തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിക്കുള്ളത്. രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.

തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

രാജിവച്ച എ കെ ശശീന്ദ്രനു പകരം എന്‍സിപിയുടെ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിക്കുള്ളത്. രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നിയമസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ ശുപാര്‍ശ ഇന്നലെ ഇടതുമുന്നണി യോഗം അംഗീകരിച്ചതോടെയാണ് തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് ഉറപ്പിച്ചത്. ഇദ്ദേഹത്തെ മന്ത്രിയാക്കുന്നതിനെച്ചൊല്ലി ആശയക്കുഴപ്പങ്ങള്‍ എന്‍സിപിയിലുണ്ടായിരുന്നു. ഫോണ്‍ വിവാദം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കുക എന്ന നിലപാടിലേക്ക് യോഗം എത്തിയിരുന്നു.

ഉഴവൂര്‍ വിജയന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുളള കേന്ദ്ര നേതൃത്വത്തിന്റെ കത്തു കൈമാറുകയും ചെയ്തു. ഇടതു മുന്നണി യോഗം ചേര്‍ന്നപ്പോള്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന എന്‍സിപിയുടെ നിര്‍ദേശം മുഖ്യമന്ത്രി അവതരിപ്പിച്ചു. ഘടകകക്ഷി നേതാക്കളെല്ലാം ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സത്യപ്രതിജ്ഞാ നടപടി വേഗത്തിലാക്കിയത്.