രാജിയാണ് ഉത്തമമെന്ന് ഹൈക്കോടതി; തോമസ് ചാണ്ടിയെ കെെവിട്ട് എൻസിപിയും

ദന്തഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നായിരുന്നു കോടതിയുടെ വിമർശനം. സര്‍ക്കാരിനു തന്നെ മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര ജിയെ എതിര്‍ക്കുന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.അതിനിടെ, ശരത് പവാർ പിണറായിയോട് സംസാരിച്ചു.

രാജിയാണ് ഉത്തമമെന്ന് ഹൈക്കോടതി; തോമസ് ചാണ്ടിയെ കെെവിട്ട് എൻസിപിയും

കായല്‍ കെെയേറ്റ വിഷയത്തിൽ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് ഉത്തമമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി നൽകിയ റിട്ട് ഹരജി പരി​ഗണിച്ചാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പോകാനാവില്ല. ദന്തഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സര്‍ക്കാരിനു തന്നെ മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

മന്ത്രി എന്ന നിലയില്‍ കോടതിയെ സമീപിക്കുന്നതിന്റെ സാധുത പരിശോധിച്ച കോടതി ഇത് അനുചിതമാണെന്ന് അഭിപ്രായപ്പെട്ടു. ഹരജി പിന്‍വലിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പിന്‍വലിക്കുന്നില്ലെന്നാണ് അറിയിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്ന് നേരത്തെ കോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം, തോമസ് ചാണ്ടിയെ എൻസിപി സംസ്ഥാന നേതൃത്വവും കെെവിട്ടു. ഇന്നു ചേർന്ന യോ​ഗത്തിൽ രാജി വേണമെന്നായിരുന്നു സംസ്ഥാന ഭാരവാഹികളുടെ പൊതുവികാരം. പാർട്ടി മുന്നണി മര്യാദ പാലിക്കണമെന്ന അഭിപ്രായവും ഭാരവാഹികൾ ഉയർത്തി. പാർട്ടി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോടു രാജിക്കായി അനുമതി തേടിയിട്ടുണ്ട്.

ഹൈക്കോടതിയിൽനിന്നു രൂക്ഷമായ പരാമർശങ്ങൾ ഉയർന്നതിനെത്തുർന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനുമായി പ്രഫുല്‍ പട്ടേല്‍ സംസാരിച്ചു. ദേശീയ നേതാവ് ശരദ് പവാറും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്നു ശരത് പവാർ പിണറായിയോട് ആവശ്യപ്പെട്ടെന്നാണ് സൂചന.

Read More >>