തോമസ് ചാണ്ടി രാജിവെയ്ക്കാതിരിക്കുന്നത് നീതിബോധത്തിന് നേരെയുള്ള വെല്ലുവിളി; സുനില്‍ പി. ഇളയിടം

മന്ത്രി തോമസ് ചാണ്ടി രാജി വെയ്ക്കാത്തത് നിയമവാഴ്ച്ചയ്ക്കും ഭരണഘടനാതത്ത്വങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ നീതിബോധത്തിനും എതിരായ വെല്ലുവിളിയാണെന്നും ഇത് ഇടതുപക്ഷം ഇനിയും അനുവദിച്ചുകൂടാത്തതുമാണെന്നാണ് സുനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

തോമസ് ചാണ്ടി രാജിവെയ്ക്കാതിരിക്കുന്നത് നീതിബോധത്തിന് നേരെയുള്ള വെല്ലുവിളി; സുനില്‍ പി. ഇളയിടം

തോമസ് ചാണ്ടി രാജി വെയ്ക്കാത്തത് പൊതുസമൂഹത്തിന്റെ നീതിബോധത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകനും സി.പി.ഐ.എം അനുഭാവിയും ശ്രീ ശങ്കരാചാര്യാ സര്‍വ്വകലാശാല മലയാളം വിഭാഗം അദ്ധ്യാപകനുമായ സുനില്‍ പി. ഇളയിടം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ത്താണ്ടം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാര്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയും തള്ളിയിരിക്കുകയാണ്. ചാണ്ടിക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.പി.ഐ.എം സഹയാത്രികന്‍ കൂടിയായ സുനില്‍ പി ഇളയിടം ഫേസ്ബുക്കില്‍ നിലപാട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മന്ത്രി തോമസ് ചാണ്ടി രാജി വെയ്ക്കാത്തത് നിയമവാഴ്ച്ചയ്ക്കും ഭരണഘടനാതത്ത്വങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ നീതിബോധത്തിനും എതിരായ വെല്ലുവിളിയാണെന്നും ഇത് ഇടതുപക്ഷം ഇനിയും അനുവദിച്ചുകൂടാത്തതുമാണെന്നാണ് സുനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. തോമസ് ചാണ്ടിയുടേത് പണത്തിന്റെ ഹുങ്കാണെന്നും രാഷ്ട്രീയധാര്‍മ്മികതയുടെ അവശേഷിക്കുന്ന വേരുകള്‍ കൂടി പറിച്ചുകളയാന്‍ ഒരാളെയും അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം തോമസ് ചാണ്ടിയുടെ വിഷയം ഇപ്പോഴും അനിശ്ചതിതത്വത്തില്‍ മുന്നേറുകയാണ്. തന്നെ കോടതി കുറ്റക്കാരനാക്കിയിട്ടില്ലെന്നും കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങളുടെ പേരില്‍ താന്‍ രാജിവെക്കില്ലെന്നുമുള്ള നിലപാടാണ് തോമസ്ചാണ്ടി എടുത്തിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്ന പക്ഷം രാജിവെയ്ക്കാന്‍ ചാണ്ടി സന്നദ്ധമായതായി അദ്ദേഹത്തോടടുത്തുള്ള വൃത്തങ്ങളും പറയുന്നുണ്ട്. ഇക്കാര്യം എന്‍.സി.പി സംസ്ഥാന നേതൃത്വവും ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുകയും.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാണ്ടി സമര്‍പ്പിച്ച ഹരജി ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു. വിഷയത്തില്‍ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമുണ്ടായെന്നും മന്ത്രി ദന്തഗോപുരത്തില്‍ നിന്നും താഴെയിറങ്ങി സാധാരണക്കാരനെ പോലെ വിഷയത്തെ സമീപിക്കണമെന്നും ഹൈക്കോടതി ചാണ്ടിയോട് പറഞ്ഞിരുന്നു. കയ്യേറ്റത്തില്‍ സ്റ്റോപ്പ് മെമ്മോ ഉണ്ടെങ്കില്‍ അത് നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇടതു സര്‍ക്കാര്‍.

സുനില്‍ പി ഇളയിടത്തെ പോലുള്ള ഇടത് സഹയാത്രികരും തോമസ് ചാണ്ടിയുടെ വിഷയത്തില്‍ എതിര്‍ ചേരിയിലാണ് എന്നാണ് ഇത് കാണിക്കുന്നത്. മന്ത്രി സമഭയിലെ തന്നെ മറ്റ് പാര്‍ട്ടികളും വിഷയത്തില്‍ എതിര്‍ നിലപാടാണെടുത്തിരിക്കുന്നത്. പുറത്തുപോയില്ലെങ്കില്‍ ചാണ്ടിയെ പിടിച്ച് പുറത്താക്കണമെന്ന് സി.പി.ഐ.എമ്മിലെ മുതിര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദനും പ്രതികരിച്ചിരുന്നു. പൊതുസമൂഹം ഒന്നടങ്കം മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനെ എതിര്‍ക്കുമ്പോഴും മന്ത്രിക്കനുകൂലമായ നിലാപാട് ഒരു ഇടതുപക്ഷ മന്ത്രിസഭ എടുക്കാന്‍ പാടുണ്ടോ എന്ന ചോദ്യത്തിലേയ്ക്കാണ് സുനില്‍ പി ഇളയിടത്തിന്റെ വാക്കുകളും വിരല്‍ ചൂണ്ടുന്നത്.


Read More >>