11 പേരെ കൊന്ന തെച്ചിക്കോട്ട്‌ രാമചന്ദ്രൻ ഇത്തവണയും തൃശൂര്‍ പൂരത്തിന്; എഴുന്നള്ളിക്കുന്നത് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം മറികടന്ന്

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് തെച്ചിക്കോട്ട്‌ രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിക്കാന്‍ 2017 മാര്‍ച്ച് മൂന്നിന് മൂന്നംഗ വെറ്ററിനറി ഡോക്ടര്‍ സംഘത്തെ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചിരുന്നു. വെറ്ററിനറി ഡോക്ടര്‍മാരുടെ പാനല്‍ പരിശോധിച്ച ശേഷമേ ആനയെ എഴുന്നള്ളിക്കാവു എന്ന മൃസംരക്ഷണ വകുപ്പ് സംസ്ഥാന ഡയറക്ടറുടെ നിര്‍ദേശം ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു. പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍മാരുടെ സംഘത്തെ പൂരം സംഘാടകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ആനയെ എഴുന്നള്ളിക്കുന്നത് വിലക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന് ആനപ്രേമിയായ വി കെ വെങ്കിടാചലം ആവശ്യപ്പെടുന്നു.

11 പേരെ കൊന്ന തെച്ചിക്കോട്ട്‌  രാമചന്ദ്രൻ ഇത്തവണയും തൃശൂര്‍ പൂരത്തിന്; എഴുന്നള്ളിക്കുന്നത് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം മറികടന്ന്

11 പേരെ കൊലപ്പെടുത്തിയ മദപ്പാടുള്ള ആനയായ തെച്ചിക്കോട്ട്‌ രാമചന്ദ്രനെ ഇത്തവണയും തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ട ആനയെ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് എത്തിക്കരുതെന്ന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം മറികടന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

മറ്റാരുടെയും സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ തെച്ചിക്കോട്ട്‌ രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിപ്പിക്കരുതെന്നും ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് തെച്ചിക്കോട് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിക്കാന്‍ 2017 മാര്‍ച്ച് മൂന്നിന് മൂന്നംഗ വെറ്ററിനറി ഡോക്ടര്‍ സംഘത്തെ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചിരുന്നു.

വെറ്ററിനറി ഡോക്ടര്‍മാരുടെ പാനല്‍ പരിശോധിച്ച ശേഷമേ ആനയെ എഴുന്നള്ളിക്കാവു എന്ന മൃസംരക്ഷണ വകുപ്പ് സംസ്ഥാന ഡയറക്ടറുടെ നിര്‍ദേശം ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു. പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍മാരുടെ സംഘത്തെ പൂരം സംഘാടകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ആനയെ എഴുന്നള്ളിക്കുന്നത് വിലക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന് ആനപ്രേമിയായ വി കെ വെങ്കിടാചലം ആവശ്യപ്പെടുന്നു.


55 വയസ്സ് പ്രായമുള്ള തെച്ചിക്കോട്ട്‌ രാമചന്ദ്രന്‍ കേരളത്തിലെ എല്ലാ ഗജലക്ഷണങ്ങളുമൊത്ത ആനയാണ്. തലയെടുപ്പുള്ള ഈ ആനയെയാണ് തൃശൂര്‍ പൂരത്തിനു തുടക്കം കുറിക്കുന്ന വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം തള്ളിത്തുറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ആനയെ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പൂരപ്രേമികള്‍ മാസങ്ങള്‍ക്കു മുമ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല. മദപ്പാടിനെത്തുടര്‍ന്ന് 11 പേരെ കൊലപ്പെടുത്തിയ തെച്ചിക്കോട്ട്‌ രാമചന്ദ്രന്‍ കേരളത്തിലെ ഏറ്റവും കുറുമ്പനായ ആനകൂടിയാണ്.

1986- 89 കാലയളവില്‍ ആറു പാപ്പാന്‍മാരെ ആന കൊലപ്പെടുത്തിയിരുന്നു. 86ല്‍ പാപ്പാന്‍ തൃശൂരില്‍ വച്ച് വാഹനമിടിച്ചു മരിച്ചതോടെ പിന്നീടു വന്ന പാപ്പാന്റെ മര്‍ദ്ദനത്തിനിടെയാണ് തെച്ചിക്കോട്ട്‌ രാമചന്ദ്രന്റെ വലതുകണ്ണിന്‍െ കാഴ്ച്ച നഷ്ടമാകുന്നത്. പിന്നീടിത് ഇടതുകണ്ണിലേക്കും വ്യാപിച്ചു. 2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ ആരതി ഉഴിയുന്നതിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 12 വയസ്സുകാരന്‍ മരിക്കുകയും ചെയ്തു. 2009ല്‍ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീയും 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിന് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു.

പാലക്കാട്, എറണാകുളം ജില്ലകളിലേക്ക് ഈ ആനയ്ക്ക് വിലക്കുണ്ട്. നാട്ടാന പരിപാലന മോണിറ്ററിങ് കമ്മിറ്റിയാണ് രണ്ടു ജില്ലകളില്‍ ഈ ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞയാഴ്ച്ച വിലക്ക് ലംഘിച്ച് പാലക്കാട് തത്തമംഗലത്ത് അങ്ങാടിവേലയ്ക്കു കൊണ്ടുവന്ന തെച്ചിക്കോട്ട്‌ രാമചന്ദ്രനെ വനംവകുപ്പും പൊലീസും ഇടപെട്ടാണ് തിരിച്ചയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ കോഴിക്കോട് സിറ്റി കോ-ഓപ്പററ്റീവ് ബാങ്ക് വാര്‍ഷികാഘോഷത്തില്‍ പുരസ്‌കാരം നല്‍കാന്‍ ആനയെ കൊണ്ടുവരാന്‍ നീക്കം നടത്തിയെങ്കിലും ആനപ്രേമികള്‍ കോടതിയെ സമീപിച്ച് ഇത് തടഞ്ഞിരുന്നു.

2011ല്‍ വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയിലാണ് തെച്ചിക്കോട്ട്‌ രാമചന്ദ്രനു വലതുകണ്ണിന് കാഴ്ച്ചയില്ലെന്നും ഇടതുകണ്ണിനു ഭാഗികമായാണ് കാഴ്ച്ചയുള്ളതെന്നും കണ്ടെത്തിയത്. എന്നാല്‍ ആറു വര്‍ഷത്തിനിടെ ആനയുടെ ആരോഗ്യത്തിലും ഇടതുകണ്ണിന്റെ കാഴ്ച്ചയും വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചിട്ടുണ്ടാകുമെന്നും അതുകൊണ്ടുതന്നെ പൂരത്തിന് എഴുന്നള്ളിപ്പിക്കുന്നത് നിയമലംഘനമാണെന്നും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിലെ കേരളത്തിന്റെ ചുമതലയുള്ള എം എന്‍ ജയചന്ദ്രന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. മദപ്പാടുള്ള തെച്ചിക്കോട്ട്‌ രാമചന്ദ്രന്‍ അവസാനമായി ഇടഞ്ഞത് ഗുരുവായൂരിലും ചെനക്കത്തൂര്‍ പൂരത്തിനുമായിരുന്നു. ചെനക്കത്തൂരില്‍ ഊട്ടുപുര തകര്‍ത്തിരുന്നു.

2012ലെ കേരള ക്യാപ്റ്റീവ് എലിഫെന്റ്‌സ് (മാനേജ്‌മെന്റ് ആന്റ് മെയിന്റന്‍സ്) റൂള്‍ പ്രകാരം അസുഖം, മുറിവ്, ക്ഷീണം, ഗര്‍ഭം എന്നിവയുള്ള നാട്ടാനകളെ ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ അതെല്ലാം മറികടക്കുകയാണ് പതിവ്. തെച്ചിക്കോട്ട്‌ രാമചന്ദ്രനാണ് തെക്കേ ഗോപുരം തള്ളിത്തുറക്കുകയെന്നും എഴുന്നള്ളിക്കുകയെന്നും പാറമേക്കാവ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ നാരദാ ന്യൂസിനോട് സ്ഥിരീകരിച്ചു.

1982ല്‍ ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യരാണ് തെച്ചിക്കോട്ട്‌ രാമചന്ദ്രനെ ബീഹാറില്‍ നിന്നു തൃശൂരെത്തിച്ചത്. ആന ഇടയലും കേസും വര്‍ധിച്ചതോടെ രാമചന്ദ്ര അയ്യര്‍ ആനയെ വെങ്കിടാദ്രി ആന്റ് കമ്പനിയ്ക്ക് വിറ്റു. പിന്നീട് ഇവരില്‍ നിന്ന് തെച്ചിക്കോട്ടുകാവ് ദുര്‍ഗാ ക്ഷേത്ര കമ്മിറ്റിയാണ് ആനയെ വാങ്ങുന്നത്. 2011 മുതലാണ് തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ തുടങ്ങിയതും തെക്കേ ഗോപുരം തള്ളിത്തുറക്കാന്‍ നിയോഗിച്ചതും.