കുറ്റവാളികൾക്ക് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം; ശ്രീജിത്തിന് പിന്തുണയുമായി ടോവിനോ

സഹോദരനുവേണ്ടി യുവാവ് നിരാഹാര സമരം കിടക്കുമ്പോൾ അതിൽ നീതി ലഭിക്കാതിരിക്കുക എന്നത് 'ജസ്റ്റിസ് ഡിലേയ്‌ഡ്‌ ഈസ് ജസ്റ്റിസ് ഡിനൈഡ്' എന്ന് പറയുന്നതു പോലെയാണെന്നും ടോവിനോ പറഞ്ഞു.

കുറ്റവാളികൾക്ക് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം; ശ്രീജിത്തിന് പിന്തുണയുമായി ടോവിനോ

പൊലീസ് കസ്റ്റഡിയിൽ സഹോദരന്‍ ശ്രീജീവ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 765 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി ടോവിനോ തോമസ്. ഒട്ടും താരപദവി കാണിക്കാതെ ശ്രീജിത്തിന്റെ അരികിൽ ഇരിക്കുകയും സംസാരിക്കുകയും ചെയ്‌ത ടോവിനോയ്ക്കും ചിലത് പറയാനുണ്ടായിരുന്നു. സർക്കാരിനോട്, ജനങ്ങളോട്.

താനുൾപ്പെടുന്ന മലയാളി സമൂഹം കണ്ടില്ലെന്നു വച്ച കാര്യമായിരുന്നു ശ്രീജിത്തിന്റെ നിരാഹാര സമരം. ഇതിൽ ഫേസ്ബുക്കിൽ എന്തെങ്കിലും പോസ്റ്റിട്ട് മിണ്ടാതെ ഇരിക്കുന്നതിനു പകരം ശ്രീജിത്തിനെ നേരിട്ട് കാണുകയാണ് താൻ ചെയ്തതെന്ന് ടോവിനോ പറഞ്ഞു. എന്ത് സംസാരിച്ചാലും അതിനെ പൊളിറ്റിക്കലി മാറ്റാൻ സാധ്യതയുള്ളതുകൊണ്ട് തന്റെ രാഷ്ട്രീയവും തുറന്നു പറഞ്ഞിരിക്കുകയാണ് ടോവിനോ. ഹ്യൂമാനിറ്റിയാണ് തന്റെ പൊളിറ്റിക്‌സ്. താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും ഏതുപാർട്ടിയായാലും നല്ല കാര്യം ചെയ്‌താൽ നല്ലതാണെന്നും മോശം കാര്യം ചെയ്‌താൽ മോശമെന്ന് പറയാൻ സ്വാതന്ത്ര്യമുള്ള ആളാണ് താനെന്നും ടോവിനോ പറഞ്ഞു.

ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആളുകൾ എത്തുകയും പിന്തുണക്കുകയും ചെയ്യുന്നത് വളരെ പോസിറ്റീവ് ആയ കാര്യമാണെന്നും ടോവിനോ കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് കുറ്റവാളികൾ ആരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയും പ്രതികൾക്ക് ഇന്ത്യൻ ഭരണഘടനാ അനുശാസിക്കുന്ന, അവർ അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കുകയും വേണം എന്നുള്ളതാണ് ആഗ്രഹമെന്നും ടോവിനോ വ്യക്തമാക്കി.

സഹോദരനുവേണ്ടി യുവാവ് നിരാഹാര സമരം കിടക്കുമ്പോൾ അതിൽ നീതി ലഭിക്കാതിരിക്കുക എന്നത് വളരെ മോശപ്പെട്ട കാര്യമാണ്. അത് ജസ്റ്റിസ് ഡിലേയ്‌ഡ്‌ ഈസ് ജസ്റ്റിസ് ഡിനൈഡ് എന്ന് പറയുന്നതുപോലെയാണെന്നും ടോവിനോ പറഞ്ഞു. നാലഞ്ചു ദിവസങ്ങൾക്ക് മുമ്പാണ് ശ്രീജിത്തിനെക്കുറിച്ച് അറിയുന്നതെന്നും ശ്രീജിത്തിനെക്കുറിച്ച് അറിയാത്ത ആളുകൾ അറിയാൻ വേണ്ടിയാണ് താൻ ഇവിടെ വന്നതെന്നും ടോവിനോ കൂട്ടിച്ചേർത്തു. കൂടാതെ സഹോദരനുവേണ്ടി ശ്രീജിത്ത് നടത്തുന്ന സമരത്തിൽ വ്യക്തിപരമായി സന്തോഷമുണ്ട്. കാരണം താനും തന്റെ സഹോദരനും തമ്മിലുള്ള ബന്ധമാണെന്നും ടോവിനോ വ്യക്തമാക്കി.

സമാധാനപരമായി 765 ദിവസത്തിലധികം സമരം ചെയ്‌ത ശ്രീജിത്ത് ഒരു നല്ല മാതൃകയാണ്. ഇത്രയുംനാൾ സമരത്തിന് ഫലം കാണാത്ത സാഹചര്യത്തിൽ സമരത്തിനിടയ്ക്ക് എപ്പോൾ വേണമെങ്കിലും ശ്രീജിത്തിനു നിർത്തി പോകാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാതെ സഹോദരന്റെ നീതിക്കുവേണ്ടി സമരം തുടരുകയാണ് ശ്രീജിത്ത് ചെയ്തതെന്നും ടോവിനോ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ശ്രീജിത്തിന്റെ സമരത്തെക്കുറിച്ച് അറിയുകയും വളരെ ഗൗരവമായി അതിനെ കാണുകയും ചെയുന്നു. ഇതിനേക്കാൾ കൂടുതലായി സർക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് മികച്ച പിന്തുണ ഉണ്ടാകണമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ടോവിനോ കൂട്ടിച്ചേർത്തു.
Read More >>