വിഡ്ഢിദിന മന്ത്രിക്ക് രാജി: പിണറായി മന്ത്രിസഭയില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാമത്തെ രാജി

ബന്ധുനിയമനത്തെ തുടർന്ന് ഇ പി ജയരാജന്റേതായിരുന്നു ആദ്യ രാജി. രണ്ടാമത് ഫോൺ വിളി വിവാദത്തെ തുടർന്ന് എകെ ശശീന്ദ്രന്‍ രാജി വെച്ചു. ഇപ്പോൾ കായൽ ഭൂമി കൈയ്യേറ്റത്തെത്തുടർന്നാണ് തോമസ് ചാണ്ടിയുടെ രാജി

വിഡ്ഢിദിന മന്ത്രിക്ക് രാജി: പിണറായി മന്ത്രിസഭയില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാമത്തെ രാജി

ഭൂമി കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടി കൂടി രാജി വെച്ചതോടുകൂടി പിണറായി മന്ത്രിസഭയില്‍ 18 മാസത്തിനിടെ രാജിവെച്ചവരുടെ എണ്ണം മൂന്നായി. മന്ത്രിസഭയില്‍ രാജിക്ക് തുടക്കം കുറിച്ചത് ഇപി ജയരാജനാണ്. 2016 മെയ് 25 ന് അധികാരമേറ്റ ജയരാജന്‍ സ്വജനപക്ഷപാത ആരോപണത്തെത്തുടര്‍ന്നാണ് രാജിവെച്ചത്. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നു ഇദ്ദേഹം. 2016 ഓക്ടോബര്‍ 14നായിരുന്നു രാജി. മന്ത്രിസഭ അധികാരമേറ്റ് അഞ്ച് മാസം തികയുന്നതിന് മുന്‍പായിരുന്നു രാജി. ജയരാജന്റെ ജ്യേഷ്ടന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സിറാമിക്‌സില്‍ ജനറല്‍ മാനേജറായി നിയമിച്ചിരുന്നു. കൂടാതെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസ് കെഎസ്‌ഐഇ മാനേജിങ്ങ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചത് വിവാദമായതിനെ തുടര്‍ന്നായിരുന്നു രാജി. ഇപി ജയരാജന്റെ ഭാര്യാ സഹോദരിയാണ് പികെ ശ്രീമതി എംപി. വ്യവസായ വകുപ്പിലെ നിയമനത്തില്‍ ജാഗ്രതക്കുറവുണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്ന് പറഞ്ഞിരുന്നു.

ആദ്യ രാജി സിപിഎമ്മിന് ഏല്‍പ്പിച്ച ആഘാതം വലുതായിരുന്നു. അത് മറികടക്കുന്നതിന് മുമ്പായിരുന്നു രണ്ടാമത്തെ രാജിക്ക് കളമൊരുങ്ങിയത്. ഗതാഗത മന്ത്രിയായ എകെ ശശീന്ദ്രനാണ് ഫോണ്‍വിളി വിവാദത്തില്‍പ്പെട്ട് രാജി വെച്ചത്. 2016 മെയ് 25 ന് അധികാരത്തിലെത്തിയ ശശീന്ദ്രന്‍ 2017 മാര്‍ച്ച് 26നാണ് രാജിവെച്ചത്. എന്‍സിപിയുടെ ഏക മന്ത്രിയായിരുന്നു ശശീന്ദ്രന്‍. മന്ത്രിസഭ ഒരു വര്‍ഷം തികയ്ക്കാന്‍ രണ്ടുമാസം ബാക്കിനില്‍ക്കെയായിരുന്നു രണ്ടാമത്തെ മന്ത്രിയുടെ രാജി. ഫോണില്‍ മാധ്യമപ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്ന വാര്‍ത്തയാണ് ശശീന്ദ്രനെ രാജിയിലേക്കെത്തിച്ചത്.

ശശീന്ദ്രന്റെ രാജിയെത്തുടര്‍ന്ന് മന്ത്രിസഭയിലെത്തിയ എന്‍സിപിയുടെ എംഎല്‍എയായ തോമസ് ചാണ്ടി ഏപ്രിൽ ഒന്നിന് മന്ത്രിയായി സ്ഥാനമേറ്റു. കായല്‍ ഭൂമി നികത്തിയെന്ന ആരോപണത്തെതുടര്‍ന്നാണ് ചാണ്ടിക്ക് രാജിക്കുള്ള വാതില്‍ തുറന്നത്. ആരോപിക്കപ്പെട്ട അഴിമതിയുടെ തെളിവുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് രാജിയിലെത്തിച്ചേര്‍ന്നത്. ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ആരോപണങ്ങല്‍ പുറത്ത് കൊണ്ടുവന്ന മാധ്യങ്ങള്‍ക്കെതിരെയും ആരോപണങ്ങളുന്നയിച്ചു. റിപ്പോര്‍ട്ട് നല്‍കിയ കളക്ടര്‍ക്കെതിരെ ആരോപണമുന്നയിച്ചു. എങ്കിലും കൈയ്യേറ്റ കേസിലെ വസ്തുത മറച്ചു വെക്കാന്‍ ചാണ്ടിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാനം വരെ ചാണ്ടിയെ കൈവിടാന്‍ തയ്യാറായില്ല. എന്നാല്‍ തെളിവുകളെല്ലാം എതിരാവുകയും നിയമോപദേശവും കോടതിയുടെ പരാമര്‍ശവും കൂടിയായപ്പോള്‍ മറ്റുവഴികളില്ലാതെയായി.

വിവാദം ഭരണ പ്രതിപക്ഷ ഭേദമന്യേ ഏവരും ഏറ്റെടുത്തതോടു കൂടി സര്‍ക്കാര്‍ ആലപ്പുഴയിലെ കായല്‍ കൈയ്യേറ്റങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അനുപമക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ റിപ്പോര്‍ട്ട് തോമസ് ചാണ്ടിക്ക് എതിരായിരുന്നു . ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി സമര്‍പ്പിച്ചഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

ഏകദേശം രണ്ടുമാസം നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ചാണ്ടിയുടെ രാജി പ്രഖ്യാപനം. ഇന്ന് രാവിലെ തോമസ് ചാണ്ടിയും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് രാജി വെക്കാനുള്ള സന്നദ്ധത തോമസ് ചാണ്ടി അറിയിക്കുകയായിരുന്നു .കോടതിയില്‍ നിന്ന് ഇത്രയേറെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടെടുത്ത മുഖ്യമന്ത്രിക്കെതിരെ സിപിഐ ശക്തമായ നിലപാട് എടുത്തിരുന്നു. തോമസ് ചാണ്ടി രാജിവെച്ച അവസരത്തില്‍ മുഖ്യമന്ത്രി തന്നെ വകുപ്പ് തല്‍ക്കാലത്തേക്ക് ഏറ്റെടുക്കാനാണ് സാധ്യത.

Read More >>