തോമസ് ചാണ്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; വഹിക്കുന്നത് ​ഗതാ​ഗത വകുപ്പ് തന്നെ

ഫോൺ വിളി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അത് നടന്ന ശേഷം കുറ്റവിമുക്തനായി ശശീന്ദ്രൻ തിരിച്ചെത്തട്ടെയെന്നും അതുവരെ അദ്ദേഹം മാറിനിൽക്കട്ടെ എന്നുമായിരുന്നു എൻസിപി സംസ്ഥാന-ദേശീയ നേതൃത്വം മുന്നോട്ടുവച്ച തീരുമാനം. ഇത് എൽഡിഎഫ് യോ​ഗം ഐകകണ്ഠനേ അം​ഗീകരിക്കുകയായിരുന്നു.

തോമസ് ചാണ്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; വഹിക്കുന്നത് ​ഗതാ​ഗത വകുപ്പ് തന്നെ

ഫോൺ വിളി വിവാദത്തെ തുടർന്ന് എ കെ ശശീന്ദ്രൻ രാജിവച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്ക് എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.

എ കെ ശശീന്ദ്രൻ വഹിച്ചിരുന്ന ​ഗതാ​ഗത വകുപ്പ് തന്നെയാണ് തോമസ് ചാണ്ടിയും കൈയാളുക. എൻസിപി നേതൃത്വം മുന്നോട്ടുവച്ച തീരുമാനം ഇന്നലെ നടന്ന എൽഡിഎഫ് യോ​ഗം അം​ഗീകരിക്കുകയായിരുന്നു. ഫോൺ വിളി സംബന്ധിച്ച വാർത്ത പുറത്തുവിട്ടതിൽ മം​ഗളം ടെലിവിഷൻ സിഇഒ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തേക്കു ശശീന്ദ്രൻ തിരിച്ചുവരുമോ എന്ന സംശയങ്ങൾക്കിടെയൊണ് തോമസ് ചാണ്ടിയുടെ കടന്നുവരവ്.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അത് നടന്ന ശേഷം കുറ്റവിമുക്തനായി ശശീന്ദ്രൻ തിരിച്ചെത്തട്ടെയെന്നും അതുവരെ അദ്ദേഹം മാറിനിൽക്കട്ടെ എന്നുമായിരുന്നു എൻസിപി സംസ്ഥാന-ദേശീയ നേതൃത്വം മുന്നോട്ടുവച്ച തീരുമാനം. ഇത് എൽഡിഎഫ് യോ​ഗം ഐകകണ്ഠനേ അം​ഗീകരിക്കുകയായിരുന്നു.

ശശീന്ദ്രന്റെ പൂർണ പിന്തുണയും തോമസ് ചാണ്ടിക്കുണ്ട്. ശശീന്ദ്രന്‍ വഹിച്ചിരുന്ന റോഡ് ഗതാതതം, മോട്ടോര്‍ വാഹനം, ജല ഗതാഗതം എന്നീവകുപ്പുകളാണ് ചാണ്ടിയുടെ കൈകകളിലെത്തുക. എകെ ശശീന്ദ്രന്റെ ഔദ്യോഗിക വസതിയായിരുന്ന കാവേരിയില്‍ തന്നെയാകും തോമസ് ചാണ്ടിയുടെ താമസം.

ഗതാഗതമന്ത്രിയാകുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും തോമസ് ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണമുക്തനായി എകെ ശശീന്ദ്രന്‍ തിരിച്ചുവന്നാല്‍ താൻ മാറിക്കൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മാർച്ച് 26നായിരുന്നു മം​ഗളം ടെലിവിഷൻ മന്ത്രിയുടേതെന്ന രീതിയിൽ ഫോൺ സംഭാഷണം പുറത്തുവിട്ടത്. എന്നാൽ മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നും വാർത്ത നൽകിയതിൽ തെറ്റുപറ്റിയെന്നും ഇതിൽ മാപ്പ് പറയുന്നതായും സിഇഒ അജിത്കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ശശീന്ദ്രനെ തിരിച്ചെടുക്കണമെന്ന ആവശ്യം പല കോണിൽ നിന്നുയർന്നെങ്കിലും തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന മുന്‍തീരുമാനത്തില്‍ എന്‍സിപി നേതൃത്വം ഉറച്ചുനിൽക്കുകയായിരുന്നു.