പൊലീസ് ആക്രമിച്ചത് കവര്‍ ഗേളായി ചരിത്രം സൃഷ്ടിച്ച ട്രാന്‍സ് യുവതിയെ: ദീപ്തിയുടെ ആക്‌സിഡന്റായ കാലും അടിച്ചു തകര്‍ത്തു

മുഖ്യധാരാ മാഗസിന്റെ കവര്‍ഗേളായി ചരിത്രം സൃഷ്ടിച്ച ദീപ്തിയേയും രണ്ടു കൂട്ടുകാരികളേയുമാണ് ഇന്നലെ തൃശൂരില്‍ പൊലീസ് ആക്രമിച്ചത്. പുറത്തും തുടയിലും നെഞ്ചിലും കൈകളിലും കാലുകളിലും അവര്‍ ചൂരല്‍ ഉപയോഗിച്ചു അടിച്ചു പൊട്ടിച്ചു. കാല്‍ ആക്‌സിഡന്റ് ആയിരിക്കുകയാണെന്നും തല്ലരുതെന്നും കരഞ്ഞു പറഞ്ഞെങ്കിലും ദീപ്തിയുടെ കാലുകളും അവര്‍ അടിച്ചു പൊട്ടിച്ചു- പരാതിയില്‍ പറയുന്നു.

പൊലീസ് ആക്രമിച്ചത് കവര്‍ ഗേളായി ചരിത്രം സൃഷ്ടിച്ച ട്രാന്‍സ് യുവതിയെ: ദീപ്തിയുടെ  ആക്‌സിഡന്റായ കാലും അടിച്ചു തകര്‍ത്തു

തൃശൂരില്‍ ട്രാന്‍സ് യുവതികളെ പൊലീസ് തല്ലിച്ചതച്ച സംഭവത്തില്‍ അക്രമത്തിന് ഇരയായ ട്രാന്‍സ് യുവതികള്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. മാര്‍ച്ച് 18-ാം തിയതി പുലര്‍ച്ചെ ബാംഗ്ലൂരില്‍ താമസസ്ഥലത്തേയ്ക്കു പോകുന്നതിനായി തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. സമീപത്തുള്ള ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോള്‍ പൊലീസ് ജീപ്പിലെത്തിയ മൂന്നംഗ പൊലീസ് സംഘം ആക്രമിക്കുകയായിരുന്നുവെന്നും അക്രമത്തിന് ഇരയായ ദീപ്തി, രാഗരഞ്ജനി, അലീന എന്നിവര്‍ ചേര്‍ന്നു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.


മലയാള മനോരമയുടെ വനിതയുടെ കവര്‍ഗേളായതിനെ തുടര്‍ന്ന് രാജ്യത്ത് ആദ്യമായി മുഖ്യധാരാ മാഗസിന്റെ മുഖചിത്രമായി ചരിത്രം സൃഷ്ടിച്ച ദീപ്തിയും ആക്രമിക്കപ്പെട്ടു. ഭക്ഷണത്തിനുശേഷം പുറത്തിറങ്ങിയ ട്രാന്‍സ് യുവതികളെ എസ് ഐ അടക്കമുള്ള കണ്ടാലറിയാവുന്ന മൂന്നംഗ പോലീസ് സംഘം ആക്രമിക്കുകയായിരുന്നു. യാതൊരു ചോദ്യവും ചോദിക്കാതെ ''പോടാ, പോടാ ഇവിടെയെങ്ങും കണ്ടു പോകരുത്'' എന്നും കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞും ചൂരല്‍ ഉപയോഗിച്ചു തലങ്ങും വിലങ്ങും തല്ലുകയായിരുന്നുവെന്നും ട്രാന്‍സ് യുവതികള്‍ പരാതികള്‍ പറയുന്നു. അവിടെ ഉണ്ടായിരുന്ന ഒരാള്‍ക്കും യാതൊരു ബുദ്ധിമുട്ടും തങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും രാത്രിയില്‍ ബാംഗ്ലൂര്‍ക്ക് യാത്ര ചെയ്യുന്നതിനായാണ് അവിടെ എത്തിയതെന്നും പരാതിയില്‍ പറയുന്നു. എന്തിനാണ് തല്ലുന്നതെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കരഞ്ഞു പറഞ്ഞെങ്കിലും യാതൊരു ദയയുമില്ലാതെ പൊലീസ് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ദീപ്തി പറയുന്നു.


പുറത്തും തുടയിലും നെഞ്ചിലും കൈകളിലും കാലുകളിലും അവര്‍ ചൂരല്‍ ഉപയോഗിച്ചു അടിച്ചു പൊട്ടിച്ചു. കാല്‍ ആക്‌സിഡന്റ് ആയിരിക്കുകയാണെന്നും തല്ലരുതെന്നും കരഞ്ഞു പറഞ്ഞെങ്കിലും ദീപ്തിയുടെ കാലുകളും അവര്‍ അടിച്ചു പൊട്ടിച്ചു. രാഗരഞ്ജിനിയുടെ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞിട്ട് കുറച്ചു ആഴ്ചകളേ ആയിട്ടുള്ളൂ. വളരെയധികം ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അവസരത്തിലാണ് തങ്ങള്‍ക്കെതിരെ ഈ ആക്രമണം ഉണ്ടായതെന്നും ട്രാന്‍സ് യുവതികള്‍ പരാതിയില്‍ പറയുന്നു


തങ്ങളുടെ സ്വന്തം ലിംഗ സ്വത്വത്തില്‍ തന്നെ ജീവിക്കാന്‍ തീരുമാനിച്ചതു കൊണ്ട് കഴിഞ്ഞ ഒരുപാടു വര്‍ഷങ്ങളായി വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും ഇത്തരം അതിക്രമങ്ങള്‍ അനുഭവിക്കുന്നു. വസ്ത്രധാരണത്തിലോ പെരുമാറ്റത്തിലോ പൊലീസിനു സംശയം തോന്നിയെങ്കില്‍ അടുത്തു വിളിച്ചു കാര്യം ചോദിക്കുന്നതിനു പകരം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ തങ്ങളെ പൊലീസ് ആക്രമിക്കുന്നത് നിയമവിരുദ്ധവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്ന് ട്രാന്‍സ് യുവതികള്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.


ശരീരം മുഴുവന്‍ പരിക്കേറ്റു ചികിത്സക്കായി തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയ തങ്ങളെ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഇത്തരം കേസുകളൊന്നും ഇവിടെ എടുക്കില്ലെന്നും നിങ്ങള്‍ക്കിവിടെ ചികിത്സയില്ലെന്നും പറഞ്ഞു ഇറക്കി വിടാന്‍ ശ്രമിച്ചു. ഡോക്ടരുടെ പേര് ചോദിച്ചപ്പോള്‍ ആദ്യം പേര് പറയാന്‍ സൗകര്യം ഇല്ലെന്നും ആരെ വിളിച്ചു വരുത്തിയാലും ചികിത്സ കിട്ടില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. ഫൈസി എന്നാണ് ആ ഡോക്ടരുടെ പേരെന്ന് പിന്നീട് ഞങ്ങള്‍ ചോദിച്ചറിഞ്ഞു. ട്രാന്‍സ്‌ജെഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഇടപ്പെട്ടതിനു ശേഷമാണ് കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കാന്‍ തയ്യാറാവുകയും ചെയ്തത് ഇപ്പോള്‍ ഞങ്ങള്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.


തെറി വിളിച്ചതിലും ആക്രമിച്ചതിലും പരസ്യമായി അപമാനിച്ചതിലും തങ്ങള്‍ക്ക് മൂന്നു പേര്‍ക്കും ശക്തമായ പരാതിയുണ്ടെന്നും ട്രാന്‍സ് യുവതികള്‍ പരാതിയില്‍ പറയുന്നു. തങ്ങളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ കണ്ടാലറിയാം. അക്രമികളായ ആ ഉദ്യോഗസ്ഥര്‍ക്കെതിരെ അതിശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും തങ്ങള്‍ക്കു നീതി ലഭിക്കണമെന്നും ട്രാന്‍സ് യുവതികള്‍ പരാതിയില്‍ പറയുന്നു.