഭൂരിപക്ഷവും കോര്‍പ്പറേറ്റുകളാണ്. അവരുണ്ടാക്കിയ നഷ്ടം നികത്താനാണ് സാധാരണക്കാരെ പിഴിയുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

കോര്‍പ്പറേറ്റ് അനുകൂല നിലപാടുകളെത്തുടര്‍ന്ന് എസ്ബിഐയുടെ ലാഭത്തിൽ വലിയ ഇടിവുണ്ടായി. 3879 കോടി രൂപയില്‍ നിന്ന് ലാഭം 2858 കോടിയായി കുറഞ്ഞു. ആരാണ് പണം നല്‍കാനുള്ളതെന്ന് ബാങ്ക് പറയുന്നില്ല. അതു വെളിപ്പെടുത്തിയാല്‍ മഹാഭൂരിപക്ഷവും കോര്‍പ്പറേറ്റുകളായിരിക്കും- അദ്ദേഹം വ്യക്തമാക്കി.

"നോട്ടുനിരോധനവും പ്രതിസന്ധിക്ക് കാരണമായി. ലയനവും ബാധിച്ചു. ഇനി ആരെങ്കിലും കാശ് ബാങ്കിലിടുമോ? കാശ് കയ്യില്‍വയ്ക്കാന്‍ തുടങ്ങിയാല്‍ കമ്പോളത്തില്‍ ലഭ്യമാകുന്ന പണം കുറയും, ഇത് സംസ്ഥാനത്ത് സാമ്പത്തിക അസ്ഥിരതയുണ്ടാക്കും ട്രഷറിയില്‍ നിന്ന് ബാങ്കിന് ചെക്ക് കൊടുത്താല്‍പോലും പാസാകാതെ വരും. ഇതിനെല്ലാം ബാങ്ക് ഉത്തരം പറയണം"- തോമസ് ഐസക്ക് പറഞ്ഞു.

കേരളത്തിലെ സഹകരണബാങ്കുകളില്‍ ഇത്തരമൊരു പ്രതിസന്ധിയില്ല. സഹകരണബാങ്കുകളെ ഏതുവിധേനയും സംരക്ഷിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വരാനിരിക്കുന്ന കേരളബാങ്കിലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ല. ജനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി. ബാങ്കിന്റെ നിലപാടിനെതിരേ സംസ്ഥാനസര്‍ക്കാരിന് നിലവിലെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>