സവർക്കർ മുതൽ തുളസി വരെ സംഘപരിവാറിന്റെ മാപ്പ് റാലി: ഇത് ട്രോളല്ല; കൊലവിളിക്കെതിരെ നടപടി എവിടെ?

കൊലവിളിയും വിദ്വേഷ പരാമർശവും നടത്തുകയും അത് വിവാദമാവുമ്പോൾ മാപ്പുമായി രം​ഗത്തെത്തുന്നത് സംഘപരിവാർ നേതാക്കളുടെ പതിവാണ്. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത ഹിന്ദുത്വ സൈദ്ധാന്തികൻ വി ഡി സവർക്കറുടെ പാത പിന്തുടർന്ന് ഈ മാപ്പ് നാടകവുമായി അടുത്ത കാലത്ത് രം​ഗത്തെത്തിയ സംഘപരിവാറുകാർ ഇവരാണ്.

സവർക്കർ മുതൽ തുളസി വരെ സംഘപരിവാറിന്റെ മാപ്പ് റാലി: ഇത് ട്രോളല്ല; കൊലവിളിക്കെതിരെ നടപടി എവിടെ?

വിദ്വേഷ പരാമർശവും കൊലവിളിയും നടത്തി വിവാദമായ ശേഷം മാപ്പ് നാടകവുമായി രം​ഗത്തെത്തുന്ന സംഘപരിവാർ നേതാക്കളുടേയും പ്രവർത്തകരുടേയും പട്ടികയിലേക്ക് കൊല്ലം തുളസിയും. നേരത്തെ, മുഖ്യമന്ത്രിയേയും സുപ്രീംകോടതിയേയും വരെ അസഭ്യം പറയുകയും വിവിധ വിഷയങ്ങളിൽ വിദ്വേഷ-അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും ചെയ്ത ശേഷമാണ് വിവിധ സംഘപരിവാർ പ്രവർത്തകർ ഒടുവിൽ മാപ്പുമായി രം​ഗത്തെത്തിയത്.

സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത ഹിന്ദുത്വ സൈദ്ധാന്തികൻ വി ഡി സവർക്കറാണ് ഈ മാപ്പ് നാടകത്തിന്റെ ഉപജ്ഞാതാവ്. ഈ പാത പിന്തുടർന്ന് പ്രധാനമായും ആറു പേരാണ് വിദ്വേഷ-കലാപ ആഹ്വാനങ്ങളും മതസ്പർധ വളർത്തുന്ന പ്രസ്താവനകളും കൊലവിളിയും നടത്തിയ ശേഷം മാപ്പപേക്ഷയുമായി ഈ അടുത്ത കാലത്ത് രം​ഗത്തെത്തിയത്. ആർഎസ്എസ് പ്രവർത്തകരായ കൊട്ടക് മഹീന്ദ്രാ ബാങ്ക് പാലാരിവട്ടം ശാഖയിലെ അസി. മാനേജറായിരുന്ന വിഷ്ണു നന്ദകുമാർ, വിഷ്ണു ദത്ത് എസ് ജെ, ദുബൈ ലുലുവിലെ ജീവനക്കാരനായിരുന്ന രാഹുൽ സി പുത്തലത്ത്, പ്രവാസി മലയാളി കൃഷ്ണകുമാരൻ നായർ, ശബരിമല വിധിക്കെതിരായ നായർസമര കുലസ്ത്രീ മണിയമ്മ, കൊല്ലം തുളസി എന്നിവരാണ് ഇവർ.കത്വയിൽ ഹിന്ദുത്വ അക്രമികളാൽ ക്രൂരമായി കൂട്ടബലാത്സം​ഗം ചെയ്തു കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയെ പരിഹസിച്ചും ക്രൂരകൃത്യത്തെ പിന്തുണച്ചുമാണ് വിഷ്ണു നന്ദകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'ഇവളെ ഇപ്പോഴേ കൊന്നത് നന്നായി... അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ' എന്നായിരുന്നു വിഷ്ണു നന്ദകുമാര്‍ കമന്റിട്ടത്. ഇതോടെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തി. മാത്രമല്ല, ജോലിയിൽ നിന്നും ബാങ്ക് അധികൃതർ പിരിച്ചുവിടുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് മാപ്പപേക്ഷയുമായി ഇയാൾ രം​ഗത്തെത്തിയത്. മുതിർന്ന ആർഎസ്എസ് നേതാവ് ഇ എൻ നന്ദകുമാറിൻ്റെ മകൻ കൂടിയാണ് വിഷ്ണു നന്ദകുമാർ.


'റേപ്പ് ചെയ്ത് കൊന്നത് ശരിയായില്ല. വെടിവെച്ചു കൊല്ലണം. ഈ വിത്ത് വളര്‍ന്നു വലുതാവുമ്പോള്‍ ഇന്ത്യന്‍ ആര്‍മിക്കു നേരെ കല്ലെറിയാനുള്ള ട്രെയിനിംഗിനാകും ആദ്യം പോവുക' എന്നായിരുന്നു വിഷ്ണുദത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ട കമന്റ്. തുടർന്ന് സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ, വാര്‍ത്തയെ പറ്റി അറിയാതെയാണ് കമന്റ് ഇട്ടതെന്നും അതില്‍ താന്‍ ഖേദിക്കുന്നുവെന്നും പറഞ്ഞ് വിഷ്ണു ദത്ത് രം​ഗത്തെത്തുകയായിരുന്നു.നാട്ടിലെത്തിയാൽ മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്നും ഭാര്യയേയും മക്കളേയും ബലാത്സം​ഗം ചെയ്യുമെന്നുമായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണ കുമാരൻ നായരുടെ ഭീഷണി. സം​ഗതി കൈവിട്ടുപോയതോടെ അടുത്ത ദിവസം മാപ്പപേക്ഷയുമായി ഇയാൾ വീണ്ടും വീഡിയോയിൽ എത്തി. താൻ മദ്യലഹരിയിൽ പറഞ്ഞുപോയതാണെന്നായിരുന്നു ഇയാളുടെ ന്യായീകരണം. കോതമം​ഗലം നെല്ലിക്കുഴി സ്വദേശിയായ ഇയാൾക്കെതിരെ കൊച്ചി സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് കേരളത്തെയാകെ വിഴുങ്ങിയ പ്രളയകാലത്താണ് രാഹുൽ സി പുത്തലത്ത് അധിക്ഷേപ പരാമർശവുമായി രം​ഗത്തെത്തിയത്.ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകള്‍ എത്തിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പോസ്റ്റിനെ പരിഹസിച്ച് 'കുറച്ച് കോണ്ടം കൂടി ആയാലോ' എന്നായിരുന്നു ഇയാളുടെ കമന്റ്. ദുബൈ ലുലുവിലെ ജീവനക്കാരനായിരുന്ന ഇയാൾക്കെതിരെ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സ്ഥാപന അധികൃതർ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതോടെ വിഷയത്തിൽ മാപ്പപേക്ഷയുമായി ഇയാൾ ഫേസ്ബുക്കിലെത്തുകയായിരുന്നു. മദ്യലഹരിയില്‍ ചെയ്ത ഒരു കമന്റാണ് ഇതെന്ന പതിവ് പല്ലവിയാണ് ഇയാളും ആവർത്തിച്ചത്. ഒരിക്കലും തന്റെ ഭാഗത്തുനിന്നും ഇതുണ്ടാവാന്‍ പാടില്ലെന്നും പറഞ്ഞാണ് രാഹുല്‍ ഖേദം പ്രകടിപ്പിച്ചത്.തുടർന്ന്, കഴിഞ്ഞ ദിവസം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പത്തനംതിട്ടയിൽ നടന്ന വലതുപക്ഷ നായർ സമരത്തിനിടെയാണ് മണിയമ്മ മുഖ്യമന്ത്രിക്കെതിരെ ജാതിത്തെറി വിളിച്ചത്. 'ആ ചോക കൂതിമോന്റെ മോന്തയടിച്ചു പറിക്കണം' എന്നായിരുന്നു മണിയമ്മയുടെ പ്രതികരണം. സം​ഗതി വിവാദമാവുകയും എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി സുനിൽ കുമാർ നൽകിയ പരാതിയിൽ ആറന്മുള പൊലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് മണിയമ്മ മാപ്പപേക്ഷയുമായി എത്തിയത്. താൻ ഈഴവ സമുദായത്തെ കുറിച്ച് ഒന്നും ചിന്തിച്ചുകൊണ്ടല്ല പറഞ്ഞതെന്നും അയ്യപ്പനെ ഓർത്ത് അങ്ങ് പറഞ്ഞുപോയതാണെന്നുമാണ് മണിയമ്മ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയോട് മാപ്പ് ചോദിക്കാൻ മണിയമ്മ തയ്യാറായതുമില്ല.ഇതിനു പിന്നാലെയാണ്, കൊലവിളി പ്രസ​ഗവുമായി ബിജെപി നേതാവും നടനുമായ കൊല്ലം തുളസിയുടെ രം​ഗപ്രവേശം. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ വലിച്ചു കീറി ഒരുഭാഗം പിണറായി വിജയന്റെ മുറിയിലേക്ക് അയച്ചു കൊടുക്കണം എന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസം​ഗം. മാത്രമല്ല, സുപ്രിംകോടതി ജഡ്ജിമാര്‍ക്കു നേരെയും കൊല്ലം തുളസിയുടെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ''സുപ്രീംകോടതി ജഡ്ജിയുടെ മനസ് മാറാന്‍ ശബരിമലയില്‍ ഞാന്‍ 101 വെടിയാണ് നേര്‍ന്നത്'' എന്നു പറഞ്ഞ കൊല്ലം തുളസി, വിധി പറഞ്ഞ ന്യായാധിപരെ ശുംഭന്മാർ എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയും വിവിധ കോണുകളിൽ നിന്ന് വൻ വിമർശനവും പ്രതിഷേധവും ഉണ്ടായി. തുടർന്ന്,ഇതുമായി ബന്ധപ്പെട്ട പ്രതികരണം അറിയാൻ നാരദാ ന്യൂസ് ഫോണിൽ വിളിച്ചപ്പോഴാണ് കൊല്ലം തുളസി മാപ്പ് പറഞ്ഞത്. ഒരാവേശത്തിന് പറഞ്ഞു പോയതാണെന്നാണ് കൊല്ലം തുളസിയുടെ വാദം. ഇത്തരത്തിൽ ആദ്യം കൊലവിളിയും വിദ്വേഷ പരാമർശങ്ങളുമായി രം​ഗത്തെത്തുന്ന സംഘപരിവാർ പ്രവർത്തകർക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതാണ് വളമാകുന്നതെന്ന വിമർശനം ശക്തമാണ്.
Read More >>