'അവര്‍ പൈസയുടെ ആര്‍ത്തിയുള്ള ഒറ്റുകാര്‍': അജിത് കുമാ‌റിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ക്കെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍; മംഗളം സിഇഒയ്ക്ക് നേരെ വക്കീലുമാരുടെ ചീത്തവിളി

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷം പൊലീസ് അജിത് കുമാറിനേയും ചീഫ് റിപ്പോര്‍ട്ടര്‍ ജയചന്ദ്രനേയും പുറത്തെത്തിച്ചപ്പോഴായിരുന്നു അഭിഭാഷകരുടെ ചീത്തവിളി. വക്കീലുമാരെ തെറി പറഞ്ഞവര്‍ക്ക് ഇപ്പോള്‍ അവരെ ആവശ്യമായില്ലേ എന്നു ചോദിച്ചാണ് അജിത്കുമാറിനോട് അഭിഭാഷകര്‍ കയര്‍ത്തത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഹാജരായ രണ്ട് അഭിഭാഷകരും ഒറ്റുകാരാണെന്നും അവരെ ഇനിയും ഒറ്റപ്പെടുത്തുമെന്നും തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആനയറ ഷാജി പറഞ്ഞു. ഹാജരാകരുതെന്ന് അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

അവര്‍ പൈസയുടെ ആര്‍ത്തിയുള്ള ഒറ്റുകാര്‍: അജിത് കുമാ‌റിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ക്കെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍; മംഗളം സിഇഒയ്ക്ക് നേരെ വക്കീലുമാരുടെ ചീത്തവിളി

മംഗളം ചാനല്‍ സിഇഒ ആര്‍ അജിത് കു‌മാറിനെ ചീത്ത വിളിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍. അജിത് കുമാർ, ചീഫ് റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ച ശേഷം പൊലീസ് ഇവരെ പുറത്തെത്തിച്ചപ്പോഴായിരുന്നു അഭിഭാഷകര്‍ ഇവരോട് കയര്‍ത്തു സംസാരിച്ചത്. 'നിനക്കൊക്കെ ഇപ്പോള്‍ അഭിഭാഷകരെ ആവശ്യമായി വന്നോ' എന്നു പറഞ്ഞായിരുന്നു അഭിഭാഷകര്‍ ആക്രോശിച്ചത്. അജിത് കുമാറിനും മംഗളം ചാനലിനെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടി വക്കാലത്ത് ഏറ്റെടുക്കരുതെന്ന് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു.

വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വിളിച്ചിരുന്നതായി ജയചന്ദ്രനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍ നായര്‍ എസ് നാരദ ന്യൂസിനോട് പറഞ്ഞു. അജിത് കുമാറിനോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി പോകരുതെന്ന് പറഞ്ഞപ്പോള്‍ ഇത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നമല്ല, താന്‍ പോകുമെന്നും വ്യക്തമാക്കിയിരുന്നതായി ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.

കോടതിയില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ അഭിഭാഷകരും അജിത് കുമാറും പരസ്പരം ചീത്ത വിളിക്കുന്നുണ്ടായിരുന്നു. വക്കീലന്മാര്‍ ഞങ്ങളെയൊന്നും പറഞ്ഞില്ല. കക്ഷികള്‍ക്കു വേണ്ടി ഹാജരാകാതിരിക്കാനാവില്ലെന്ന് ഞാന്‍ നേരത്തെ അവരോടു പറഞ്ഞതാണ്. വക്കാലത്ത് ഏറ്റെടുക്കരുതെന്നു പറഞ്ഞിരുന്നെങ്കിലും വിലക്കേര്‍പ്പെടുത്തിയുള്ള നോട്ടീസ് ഒന്നും കിട്ടിയിരുന്നില്ല.-

-അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍ നായര്‍

അജിത്കുമാറിനു വേണ്ടി അഡ്വക്കേറ്റ് വി എസ് വിനീത്കുമാറാണ് ഇന്നു കോടതിയില്‍ ഹാജരായത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ ഒറ്റുകാരാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആനയറ ഷാജി പറഞ്ഞു. പണത്തിനു വേണ്ടി മാത്രം വക്കാലത്ത് ഏറ്റെടുത്തവരാണ് ആ അഭിഭാഷകര്‍. മറ്റ് അഭിഭാഷകര്‍ക്ക് അത് തീരാ കളങ്കമാണ്. വക്കീലുമാരെ മോശമായി പറഞ്ഞ ആളാണ് അജിത്കുമാറെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകരോട് സംസാരിച്ചിരുന്നെന്നും വക്കാലത്ത് ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും ആനയറ ഷാജി നാരദ ന്യൂസിനോട് വ്യക്തമാക്കി. വിനീത് കുമാറെന്ന അഭിഭാഷകന്‍ പൈസയില്‍ വീണുപോയതാകുമെന്ന് അദ്ദേഹം ആരോപിച്ചു. കേസ് എടുക്കരുതെന്ന് ഇന്നലെയും അവരോട് ആവശ്യപ്പെട്ടിരുന്നു. അര മണിക്കൂറോളം താഴ്മയോടെ സംസാരിച്ചിരുന്നെന്നും ഷാജി പറഞ്ഞു. രണ്ടു ദിവസം മുമ്പത്തെ ബാര്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മറ്റി യോഗത്തില്‍ വക്കാലത്ത് ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഹാജരായ വക്കീലുമാരെ ഒറ്റപ്പെടുത്തും. മോശമായ കാര്യമായി പോയി. എല്ലവര്‍ക്കും അമര്‍ഷമുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കും. അവരുടെ ആവശ്യം വന്നാല്‍ കൂടെ നില്‍ക്കില്ല. പത്രക്കാരുടെ അടിയും മേടിച്ചു വരുമ്പോള്‍ ഒറ്റപ്പെടുത്തും. ഒരു ക്വാളിറ്റിയുമില്ലാത്ത എന്തും സംസാരിക്കുന്ന ആളാണ് അജിത് കുമാർ. പത്രധര്‍മം എന്തെന്നുപോലും അറിയില്ല. വക്കീലുമാരെ എന്തും പറയാം എന്ന തോന്നിയവാസം കാണിക്കുന്ന വ്യക്തിയാണ്. പത്രധര്‍മമൊക്കെ നമുക്കും അറിയാം. ഇതുപോലെ ബ്ലാക്ക് മെയില്‍ ചെയ്തു പൈസ വാങ്ങിക്കുകയും ട്രാപ്പ് ചെയ്യുകയുമൊക്കെയല്ല... അവന്മാര്‍ക്ക് ചീത്ത വിളിയുമൊക്കെ കിട്ടും. അതൊന്നും വലിയ കാര്യമല്ല. കൊച്ചു പയ്യന്മാരോടു പറഞ്ഞാല്‍ അവര്‍ തൂക്കിയെടുത്ത് അടിക്കും. അത് കാണിക്കുന്നത് മോശമായ കാര്യമായത് കൊണ്ടാണ് അങ്ങനെയൊന്നും ചെയ്യാത്തത്.

- അഡ്വക്കേറ്റ് ആനയറ ഷാജി, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്

പൊതു ആവശ്യത്തിനു വേണ്ടിയുള്ള കാര്യത്തില്‍ പ്രതിഭാഗത്തിനു വേണ്ടി വക്കാലത്ത് എടുക്കേണ്ടെന്ന് അഭിഭാഷകര്‍ മുമ്പും തീരുമാനിച്ചിട്ടുണ്ടെന്ന് ഷാജി പറയുന്നു. പണം മാത്രമല്ല സാമൂഹിക ഉത്തരവാദിത്വം കൂടി അഭിഭാഷകര്‍ക്ക് ആവശ്യമാണ്. ജാമ്യം എടുക്കുന്ന വേളയില്‍ വക്കാലത്ത് എടുത്തോട്ടെയെന്ന് തീരുമാനിക്കാം. ആദ്യത്തെ സ്‌റ്റേജില്‍ പോയി ആക്രാന്തം കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

അജിത് കുമാര്‍, ജയചന്ദ്രന്‍ എന്നിവരെ ഈ മാസം ഒമ്പതു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കോടതി ഉത്തരവായി. 15 മണിക്കൂര്‍ കസ്റ്റഡിയിലുണ്ടായിട്ടും കിട്ടാത്ത എന്തു തെളിവാണ് ഇനി ലഭിക്കുക എന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ചോദിച്ചു.