തിരുവനന്തപുരം മൃഗശാലയില്‍ ഇനി വരയന്‍ കുതിരയില്ല; ഒറ്റയ്ക്കായിരുന്ന 'സീത' ഇനി ഓര്‍മ

2002 ഏപ്രില്‍ 20നാണ് സീതയെയും ഒരു ആണ്‍ സീബ്രയേയും ചെന്നൈയിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്നും തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. അന്ന് 10 വയസ്സുമാത്രമായിരുന്നു സീതയുടെ പ്രായം. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ആണ്‍ സീബ്ര ചത്തതോടെ സീത ഒറ്റയ്ക്കാവുകയായിരുന്നു. ഏകദേശം പത്തുവര്‍ഷത്തോളമായി സീത തനിച്ചാണ്. 25 വയസ്സാണ് സീബ്രകളുടെ ശരാശരി ആയുസ്സ്.

തിരുവനന്തപുരം മൃഗശാലയില്‍ ഇനി വരയന്‍ കുതിരയില്ല; ഒറ്റയ്ക്കായിരുന്ന സീത ഇനി ഓര്‍മ

തിരുവനന്തപുരം മൃഗശാലയിലെ ഏക സീബ്രയായ സീത ഇനി ഓര്‍മ. പ്രായാധിക്യം മൂലം മാസങ്ങളായി പ്രത്യേക പരിചരണത്തില്‍ കഴിയവെ ഇന്നു രാവിലെ 10നായിരുന്നു അന്ത്യം. 25 വയസ്സു പ്രായമായ സീതയെ ശാരീരിക അസ്വസ്ഥതകള്‍ കണക്കിലെടുത്ത് ഇക്കാലയളവില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലെ ഡോ. സ്വപ്‌ന സൂസണിന്റെ നേതൃത്വത്തില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകീട്ട് നാലോടെ മൃഗശാലാ വളപ്പില്‍ സംസ്‌കരിക്കുമെന്ന് മൃഗശാല സൂപ്രണ്ട് അനില്‍കുമാര്‍ നാരദ ന്യൂസിനോടു പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു മുമ്പുവരെ സീതയുടെ ഫോട്ടോ എടുക്കാനുള്ള സൗകര്യം മൃഗശാലാ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2002 ഏപ്രില്‍ 20നാണ് സീതയെയും ഒരു ആണ്‍ സീബ്രയേയും ചെന്നൈയിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്നും തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. അന്ന് 10 വയസ്സുമാത്രമായിരുന്നു സീതയുടെ പ്രായം. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ആണ്‍ സീബ്ര ചത്തതോടെ സീത ഒറ്റയ്ക്കാവുകയായിരുന്നു. ഏകദേശം പത്തുവര്‍ഷത്തോളമായി സീത തനിച്ചാണ്. 25 വയസ്സാണ് സീബ്രകളുടെ ശരാശരി ആയുസ്സ്.

അതേസമയം, സീതയുടെ അനാരോഗ്യം കണക്കിലെടുത്ത് പുതുതായി അഞ്ച് സീബ്രകളെ കൂടി ആഫ്രിക്കയില്‍ നിന്നും കൊണ്ടുവരാനുള്ള അപേക്ഷ ഒരുമാസം മുമ്പ് കേന്ദ്ര മൃഗശാലാ അതോറിറ്റിക്കു സമര്‍പ്പിച്ചുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. ഇതു കൂടാതെ രണ്ടു ജോഡി ജിറാഫ്, ഓരോ ജോഡി വീതം പെണ്‍സിംഹം, ജാഗ്വാര്‍, ഏഷ്യന്‍ സിംഹം, കഴുതപ്പുലി എന്നിവയെ കൂടി കൊണ്ടുവരാനുള്ള അപേക്ഷയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

ഈമാസം 24നു ചേരുന്ന കേന്ദ്ര മൃഗശാല അതോറിറ്റി ടെക്‌നിക്കല്‍ മീറ്റിങ്ങില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. അവിടുന്ന് അംഗീകാരം കിട്ടിയാല്‍ അത് സംസ്ഥാന സര്‍ക്കാരിനു കൈമാറും. സര്‍ക്കാരിന്റേയും അംഗീകാരം കിട്ടിയാലുടന്‍ ആഫ്രിക്കയില്‍ നിന്നും ഈ മൃഗങ്ങളെ കൊണ്ടുവരാമെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി.

ഹിമാലയന്‍ കരടിയും നാല് റെട്ടിക്കുലേഷന്‍ മലമ്പാമ്പും രണ്ടു ജോഡി വെള്ള മയിലുമാണ് മൃഗശാലയിലെ പുതിയ അഥിതികള്‍. ഒരുമാസം മുമ്പ് നാഗാലാന്‍ഡ് മൃഗശാലയില്‍ നിന്നാണ് ഹിമാലയന്‍ കരടിയെ കൊണ്ടുവന്നത്. മലമ്പാമ്പുകളേയും വെള്ള മയിലുകളേയും ചെന്നൈയിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്നുമാണ് എത്തിച്ചത്.

Read More >>